യുഎഇ-യിലെ ഇന്ത്യയുടെ ആദ്യ അപ്‌സ്‌കില്ലിംഗ് സെന്ററിന് തുടക്കം
1 min readയുഎഇ: യുഎഇയിലെ ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്കായുള്ള ഇന്ത്യയുടെ ആദ്യത്തെ അപ്പ്‌സ്‌കില്ലിങ് ആന്‍ഡ് ട്രെയിനിങ് സെന്റര്‍, ദുബായ് ജബല്‍ അലിയിലെ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളില്‍ (ഡിപിഎസ്), വിദേശകാര്യസഹമന്ത്രിയും പാര്‍ലിമെന്ററി വകുപ്പ് മന്ത്രിയുമായ വി മുരളീധരന്‍, ബുധനാഴ്ച ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ നിന്നും ജപ്പാനിലേക്ക് സവിശേഷ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ വരവ് പ്രോല്‍സാഹിപ്പിക്കുന്നതിന്, ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന ശൃംഗളയും ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡര്‍ സതോഷി സുസുക്കിയും കഴിഞ്ഞയാഴ്ച ഒപ്പു വച്ച പുതിയ ഉടമ്പടിക്ക് അനുബന്ധമായ നടപടിയാണ് ഇത്.
സ്‌കൂള്‍ പരിസരത്ത് അടിസ്ഥാന അറബിക്, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനത്തിനും നല്‍കുന്ന ക്ലാസുകളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. വിദേശത്തെ ബ്ലൂ കോളര്‍ തൊഴിലാളികള്‍ അയക്കുന്ന പണം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ സംഭാവന നല്‍കുന്നതായി ഇന്ത്യന്‍ ഭരണകൂടം കണക്കാക്കുന്നുവെന്ന് തൊഴിലാളികളുമായുള്ള സംവാദത്തില്‍ മന്ത്രി അറിയിച്ചു.
കോവിഡിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ക്കുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് താന്‍ ബോധവാനാണെന്നും പ്രവാസികളെ തിരികെ കൊണ്ട് വരാന്‍ സഹായകമായ പദ്ധതികള്‍ രൂപപ്പെടുത്താന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.