Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ട്രിമ 2022 ‘വിഷന്‍ ട്രിവാന്‍ഡ്രം 2025’ ചർച്ചകൾക്ക് വേദിയാകും

1 min read

തിരുവനന്തപുരം: ജൂണ്‍ 10 മുതല്‍ ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്‍ (ടിഎംഎ) സംഘടിപ്പിക്കുന്ന ട്രിമ 2022 ദ്വിദിന വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷനില്‍ വ്യവസായ-മാനേജ്മെന്‍റ് തലവന്‍മാരും വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരും കാഴ്ചപ്പാടുകള്‍ പങ്കിടും. തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ രണ്ട് ദിവസങ്ങളിലായി നാല് സാങ്കേതിക സെഷനുകള്‍ ഉണ്ടായിരിക്കും. പ്രമേയാധിഷ്ഠിത സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങളും കേരളത്തില്‍ അവലംബിക്കാവുന്ന മികച്ച മാതൃകകളും പങ്കുവയ്ക്കും. അവതരണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, പുരസ്കാര വിതരണം എന്നിവയ്ക്കും ‘വിഷന്‍ ട്രിവാന്‍ഡ്രം 2025’ എന്ന പ്രമേയത്തില്‍ നടക്കുന്ന ട്രിമ 2022 വേദിയാകും.

ഉദ്ഘാടന സമ്മേളനത്തില്‍ ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയിലെ മികച്ച സംഭാവനകള്‍ക്കും ഭാവിപദ്ധതികളില്‍ പുതിയ ചലനാത്മകത പകര്‍ന്നു നല്‍കിയതിനും ടിഎംഎ ഏര്‍പ്പെടുത്തിയ മാനേജ്മെന്‍റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് 2022 ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥിന് സമ്മാനിക്കും. വി.എസ്.എസ്.സി ഡയറക്ടര്‍ എസ്.ഉണ്ണികൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും.

സ്റ്റാര്‍ട്ടപ്പ് ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള മികച്ച സംഭാവനകള്‍ക്ക് എല്‍വിക്ടോ ടെക്നോളജീസിന് ടിഎംഎ-അദാനി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് നല്‍കും. തിരുവനന്തപുരം മിഷന്‍ 2030 നെക്കുറിച്ചുള്ള മികച്ച പേപ്പര്‍ അവതരണത്തിനുള്ള ടിഎംഎ-കിംസ് അവാര്‍ഡിന് അര്‍ഹനായ സിഇടി സ്കൂള്‍ ഓഫ് മാനേജ്മെന്‍റിലെ അതിരജ് ജെആര്‍ നായര്‍, രണ്ടാം സ്ഥാനം നേടിയ ഡിസി സ്കൂള്‍ ഓഫ് മാനേജ്മെന്‍റിലെ ആകാശ് എസ്, അജീഷ് വി.എസ്, സിഇടി സ്കൂള്‍ ഓഫ് മാനേജ്മെന്‍റിലെ ഉത്തര നായര്‍, രാഹുല്‍ എ. എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കും.

  നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഗതാഗത മന്ത്രി ആന്‍റണി രാജു, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍, പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ ജൂണ്‍ 11 ന് നടക്കുന്ന ട്രിമ 2022 ന്‍റെ സമര്‍പ്പണ സെഷനില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കിടും. ആള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് സി.കെ രംഗനാഥന്‍ വിശിഷ്ടാതിഥിയായിരിക്കും.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം ട്രിമ 2022 ന്‍റെ ആദ്യ സാങ്കേതിക സെമിനാര്‍ ‘സുസ്ഥിര വികസനം’ എന്ന വിഷയത്തില്‍ സംസ്ഥാന ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗം ജി.വിജയരാഘവന്‍ മോഡറേറ്ററായിരിക്കും. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സിഎസ്ആര്‍ മേധാവി അനില്‍ ബാലകൃഷ്ണന്‍, എംഎസ്എംഇ മന്ത്രാലയത്തിലെ എയ്ഡഡ് മിഷന്‍സ് ചീഫ്-എക്സ്റ്റേണലി ഡോ. വിനീത ഹരിഹരന്‍, എജി ആന്‍റ് പി പ്രഥം വൈസ് പ്രസിഡന്‍റും റീജിയണല്‍ ഹെഡുമായ രഞ്ജിത്ത് രാമകൃഷ്ണന്‍ എന്നിവരാണ് മറ്റ് പാനലിസ്റ്റുകള്‍.

  ഗോദാവരി ബയോറിഫൈനറീസ് ലിമിറ്റഡ് ഐപിഒ

രണ്ടാം ദിനത്തില്‍ ‘മാനവ മൂലധനം’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മുന്‍ ഇന്ത്യന്‍ അംബാസഡറും ഐഎഇഎയുടെ ഇന്ത്യ ഗവര്‍ണറുമായ ഡോ. ടി.പി ശ്രീനിവാസന്‍ മോഡറേറ്ററാകും. ചെമ്മണൂര്‍ അക്കാദമി മാനേജിങ് ഡയറക്ടര്‍ അനിഷാ ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യന്‍ നേവി മുന്‍ വൈസ് അഡ്മിറലും എല്‍ ആന്‍റ് ടി ഷിപ്പ് ബില്‍ഡിംഗ് ലിമിറ്റഡിന്‍റെ മുന്‍ സിഇഒയും എംഡിയുമായ ബി. കണ്ണന്‍, സ്കില്‍ ഫാവ്സ് ഡയറക്ടര്‍ (പ്രൊഡക്ട്സ്, റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ്) ഡോ ടി.പി. സേതുമാധവന്‍, എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.രാജശ്രീ എം.എസ്, ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ എന്നിവര്‍ പങ്കെടുക്കും.

‘തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും’ എന്ന വിഷയത്തിലുള്ള സെമിനാറില്‍ പാലിയം ഇന്ത്യ സിഇഒയും ഗ്വാളിയോര്‍ സ്മാര്‍ട്ട് സിറ്റി ഡെവലപ്മെന്‍റ് കോര്‍പ്പറേഷനിലെ മുന്‍ ഇന്‍ഡിപെന്‍ഡന്‍റ് ഡയറക്ടറുമായ രാജ് കാലടി മുഖ്യ പ്രഭാഷകനായിരിക്കും. അദാനി ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട് ചീഫ് എയര്‍പോര്‍ട്ട് ഓഫീസറും അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് ഓപ്പറേഷന്‍സ് ജോയിന്‍റ് പ്രസിഡന്‍റുമായ പ്രഭാത് കുമാര്‍ മഹാപത്ര, നാറ്റ്പാക് ഡയറക്ടര്‍ ഡോ.സാംസണ്‍ മാത്യു, കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.അജിത്കുമാര്‍, കിറ്റ്കോ മാനേജിംഗ് ഡയറക്ടര്‍ ഡബ്ല്യു.ആര്‍.ഹരിനാരായണരാജ് എന്നിവരാണ് പാനലിസ്റ്റുമാര്‍. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.ബാലകൃഷ്ണന്‍ മോഡറേറ്ററാകും.

  സോമിത് ഗോയല്‍ ഐബിഎസിന്‍റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ

‘ഇന്നവേഷന്‍ ആന്‍റ് എന്‍റര്‍പ്രണര്‍ഷിപ്പ്’ എന്ന വിഷയത്തില്‍ നടക്കുന്ന അവസാന സെമിനാര്‍ സെഷനില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ് മുഖ്യ പ്രഭാഷകനും ഏണസ്റ്റ് ആന്‍റ് യംഗ് ഗ്ലോബല്‍ ലിമിറ്റഡ് അസോസിയേറ്റ് പാര്‍ട്ണര്‍ രാജേഷ് നായര്‍ മോഡറേറ്ററുമായിരിക്കും. ടേണ്‍സ്റ്റോണ്‍ ഹോസ്പിറ്റാലിറ്റി എല്‍എല്‍പിയുടെ സ്ഥാപകനും സിഇഒയും ഹോസ്പിറ്റാലിറ്റി വിദഗ്ധനും കണ്‍സള്‍ട്ടന്‍റുമായ പി.കെ മോഹന്‍കുമാര്‍, നിസാന്‍ ഡിജിറ്റല്‍ ഇന്ത്യ മേധാവി (ഡിവിഷണല്‍ ജനറല്‍ മാനേജര്‍) രമേഷ് മിറാജെ, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ മൂര്‍ത്തി ചഗന്തി എന്നിവര്‍ പങ്കെടുക്കും.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ട്രിമ 2022 ല്‍ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യാന്‍ 7907933518 / 9447714672 നമ്പറുകളില്‍ ബന്ധപ്പെടുക. ഇമെയില്‍: tmatvmkerala@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://tmakerala.com/trima-2022/trima-2022.html.

വ്യവസായ പ്രമുഖര്‍, നയകര്‍ത്താക്കള്‍, പ്രൊഫഷണലുകള്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ഇരുന്നൂറിലധികം പ്രതിനിധികള്‍ ദ്വിദിന കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ന്യൂഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍റെ അംഗീകാരമുള്ള പ്രമുഖ മാനേജ്മെന്‍റ് അസോസിയേഷനാണ് ടിഎംഎ.

Maintained By : Studio3