September 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘സാധാരണക്കാരന്‍’ പട്ടം എടപ്പാടിക്കു തുണയാകുമോ?

1 min read

ചെന്നൈ: സാധാരണക്കാരല്ല, മറിച്ച് താരപ്രചാരകരാണ് തമിഴ്നാട് രാഷ്ട്രീയത്തില്‍ ദീര്‍ഘകാലമായി ആധിപത്യം പുലര്‍ത്തുന്നത്. പ്രത്യേകിച്ചും ദ്രാവിഡ മുന്നേറ്റ കഴകം അല്ലെങ്കില്‍ ഡിഎംകെ 1967 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍.അണ്ണാദുരൈ മുഖ്യമന്ത്രി ആയ കാലം മുതല്‍ എം കരുണാനിധി, എം ജി രാമചന്ദ്രനും ജെ ജയലളിതയും എല്ലാം തമിഴകത്ത് തരംഗം ഉയര്‍ത്തിവന്നു. ഇപ്പോള്‍ ഡിഎംകെയെ നയിക്കുന്നത് കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിനാണ്. അദ്ദേഹം അന്നും ഇന്നും ഒരു സാധാരണ നേതാവല്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ പ്രായോഗിക പരിചയം കുറവാണ്. ഇക്കുറി അധികാരം നേടുന്നതിന് വിട്ടുവീഴ്ച പാടില്ലെന്ന കാഴ്ചപ്പാടില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചേര്‍ന്നാണ് പാര്‍ട്ടിയുടെ പ്രചാരണങ്ങള്‍ അവര്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റാലിന്‍ തമിഴ്നാടിന്‍റെ രക്ഷകനായി പ്രചാരണങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നു. പാര്‍ട്ടിയുടെ പ്രചാരണത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പ്രശാന്ത് കിഷോര്‍ അവതരിപ്പിച്ചുണ്ട്. തെരഞ്ഞെടുപ്പില്‍ മറ്റൊരു രാഷ്ട്രീയ മുന്നണിക്ക് നേതൃത്വം നല്‍കുന്നത് നടനും രാഷ്ട്രീയക്കാരനുമായ കമല്‍ ഹാസനാണ്.

എന്നാല്‍ മറ്റ് പാര്‍ട്ടികളില്‍നിന്നും വ്യത്യസ്തമായി അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (എഐഎഡിഎംകെ) പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന വ്യക്തി താരപരിവേഷമില്ലാത്ത സാധാരണ നേതാവാണ്. 2017 ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയായ എടപ്പാടി കെ പളനിസ്വാമി അദ്ദേഹത്തെ മണ്ണിന്‍റെ മകനായാണ് അവതരിപ്പിക്കുന്നത്. അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.

സ്വയം പ്രൊജക്റ്റ് ചെയ്യുന്നതിനും കാണികളെ ആകര്‍ഷിക്കുന്നതിനും ആവശ്യമായ വൈഭവമോ, പ്രസംഗ ചാതുരിയോ തനിക്കില്ലെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. എന്നാല്‍ സാധാരണക്കാരനായ ഒരാള്‍ മുഖ്യമന്ത്രിയുടെ പദവിയില്‍ ഇരിക്കുന്നത് തമിഴ് ജനത ആഗ്രഹിക്കുമോ എന്നത് തെരഞ്ഞെടുപ്പിനുശേഷമേ അറിയാനാകു. അദ്ദേഹം മുഖ്യമന്ത്രിയാകുന്നത് തികച്ചും അപ്രതീക്ഷിതവും നാടകീയവുമായ സാഹചര്യങ്ങളില്‍ ആണ്. അല്ലാതെ എടപ്പാടിയെ കേന്ദ്രീകരിച്ചായിരുന്നില്ല കഴിഞ്ഞ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് ജയലളിതയാണ് പാര്‍ട്ടിയെ നയിച്ചത്. ഇന്ന് സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ജയലളിത കാലയവനികക്കുള്ളില്‍ മറഞ്ഞു. കരുണാനിധിയും ഓര്‍മയായി. ഇവിടെ താരമായത് സ്റ്റാലിനാണ്. അത് ജനം സ്വീകരിക്കുമോ എന്നതാണ് അറിയാനുള്ളത്.

എടപ്പാടി മുഖ്യമന്ത്രി ആയതിനുശേഷം സര്‍ക്കാര്‍ അപകടത്തിലാണെന്നും നിലം പതിക്കുമെന്നും അഭിപ്രായം ഉയരാത്ത നാളുകള്‍ ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി, തമിഴ്നാട്ടിലെ “ആകസ്മിക” മുഖ്യമന്ത്രിയായിരുന്ന പളനിസ്വാമി തന്‍റെ എതിരാളികളെ പരാജയപ്പെടുത്തി മുന്നേറി. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സഹജാവബോധത്തിനും കഴിവിനുമുള്ള ഒരു സാക്ഷ്യമാണ് സര്‍ക്കാര്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. . സര്‍ക്കാരിലുള്ള തന്‍റെ പിടി അദ്ദേഹം ശക്തിപ്പെടുത്തി, പാര്‍ട്ടിയില്‍ തന്‍റെ സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു, തന്‍റെ മുന്‍ഗാമിയും എതിരാളിയുമായ ഒ. പന്നീര്‍സെല്‍വവുമായി യോജിച്ചു. ഇരുവരും ചേര്‍ന്ന് ഇപ്പോള്‍ ഒരു ഐക്യമുന്നണി രൂപീകരിച്ചു. ഭാരതീയ ജനതാ പാര്‍ട്ടിയുമായി (ബിജെപി)സഖ്യ ചര്‍ച്ച ചെയ്യുന്നതില്‍ അദ്ദേഹം സമര്‍ത്ഥനാണെന്ന് തെളിയിച്ചിട്ടുണ്ട്. ദേശീയ പാര്‍ട്ടിക്ക് തന്‍റെ പാര്‍ട്ടി വളരെയധികം സീറ്റുകള്‍ നല്‍കിയിട്ടില്ലെന്ന് ഉറപ്പുവരുത്തി. സംസ്ഥാനത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ ശക്തമായ സാന്നിധ്യമുള്ള പട്ടാളി മക്കള്‍ കച്ചിയെ (പിഎംകെ) സഖ്യത്തില്‍ എത്തിക്കുന്നതിന് വേണ്ടത് എടപ്പാടി ചെയ്തു. സഖ്യത്തിന് നേതൃത്വം നല്‍കുന്നത് എഐഎഡിഎംകെയാണെന്നും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തു.

എന്നിരുന്നാലും, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണത്തെ പളനിസ്വാമി അഭിമുഖീകരിക്കും. 1970 കളുടെ തുടക്കത്തില്‍ അദ്ദേഹം എഐഎഡിഎംകെയില്‍ ഒരു സന്നദ്ധപ്രവര്‍ത്തകനായാണ് ചേര്‍ന്നത്. അഭിപ്രായ വോട്ടെടുപ്പുകളില്‍ രണ്ടുതവണ തുടര്‍ച്ചയായി അധികാരത്തിലെത്തിയ എഐഎഡിഎംകെ പരാജയപ്പെടുമെന്ന വ്യക്തമായ ചിത്രമാണ് തെളിയുന്നത്. ഡിഎംകെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അവ പ്രവചിക്കുന്നു. ഇനി ഈ കുറഞ്ഞ സമയത്തിനുള്ളില്‍ എടപ്പാടിക്ക് എന്തുചെയ്യാനാകും എന്നതാണ് ഇനി കണ്ടറിയേണ്ടത്. കര്‍ഷകര്‍ക്ക് വേണ്ടതും വ്യവസായ ഉന്നമനത്തിന് നിക്ഷേപം തേടിയും പളനിസ്വാമി നടപടികള്‍ സ്വീകരിച്ചു. ഇത് സാധാരണക്കാര്‍ക്ക് അദ്ദേഹത്തില്‍ വിശ്വാസമുണ്ടാക്കുന്നതിന് സഹായിച്ചിട്ടുണ്ട്.

പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ക്കായി അദ്ദേഹം ബ്യൂറോക്രാറ്റുകളെ തെരഞ്ഞെടുത്തശേഷം അവര്‍ക്ക് ചുമതലകള്‍ നിറവേറ്റാനുള്ള സ്വാതന്ത്ര്യം നല്‍കി. പളനിസ്വാമി പ്രശ്നങ്ങള്‍ മനസിലാക്കുകയും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.വ്യവസായികള്‍ക്കും പൊതുജനങ്ങള്‍ക്കും തന്‍ അപ്രാപ്യനല്ലെന്ന് മുഖ്യമന്ത്രി തെളിയിച്ചു.ഇത് ജയലളിതയുടെ പ്രവര്‍ത്തനരീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ലോക്കഡൗണ്‍ കാലഘട്ടത്തില്‍പ്പോലും തമിഴ്നാട് നിക്ഷേപം ആകര്‍ഷിക്കുന്നത് തുടര്‍ന്നിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന ഇരുചക്ര വാഹന നിര്‍മാണ പ്ലാന്‍റ് അവിടെ സ്ഥാപിതമാകുകയാണ്.

ജയലളിതയില്‍ നിന്ന് വ്യത്യസ്തമായി, പളനിസ്വാമി കേന്ദ്രവുമായി നല്ല ബന്ധം പുലര്‍ത്തിയിട്ടുണ്ട്. ഡിഎംകെ അദ്ദേഹത്തെയും സര്‍ക്കാരിനെയും സംസ്ഥാന താല്‍പ്പര്യങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാരിന് പണയംവച്ചതായി ആരോപിച്ചു. പളനിസ്വാമി പ്രധാനമന്ത്രി മോദിയുടെ ദാസനാണെന്ന് ഡിഎംകെ നിരന്തരം വിമര്‍ശിച്ചിരുന്നു. എന്നാല്‍ അവയോട് പ്രതികരിക്കാന്‍പോലും എടപ്പാടി സമയം ചെലവവിച്ചില്ല. കാര്യങ്ങള്‍ നിയന്ത്രണാതീതമാണെന്ന് തോന്നുന്ന ഒരു കാലമുണ്ടായിരുന്നുവെങ്കിലും പളനിസ്വാമി സര്‍ക്കാര്‍ കോവിഡ് -19 നന്നായി കൈകാര്യം ചെയ്തിട്ടുള്ളതും അദ്ദേഹത്തിനു നേട്ടമാകും. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെക്ക് 40.8 ശതമാനം വോട്ടുകള്‍ ലഭിച്ചു, 135 സീറ്റുകള്‍ നേടി. ഇത്തവണയും സഖ്യങ്ങളും ജാതി ഗണിതശാസ്ത്രവും ഉപയോഗിച്ച് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു.

 

Maintained By : Studio3