ശക്തമായ തിരിച്ചുവരവ്; യുഎഇയിലെ കരീം 200 ജീവനക്കാരെ പുതിയതായി നിയമിച്ചു
1 min read2021 അവസാനത്തോടെ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും പൂര്‍ണരായും മുക്തരാകാന്‍ കഴിയുമെന്നാണ് കരീമിന്റെ പ്രതീക്ഷ
ദുബായ്: യൂബറിന്റെ ഉടമസ്ഥതയിലുള്ള ദുബായ് ആസ്ഥാനമായ ഓണ്‍ലൈന്‍ ടാക്‌സി ബുക്കിംഗ് ആപ്പായ കരീം കഴിഞ്ഞ വര്‍ഷം 200 ജീവനക്കാരെ പുതിയതായി നിയമിച്ചു. കോവിഡ്-19 പകര്‍ച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക ആഘാതത്തില്‍ നിന്നും കര കയറിത്തുടങ്ങിയ സാഹചര്യത്തിലാണ് കമ്പനി പുതിയ നിയമനങ്ങള്‍ നടത്തിയത്.
പകര്‍ച്ചവ്യാധി പാരമ്യത്തിലെത്തിയ സാഹചര്യത്തില്‍, ടാക്‌സി സേവനങ്ങള്‍ക്ക് പ്രസിദ്ധരായ കരീം റൈഡുകളില്‍ 80 ശതമാനം ഇടിവ് നേരിടുന്നതായി വെളിപ്പെടുത്തിയിരുന്നു. പകര്‍ച്ചവ്യാധി മൂലമുള്ള പ്രതിസന്ധിയുടെ ഭാഗമായി 536 ജീവനക്കാരെ പിരിച്ചുവിട്ടതായും പ്രതിസന്ധിയില്‍ നിന്നും എപ്പോള്‍ കര കയറാന്‍ കഴിയുമെന്ന് അറിയില്ലെന്നും കഴിഞ്ഞ വര്‍ഷം മെയില്‍ കമ്പനി വ്യക്തമാക്കി. 31 ശതമാനം ജീവനക്കാരുമായാണ് പിന്നീട് കമ്പനി പ്രവര്‍ത്തിച്ചത്. എന്നാല്‍ കേവലം ടാക്‌സി ബുക്കിംഗ് ആപ്പില്‍ നിന്നും സൂപ്പര്‍ ആപ്പായി കഴിഞ്ഞ വര്‍ഷം രൂപമാറ്റം നടത്തിയ കരീം ടാക്‌സി സേവനങ്ങള്‍ക്ക് പുറമേ പലചരക്ക് സാധനങ്ങളുടെ ഡെലിവറി, കൊറിയര്‍ സേവനങ്ങള്‍, പണമിടപാട് സേവനങ്ങള്‍ അടക്കമുള്ള പുതിയ സേവനങ്ങള്‍ ആരംഭിച്ചു. തുടര്‍ന്നാണ് കമ്പനി പുതിയ നിയമനങ്ങള്‍ നടത്തിത്തുടങ്ങിയത്.
സൂപ്പര്‍ ആപ്പായി പരിണമിച്ചതിന് ശേഷം ഉദ്യോഗസ്ഥബലം വര്‍ധിപ്പിക്കുന്നതിനായി കമ്പനി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയതായി കരീം എച്ച്ആര്‍ വിഭാഹം സീനിയര്‍ വൈസ് പ്രസിഡന്റ് റൂത് ഫ്‌ളെച്ചര്‍ പറഞ്ഞു. എഞ്ചിനീയറിംഗ്, ഡാറ്റ, എഐ, ഫിന്‍ടെക്, പ്രോഡക്ട് തുടങ്ങി പ്രധാനമായും സാങ്കേതികരംഗത്താണ് കരീം കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. സൂപ്പര്‍ ആപ്പ് യാത്ര ആരംഭിച്ചതിന് ശേഷം കൂടുതല്‍ നിയമനങ്ങള്‍ അനിവാര്യമായി വരുന്നതായും റൂത് വ്യക്തമാക്കി. നിലവില്‍ 1,400 ജീവനക്കാരാണ് കരീമിനുള്ളത്. കഴിഞ്ഞ വര്‍ഷം മെയ്ക്ക് ശേഷം 200 പുതിയ ജീവനക്കാര്‍ കമ്പനിയിലെത്തി. എന്നിരുന്നാലും പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള 1,700 ജീവനക്കാരിലേക്ക് തിരി്ച്ചുപോകുന്നതിനായി ഇനിയും കുറച്ച് ദൂരം കൂടി പോകേണ്ടതുണ്ടെന്ന് കരീം വക്താവ് അറിയിച്ചു.
സൂപ്പര്‍ ആപ്പിന്റെ വികസനവും വിപുലീകരണവും വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥരുടെ ആവശ്യകത വര്‍ധിപ്പി്ച്ചതായി കരീം സിഇഒയും സഹസ്ഥാപകനുമായ മുദസ്സിര്‍ ഷേഖ പറഞ്ഞു. ടാക്‌സി സേവന ബിസിനസ്സില്‍ നിന്നും സൂപ്പര്‍ ആപ്പായുള്ള പരിണാമം, സാങ്കേതികപരമായ പരിണാമം കൂടിയായിരുന്നുവെന്ന് ശേഖ പറഞ്ഞു. ആ പരിണാമത്തിന്റെ പ്രാരംഭദശയിലാണ് ഇപ്പോഴും കമ്പനിയുള്ളതെന്നും ബിസിനസ്സിന്റെ ചില മേഖലകളില്‍ ഇപ്പോഴും നിയമനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഷേഖ കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധി മൂലമുള്ള തിരിച്ചടികള്‍ക്ക് ശേഷം ചില മേഖലകളില്‍ ശക്തമായ വളര്‍ച്ച പ്രകടമായിത്തുടങ്ങിയതായി ഫെബ്രുവരിയില്‍ ഒരു അറബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷേഖ പറഞ്ഞിരുന്നു. 2021 അവസാനത്തോടെ പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും പൂര്‍ണ്ണമായി തിരിച്ചുവരാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അന്ന് അദ്ദേഹം പറഞ്ഞു. ആ പ്രതിസന്ധിയുടെ ആഴങ്ങളില്‍ നിന്നും ശക്തമായ തിരിച്ച് വരവ് നടത്താന്‍ കമ്പനിക്ക് കഴിഞ്ഞു. യാത്രാ സേവനങ്ങളില്‍ 10 മടങ്ങ് വര്‍ധനവും പകര്‍ച്ചവ്യാധി കാര്യമായി ഡെലിവറി ബിസിനസില്‍ നാല് മടങ്ങ് വര്‍ധനയും ഉണ്ടായി. ഏറ്റവുമൊടുവില്‍ കമ്പനി അവതരിപ്പിച്ച കരീം പേ ബിസിനസില്‍ പോലും രണ്ടിരട്ടി വളര്‍ച്ചയുണ്ടായി.
2012 ജൂലൈയിലാണ് ദുബായ് ആസ്ഥാനമായി കരീം പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് പശ്ചിമേഷ്യയിലെ 13 രാജ്യങ്ങളിലെ നൂറോളം നഗരങ്ങളിലേക്ക് കരീം പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 2019 മാര്‍ച്ചിലാണ് അന്താരാഷ്ട്ര എതിരാളിയായ യൂബര്‍ 3.1 ബില്യണ്‍ ഡോളറിന് കരീമിനെ ഏറ്റെടുത്തത്.