September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടൊവിനോയുടെ ബ്ലോക്ക്ബസ്റ്റര്‍ കള ആമസോണ്‍ പ്രൈം വീഡിയോയില്‍

1 min read
ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെ മലയാളത്തില്‍ സ്ട്രീം ചെയ്തു തുടങ്ങിയ ചിത്രം താമസിയാതെ തമിഴ്, തെലുങ്ക് ഓഡിയോകള്‍ക്കൊപ്പവും ലഭ്യമാകും
കൊച്ചി: ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ മലയാള ഹിറ്റ് ചിത്രം കള പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോയിലുമെത്തി. രോഹിത് വി എസ്, യദു പുഷ്പാകരന്‍ എന്നിവര്‍ രചിച്ച് രോഹിത് സംവിധാനം ചെയ്യുന്ന ഈ സൈക്കോളജിക്കല്‍ ത്രില്ലറില്‍ ഷാജി എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. മെയ് 20 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെ എത്തിയ കള താമസിയാതെ തന്നെ തമിഴ്, തെലുങ്ക് ഓഡിയോകള്‍ക്കൊപ്പവും ലഭ്യമാകും.

കേരളത്തിനു പുറമെ തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളില്‍ ടൊവിനോയ്ക്കുള്ള ജനപ്രിയത കണക്കിലെടുത്താണ് ഈ നീക്കം. ടൊവിനോ ഉള്‍പ്പെടെയുള്ളവരുടെ മികച്ച പെര്‍ഫോമന്‍സും ചിത്രത്തിന്റെ ത്രില്ലിംഗ് സ്വഭാവവും മികച്ച ടേക്കിംഗും ചേര്‍ന്ന് നേടിയ പോസ്റ്റീവ് റിവ്യൂകളുടെ പിന്‍ബലത്തോടെയാണ് കള മുന്നേറുന്നത്. കള പോലുള്ള സിനിമകള്‍ ഒരു നടനെ സംബന്ധിച്ചിടത്തോളം നിരന്തരം നവീകരിക്കാനും പ്രകടന നിലവാരം ഉയര്‍ത്താനും പ്രേരിപ്പിക്കുന്നതാണെന്നും അതുകൊണ്ടു തന്നെ പരമാവധി ആളുകള്‍ കള കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും ടോവിനോ തോമസ് പറഞ്ഞു. ആമസോണ്‍ പ്രൈം വീഡിയോ ഈ കഥയില്‍ വിശ്വാസം പ്രകടിപ്പിച്ചതില്‍ സന്തോഷമുണ്ട്. കള കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താന്‍ ഇത് സഹായിക്കും.

ഒരു സാധാരണ കഥയില്‍ നിന്ന് വ്യത്യസ്തമായി, വളരെ തീവ്രമായ ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള തീവ്രമായ കാഴ്ചാനുഭവം സമ്മാനിക്കുന്ന സിനിമയാണ് കളയെന്ന് ചിത്രത്തിന്റെ സഹതിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ രോഹിത് വി എസ് പറഞ്ഞു. ചിത്രം തീരും വരെ പ്രേക്ഷകരെ അവരുടെ ഇരിപ്പിടങ്ങളില്‍ത്തന്നെ ഇരുത്താനും ചിത്രം തീര്‍ന്നാലും അവരുടെ ചിന്തയില്‍ തുടരാനും കളയ്ക്ക് സാധിക്കുമെന്നതാണ് ഞങ്ങളുടെ വാഗ്ദാനം. ‘ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്തു തുടങ്ങിയെന്നതും അഭിമാനകരമാണ്. ഞങ്ങളുടെ കഥ ലോകത്തെല്ലായിടത്തുമെത്താന്‍ ഇതിലൂടെ സാധിക്കും,’ രോഹിത് പറഞ്ഞു.

മനുഷ്യമനസ്സിന്റെ അടിത്തിട്ടിലുള്ള ഇരുണ്ടഗുഹകളിലേയ്ക്ക് ഊളിയിട്ടു ചെന്ന് ഞെട്ടിയ്ക്കുന്ന കള ഒടുവില്‍ പുതിയതും പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ലാത്തതുമായ തിരിച്ചറിവുകളാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. ലളിതമായ കുടുംബജീവിതം നയിക്കുന്ന ഷാജിയുടെ (ടൊവിനോ തോമസ്) ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങള്‍ അയാളുടെ മറ്റൊരു വശം വെളിപ്പെടുത്തുന്നു. അതു പിന്നെ മനുഷ്യപ്രകൃതത്തില്‍ നിന്ന് മൃഗങ്ങളോടുള്ള സ്‌നേഹത്തിലേക്കും മൃഗങ്ങളോടും മനുഷ്യരോടുമുള്ള ക്രൂരതയിലേക്കും നീങ്ങുന്നതാണ് പിന്നെ നമ്മള്‍ കാണുന്നത്. നന്മയും തിന്മയും എന്താണെന്നുള്ള ആ വലിയ ചോദ്യത്തിന് ഉത്തരം തേടാന്‍ ഇത് കാഴ്ചക്കാരനെ വെല്ലുവിളിക്കുന്നു.

മലയാളം ബ്ലോക്ക് ബസ്റ്ററുകളുള്‍പ്പെടെ ആയിരക്കണക്കിന് സിനിമകളും ടിവി ഷോകളും ഒറിജിനല്‍ സീരിസുകളും ലഭ്യമായ പ്രൈം വീഡിയോ ഇന്ത്യയില്‍ പ്രൈം മെംബേഴ്‌സിന് പ്രതിവര്‍ഷം 999 രൂപയ്ക്കും പ്രതിമാസം 129 രൂപയ്ക്കും ലഭ്യമാണ്. 30 ദിവസത്തെ സൗജന്യ ട്രയലിന് www.amazon.in/prime സന്ദര്‍ശിക്കുക.

Maintained By : Studio3