അതൃപ്തി പുകയുന്ന കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥിപട്ടിക
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി രണ്ടുദിവസത്തിനുശേഷവും അതൃപ്തി പുകയുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എംപിയുമായ കെ സുധാകരനാണ് പരസ്യമായി കഴിഞ്ഞദിവസം അതൃപ്തി പ്രകടിപ്പിച്ചത്. ‘പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡിനെ സംസ്ഥാന നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചതായി എനിക്ക് തോന്നുന്നു. ഇതിനുത്തരവാദികള്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരാണ്.’ കണ്ണൂര്‍ ലോക്സഭാ അംഗം സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡ് പിന്തുണയുടെ പേരില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥികളെ കബളിപ്പിച്ചതായും സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍ പ്രാദേശിക നേതൃത്വത്തെയും ജില്ലാ കമ്മിറ്റിയെയും വിശ്വാസത്തിലെടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. 140 അംഗ കേരള നിയമസഭയില്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനെ (യുഡിഎഫ്) നയിക്കുന്ന കോണ്‍ഗ്രസ് 92 സീറ്റുകളിലാണ് മത്സരിക്കുന്നത്. ബാക്കിയുള്ളവ സഖ്യകക്ഷികള്‍ക്ക് വിട്ടുകൊടുത്തു.
കഴിഞ്ഞദിവസം കേരളത്തിലെ കോണ്‍ഗ്രസ് വനിതാ വിഭാഗത്തിന്‍റെ പ്രസിഡന്‍റ് ലതിക സുഭാഷ് പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജിവച്ച് സ്വന്തം ജില്ലയിലെ ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടായ അപാകതകള്‍ മൂലമാണ് സംഭവിച്ചത്. ഞായറാഴ്ച, ഡെല്‍ഹിയില്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച ശേഷം, അവര്‍ പ്രതിഷേധസൂചകമായി തലമുണ്ഡനം ചെയ്തിരുന്നു.
അതേസമയം 60ശതമാനം സ്ഥാനാര്‍്ത്ഥികളും പുതു മുഖങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.’ഇത്തരമൊരു കാര്യം മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല. എന്തുകൊണ്ടാണ് സുധാകരന്‍ ഇങ്ങനെ പറയുന്നത് എന്ന് ശരിക്കും അറിയില്ല. അദ്ദേഹം ഒരു മുതിര്‍ന്ന നേതാവാണ്, അദ്ദേഹത്തോട് ഞങ്ങള്‍ക്ക് വലിയ ബഹുമാനമാണ്’ ചെന്നിത്തല പറഞ്ഞു