വിന്നര്‍ എഡിഷനില്‍ ടിവിഎസ് എക്‌സ്എല്‍ 100
ഡെല്‍ഹി എക്‌സ് ഷോറൂം വില 49,599 രൂപ
ന്യൂഡെല്‍ഹി: ടിവിഎസ് എക്‌സ്എല്‍ 100 മോപെഡിന്റെ ‘വിന്നര്‍ എഡിഷന്‍’ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 49,599 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. എക്‌സ്എല്‍100 ഐടച്ച് സ്‌പെഷല്‍ എഡിഷനേക്കാള്‍ 400 രൂപയോളം കൂടുതലാണ് പുതിയ പ്രത്യേക പതിപ്പിന് വില. പുതിയ പ്രീമിയം ‘ഡിലൈറ്റ് ബ്ലൂ’ പെയിന്റ് സ്‌കീമിലാണ് പുതിയ പതിപ്പ് വരുന്നത്. പ്രത്യേക ബോഡി ഗ്രാഫിക്‌സ് കൂടി നല്‍കി.
ക്രോം ഫിനിഷ് ലഭിച്ച റിയര്‍വ്യൂ കണ്ണാടികള്‍, എക്‌സോസ്റ്റിന് കവര്‍, കറുപ്പിന് പകരം ഇളംതവിട്ടു നിറത്തില്‍ പ്ലാസ്റ്റിക് പാനലുകള്‍, ഇളംതവിട്ടു നിറത്തിലും ബ്രൗണ്‍ നിറത്തിലുമായി ഡുവല്‍ ടോണ്‍ സീറ്റ് കവറുകള്‍, സീറ്റുകളില്‍ ക്വില്‍റ്റഡ് തുന്നലുകള്‍, പ്ലാസ്റ്റിക് പാനലിനു പകരം മെറ്റല്‍ പ്ലേറ്റ് ലഭിച്ച ഫ്‌ളോര്‍ബോര്‍ഡ് എന്നിവ സവിശേഷതകളാണ്. ക്രോം ഫിനിഷ് ലഭിച്ച വയര്‍ സ്‌പോക്ക് ചക്രങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുന്നു.
ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഇരുചക്രവാഹനങ്ങളിലൊന്നാണ് ടിവിഎസ് എക്‌സ്എല്‍100. മോപെഡിന് കരുത്തേകുന്നത് 99.7 സിസി, 4 സ്‌ട്രോക്ക്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 4.3 ബിഎച്ച്പി കരുത്തും 3,500 ആര്‍പിഎമ്മില്‍ 6.5 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. ബിഎസ് 6 എന്‍ജിന്‍ നല്‍കിയതോടെ ഇന്ധനക്ഷമത 15 ശതമാനം വര്‍ധിച്ചു. കൂടാതെ പിക്കപ്പ് ഇപ്പോള്‍ മുമ്പത്തേക്കാള്‍ മികച്ചതാണ്.
മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നത്. മുന്‍, പിന്‍ ചക്രങ്ങളില്‍ 110 എംഎം ഡ്രം ബ്രേക്കുകള്‍ നല്‍കി. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, വണ്‍ ടച്ച് സ്റ്റാര്‍ട്ട് സിസ്റ്റം, മൊബീല്‍ ചാര്‍ജിംഗ് ഉള്‍പ്പെടെ ഫീച്ചറുകളാണ്. ഏറ്റവുമധികം വിറ്റുപോകുന്ന ടിവിഎസ് ഉല്‍പ്പന്നങ്ങളിലൊന്നാണ് ടിവിഎസ് എക്‌സ്എല്‍100. സെഗ്മെന്റില്‍ നേരിട്ടൊരു എതിരാളിയില്ല.