ട്രയംഫ് സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍എസ് ഇന്ത്യയില്‍
എക്‌സ് ഷോറൂം വില 16.95 ലക്ഷം രൂപ
ട്രയംഫ് സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 16.95 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ട്രയംഫ് സ്പീഡ് ട്രിപ്പിള്‍ 1050 മോട്ടോര്‍സൈക്കിളിന് പകരമായി ജനുവരി 26 നാണ് ഓള്‍ ന്യൂ മോഡലായ സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍എസ് ആഗോള അരങ്ങേറ്റം നടത്തിയത്. സഫയര്‍ ബ്ലാക്ക്, മാറ്റ് സില്‍വര്‍ ഐസ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.
കൂടുതല്‍ ശേഷിയുള്ള 1160 സിസി എന്‍ജിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 178 ബിഎച്ച്പി കരുത്ത് പുറപ്പെടുവിക്കും. മുന്‍ മോഡലിനേക്കാള്‍ 30 ബിഎച്ച്പി കൂടുതല്‍. പരമാവധി ടോര്‍ക്ക് 125 ന്യൂട്ടണ്‍ മീറ്ററാണ്. അല്‍പ്പം വര്‍ധിച്ചു. ഇപ്പോള്‍ 650 ആര്‍പിഎം കൂടുതലാണ്. പുതുതായി സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച്, ബൈഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കി. ശേഷി വര്‍ധിച്ചപ്പോഴും 1050 സിസി എന്‍ജിനേക്കാള്‍ പുതിയ മോട്ടോറിന് ഏഴ് കിലോഗ്രാം ഭാരം കുറവാണ്. മാത്രമല്ല, മോട്ടോര്‍സൈക്കിളിന്റെ ആകെ ഭാരം പത്ത് കിലോഗ്രാം കുറച്ചു. ഇതോടെ എക്കാലത്തെയും ഏറ്റവും ഭാരം കുറഞ്ഞ ട്രയംഫ് സ്പീഡ് ട്രിപ്പിളാണ് സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍എസ്.
പുതുതായി ഭാരം കുറഞ്ഞ ഷാസി, കൂടുതല്‍ അഗ്രസീവ് റൈഡിംഗ് എര്‍ഗണോമിക്‌സ് എന്നിവ സ്പീഡ് ട്രിപ്പിള്‍ 1200 ആര്‍എസ് മോട്ടോര്‍സൈക്കിളിന് ലഭിച്ചു. ആര്‍എസ് മോട്ടോര്‍സൈക്കിള്‍ ആയതിനാല്‍ ട്രാക്കുകളില്‍ ഉപയോഗിക്കാന്‍ കഴിയും. മുന്നില്‍ പൂര്‍ണമായും ക്രമീകരിക്കാവുന്ന ഒഹ്ലിന്‍സ് 43 എംഎം നിക്‌സ്30 യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ ഒഹ്ലിന്‍സ് ടിടിഎക്‌സ്36 മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. ടോപ് സ്‌പെക് ബ്രെംബോ സ്‌റ്റൈല്‍മ കാലിപറുകളാണ് മുന്നില്‍ നല്‍കിയത്. മെറ്റ്‌സെലര്‍ റേസ്‌ടെക് ആര്‍ആര്‍ ടയറുകള്‍ ഉപയോഗിക്കുന്നു.
കോര്‍ണറിംഗ് എബിഎസ്, സ്വിച്ചബിള്‍ കോര്‍ണറിംഗ് ട്രാക്ഷന്‍ കണ്‍ട്രോള്‍, അഞ്ച് റൈഡിംഗ് മോഡുകള്‍ (റെയ്ന്‍, റോഡ്, സ്‌പോര്‍ട്ട്, ട്രാക്ക്, റൈഡര്‍ കോണ്‍ഫിഗറബിള്‍), ക്രൂസ് കണ്‍ട്രോള്‍, വീലീ കണ്‍ട്രോള്‍ എന്നിവ ഇലക്ട്രോണിക് ഫീച്ചറുകളാണ്. ബ്ലൂടൂത്ത് ബന്ധിത 5 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍ (രണ്ട് വ്യത്യസ്ത തീമുകള്‍ സഹിതം), പൂര്‍ണ കീലെസ് സംവിധാനം എന്നിവ ഫീച്ചറുകളാണ്. ട്രയംഫ് മോഡലുകളുടെ സവിശേഷതയായ ‘ഗോപ്രോ’ കണക്റ്റിവിറ്റി നല്‍കി.
കൂടുതല്‍ അഗ്രസീവ് ലുക്ക് ലഭിക്കുംവിധം മോട്ടോര്‍സൈക്കിളിന്റെ സ്‌റ്റൈലിംഗ് പരിഷ്‌കരിച്ചു. ഹെഡ്‌ലാംപ് യൂണിറ്റുകള്‍ ഇപ്പോള്‍ മുമ്പോട്ട് ഉന്തിനില്‍ക്കുന്നതും അഗ്രസീവുമാണ്. മാത്രമല്ല, പൂര്‍ണമായും എല്‍ഇഡി ലൈറ്റിംഗ് നല്‍കി. പുതിയ ചക്രങ്ങള്‍, ഒരു വശത്തായി എക്‌സോസ്റ്റ് എന്നിവ കാണാം. മുന്‍ മോഡലില്‍ സീറ്റിനുതാഴെയാണ് എക്‌സോസ്റ്റ് പൈപ്പുകള്‍ ഉണ്ടായിരുന്നത്.