December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഡിസംബര്‍ റിപ്പോര്‍ട്ട് : വ്യാപാരക്കമ്മി രണ്ടു വര്‍ഷത്തെ ഉയര്‍ച്ചയില്‍

1 min read
  • കയറ്റുമതി രണ്ട് മാസങ്ങള്‍ക്ക് ശേഷം ഉയര്‍ന്നു
  • സ്വര്‍ണ ഇറക്കുമതിയില്‍ 81.8% വര്‍ധന

എണ്ണ ഇതര- സ്വർണ ഇതര ഇറക്കുമതി 7.99% ഉയർന്നു. ആഭ്യന്തര ആവശ്യകതയിലെ വളര്‍ച്ച വ്യക്തമാക്കുന്നതാണ് ഇത്.

ന്യൂഡെല്‍ഹി: രാജ്യത്തിന്‍റെ വ്യാപാരക്കമ്മി ഡിസംബറില്‍ 25 മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി.  ഇന്ത്യയുടെ കയറ്റുമതി രണ്ടുമാസത്തിനുശേഷം വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയെങ്കിലും എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ, പ്രത്യേകിച്ചും സ്വർണത്തിന്‍റെ ഇറക്കുമതിയിൽ ഉണ്ടായ വലിയ വര്‍ധനയാണ് വ്യാപാരക്കമ്മി ഉയര്‍ത്തിയത്. ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഇലക്‌ട്രോണിക്‌സ്, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ മുന്നേറ്റത്തിന്‍റെ ഫലമായി മൊത്തം കയറ്റുമതി 0.14 ശതമാനം വർധിച്ച് 27.15 ബില്യൺ ഡോളറിലെത്തി. ഈ മാസം ആദ്യം പുറത്തുവിട്ട പ്രാഥമിക ഡാറ്റ പ്രകാരം 0.8 ശതമാനം ഇടിവുണ്ടായെന്നാണ് കണക്കാക്കിയിരുന്നത്.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

ഡിസംബറില്‍ മൊത്തം ഇറക്കുമതി 7.56 ശതമാനം ഉയർന്ന്‌ 42.59 ബില്യൺ ഡോളറിലെത്തി. സ്വർണ്ണ ഇറക്കുമതി 81.8 ശതമാനം ഉയർന്ന് 4.4 ബില്യൺ ഡോളറിലെത്തി. ഇത് 2019 മെയ് മുതലുള്ള ഏറ്റവും ഉയർന്ന ഇറക്കുമതിയാണിത്. വ്യാപാരക്കമ്മി നവംബറിലെ 9.87 ബില്യൺ ഡോളറിൽ നിന്ന് ഡിസംബറിൽ 15.44 ബില്യൺ ഡോളറായി ഉയർന്നു.

30 പ്രധാന ഉൽ‌പ്പന്ന വിഭാഗങ്ങളിൽ 20 എണ്ണത്തിന്‍റെ കയറ്റുമതി ഡിസംബറില്‍ വളര്‍ച്ച പ്രകടമാക്കിയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. എണ്ണ ഇതര വിഭാഗങ്ങളിലെ കയറ്റുമതി വളര്‍ച്ച 5.6 ശതമാനത്തിലേക്ക് ഉയർന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിലും ഇടിവ് രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണിത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഈ വിഭാഗത്തിലെ കയറ്റുമതി 200.8 ബില്യൺ ഡോളറാണ്. ഇരുമ്പയിര്, ഇലക്ട്രോണിക് വസ്തുക്കൾ, മരുന്നുകൾ, ഫാർമ എന്നിവയാണ് എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നത്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

ഈ സാമ്പത്തിക വർഷം ഇന്ത്യ 285-290 ബില്യൺ ഡോളറിന്‍റെ കയറ്റുമതി നടത്തുമെന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് പ്രതീക്ഷിക്കുന്നത്. 2019-20ല്‍ രേഖപ്പെടുത്തിയ 314.31 ബില്യൺ ഡോളറിന്‍റെ കയറ്റുമതിയേക്കാള്‍ കുറവാണിത്.

2020 ഡിസംബറിൽ എണ്ണ ഇറക്കുമതി 10.61 ശതമാനം ഇടിഞ്ഞ് 9.58 ബില്യൺ ഡോളറിലെത്തി. എന്നിരുന്നാലും, എണ്ണ ഇതര- സ്വർണ ഇതര ഇറക്കുമതി 7.99% ഉയർന്നു. ആഭ്യന്തര ആവശ്യകതയിലെ വളര്‍ച്ച വ്യക്തമാക്കുന്നതാണ് ഇത്. ഡാറ്റ പ്രകാരം, 2020-21 ഏപ്രിൽ-ഡിസംബർ കാലയളവിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി (ചരക്കുകളും സേവനങ്ങളും ഉള്‍പ്പടെ) 348.49 ബില്യൺ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 12.65 ശതമാനം ഇടിവ്. അതേസമയം ഇറക്കുമതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 25.86 ശതമാനം ഇടിഞ്ഞ് 343.27 ബില്യണ്‍ ഡോളറായെന്നാണ് കണക്കാക്കുന്നത്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3