Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കേരളത്തിന് റെക്കോര്‍ഡ് നേട്ടം

1 min read

തിരുവനന്തപുരം: ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ എത്താന്‍ കേരളത്തിനായെന്നും ഈ വര്‍ഷത്തെ ആദ്യ മൂന്നു പാദത്തില്‍ 1,33,80,000 ആഭ്യന്തര സഞ്ചാരികള്‍ എത്തിയതെന്നും ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒമ്പതു മാസത്തെ ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ മുന്‍വര്‍ഷങ്ങളിലെ മൂന്ന് പാദത്തേക്കാളും വര്‍ധനവുണ്ട്. കോവിഡിന് മുന്‍കാലത്തേക്കാള്‍ 1.49 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്താല്‍ 196 ശതമാനം മുന്നില്‍. കോവിഡാനന്തര ടൂറിസത്തില്‍ കേരളം വലിയ കുതിപ്പ് നടത്തുന്ന ഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു.

വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കോവിഡ് കാലത്തിനേക്കാള്‍ വളര്‍ച്ച നേടാനായി. ഈ വര്‍ഷം ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ 600 ശതമാനം മുന്നേറ്റമാണ് ഉണ്ടായത്. കോവിഡിനു ശേഷം ലോകത്തെ ടൂറിസം മേഖല പൂര്‍ണമായും തുറക്കുമ്പോള്‍ വിദേശ സഞ്ചാരികളുടെ വരവില്‍ വലിയ വര്‍ധന പ്രതീക്ഷിക്കുന്നു.

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട സംസ്ഥാന ജിഡിപി റിപ്പോര്‍ട്ടില്‍ കേരളത്തിന്‍റെ സാമ്പത്തികവളര്‍ച്ച 12.07 ശതമാനമാണ്. ഇത് ദേശീയ ശരാശരിക്ക് മുകളിലാണ്. കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ കുതിപ്പിനിടയാക്കിയ ഒരു ഘടകം ടൂറിസം മേഖലയാണ്. 120 ശതമാനം വളര്‍ച്ചയാണ് ടൂറിസം മേഖല കൈവരിച്ചിരിക്കുന്നത്.

  നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഓരോ സമയത്തിനനുസരിച്ചും വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിലൂടെയാണ് കൂടുതല്‍ നേട്ടം കേരളത്തിന് കൈവരിക്കാനാകുന്നത്. കോവിഡ് സമയത്ത് ആരംഭിച്ച കാരവന്‍ കേരള അത്തരമൊരു പദ്ധതിയായിരുന്നു. ഇത് വിദേശ ടൂറിസ്റ്റുകളെയടക്കം ആകര്‍ഷിക്കുന്ന പദ്ധതിയാണ്. കാരവന്‍ ടൂറിസം ശക്തിപ്പെടുത്തുന്നതിനായി ബോള്‍ഗാട്ടിയിലും കുമരകത്തും കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

ടൈം മാഗസിന്‍ ലോകത്ത് കണ്ടിരിക്കേണ്ട അമ്പത് പ്രദേശങ്ങളെ അടയാളപ്പെടുത്തിയപ്പോള്‍ അതില്‍ കേരളത്തെ ഉള്‍പ്പെടുത്തിയത് കേരള ടൂറിസത്തിന് നേട്ടമായി. കാരവാന്‍ ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികളെ ടൈം മാഗസിന്‍ എടുത്തുപറഞ്ഞു. അടുത്തിടെ ലണ്ടനില്‍ നടന്ന ലോക ടൂറിസം മാര്‍ക്കറ്റില്‍ കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം പദ്ധതി അംഗീകരിക്കപ്പെട്ടു. സ്ട്രീറ്റ് പദ്ധതിയിലെ വാട്ടര്‍ സ്ട്രീറ്റാണ് ലണ്ടനില്‍ അവാര്‍ഡിന് അര്‍ഹമായത്. ജലാശയങ്ങളെ വീണ്ടെടുത്ത് സംരക്ഷിച്ച് അവയെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയ പദ്ധതിയാണ് വാട്ടര്‍സട്രീറ്റ്. കോട്ടയം ജില്ലയിലെ മറവന്തുരുത്തിലാണിത്. ലോക ടൂറിസം മാര്‍ട്ടില്‍ കേരള പവലിയന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ട്രാവല്‍ പ്ലസ് ലിഷര്‍ മാഗസിന്‍റെ വായനക്കാര്‍ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തത് കേരളത്തെയാണ്. കോവിഡാനന്തരം കേരള ടൂറിസം പൂര്‍ണസജ്ജമാണ് എന്ന സന്ദേശം ലോകത്തിന് നല്‍കാന്‍ ഈ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്താനായിട്ടുണ്ട്. വരുംവര്‍ഷങ്ങളില്‍ ഇതിന്‍റെ ഗുണം പ്രതീക്ഷിക്കാമെന്ന് മന്ത്രി പറഞ്ഞു.

  ഇന്‍ഡെല്‍ മണി: ലാഭം 55.75 കോടി, മൊത്ത വരുമാനം 289 കോടി രൂപ

ഇനിയും കൂടുതല്‍ ആഭ്യന്തരസഞ്ചാരികള്‍ എത്തുമെന്നാണ് ടൂറിസം വകുപ്പ് കണക്കുകൂട്ടുന്നത്. അതിനനുസൃതമായ പ്രചാരണങ്ങള്‍ ഇപ്പോള്‍ നടത്തുകയാണ്. ഡിസംബറില്‍ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ നടക്കാനിരിക്കുന്നത് ടൂറിസത്തിന് കൂടുതല്‍ വളര്‍ച്ചയേകും. ഓണാഘോഷം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ തിരിച്ചുവരവും ഈ സീസണില്‍ സഞ്ചാരികള്‍ക്ക് ആവേശം നല്‍കും. പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുകയും പുതിയ സര്‍ക്യൂട്ടുകളിലേക്ക് കടക്കുകയും ചെയ്തത് കേരളത്തിനാകെ ഗുണകരമായി. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും ടൂറിസം മേഖലയിലെ ഇടപെടലുകള്‍ സഹായിക്കും.

ജില്ലാടിസ്ഥാനത്തില്‍ എറണാകുളത്താണ് ഈ വര്‍ഷം കൂടുതല്‍ സഞ്ചാരികള്‍ എത്തിയത്, 28,93,961 പേര്‍. തിരുവനന്തപുരം (21,46,969), ഇടുക്കി (17,85,276), തൃശൂര്‍ (15,07511), വയനാട് (10,93,175) ജില്ലകളാണ് തൊട്ടു പിറകെ. ഇടുക്കി (47.55 %), വയനാട് (34.57%), പത്തനംതിട്ട (47.69%) ജില്ലകളാണ് ശ്രദ്ധേയ മുന്നേറ്റം സാധ്യമാക്കിയത്. തമിഴ്നാട് (11,60,336), കര്‍ണാടക (7,67,262), മഹാരാഷ്ട്ര (3,82,957), ആന്ധ്രാപ്രദേശ് (1,95,594), ഡല്‍ഹി (1,40,471) എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികള്‍ കേരളത്തിലെത്തിയത്.

  മഹാരാഷ്ട്രയിലെ വാധ്വനിൽ ഗ്രീൻഫീൽഡ് ഡീപ്ഡ്രാഫ്റ്റ് മേജർ തുറമുഖം

ആഭ്യന്തരസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണം ശക്തമായി സംഘടിപ്പിച്ചത് കേരളത്തിന് ഗുണകരമായി. കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അവിടത്തെ പ്രാദേശിക ഭാഷകളില്‍ പ്രചരണം നടത്തി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കല്‍, കേരളത്തിലെ ഒരു ജില്ലയില്‍ നിന്നും മറ്റു ജില്ലയിലേക്കുള്ള സഞ്ചാരികളുടെ യാത്ര, ഒരു ജില്ലയിലെ തന്നെ തന്നെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്ര എന്നിങ്ങനെ മൂന്നു തരത്തില്‍ ആഭ്യന്തര ടൂറിസത്തെ മെച്ചപ്പെടുത്താന്‍ ശ്രമിച്ചു. മലയാളി ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. മലയാളികള്‍ തന്നെയാണ് ആഭ്യന്തര ടൂറിസത്തിന് ഇത്തവണ വലിയ സംഭാവന നല്‍കിയത്.

തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പുതിയ ടൂറിസം ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായി 2023 ല്‍ പുതിയ 100 ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ബേപ്പൂരില്‍ തുടക്കമിട്ട കടല്‍പ്പാലം മറ്റ് എട്ട് ജില്ലകളിലേക്കും വ്യാപിപ്പിക്കും. നിലവിലുള്ള ടൂറിസം പ്രോപ്പര്‍ട്ടിയും ഹോസ്പിറ്റാലിറ്റി മേഖലയും ടൂറിസം മേഖലയിലെ താമസസൗകര്യവും മെച്ചപ്പെടുത്താനുള്ള നടപടിയെടുക്കും. മലയോര മേഖലയില്‍ ഹൈക്കിംഗിന് ടെക്നോളജിയുടെ സഹായം ലഭ്യമാക്കുന്ന പദ്ധതിയും ബീച്ച് സ്പോര്‍ട്സിന് മുന്‍തൂക്കം നല്‍കിയുള്ള പദ്ധതികളും നടപ്പാക്കും. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ നവീകരണം കാലതാമസമില്ലാതെ പ്രാവര്‍ത്തികമാക്കുന്ന നടപടിളെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3