വാട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി ടെലഗ്രാമിലേക്ക് മാറ്റാം
വ്യക്തികള്‍ തമ്മിലുള്ള ചാറ്റുകളും വിവിധ ഗ്രൂപ്പുകളിലെ ചാറ്റുകളും ടെലഗ്രാമിലേക്ക് ‘ഇറക്കുമതി’ ചെയ്യാന്‍ കഴിയും. ഫോട്ടോകളും വീഡിയോ കോളുകളും ടെലഗ്രാമിലേക്ക് മാറ്റാം
ദുബായ്: വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള മെസേജിംഗ് ആപ്പുകളിലെ ചാറ്റ് ഹിസ്റ്ററി തങ്ങളുടെ ആപ്പിലേക്ക് ഇംപോര്‍ട്ട് ചെയ്യാമെന്ന് ടെലഗ്രാം ഔദ്യോഗികമായി അറിയിച്ചു. വ്യക്തികള്‍ തമ്മിലുള്ള ചാറ്റുകളും വിവിധ ഗ്രൂപ്പുകളിലെ ചാറ്റുകളും ടെലഗ്രാമിലേക്ക് ‘ഇറക്കുമതി’ ചെയ്യാന്‍ കഴിയും. ഫോട്ടോകളും വീഡിയോ കോളുകളും ടെലഗ്രാമിലേക്ക് മാറ്റാം.
സന്ദേശങ്ങള്‍ ഇംപോര്‍ട്ട് ചെയ്യുമ്പോഴും നേരത്തെ അയച്ച / ലഭിച്ച സന്ദേശങ്ങളുടെ തീയതിയിലും സമയത്തിലും മാറ്റം വരില്ലെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മറ്റ് ആപ്പുകള്‍ എല്ലാ ഡാറ്റയും സ്വന്തം ഡിവൈസില്‍ ശേഖരിക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ആവശ്യമായ സമയങ്ങളില്‍ നിങ്ങളുടെ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും ലഭ്യമാക്കുകയാണ് ചെയ്യുന്നതെന്ന് ടെലഗ്രാം വ്യക്തമാക്കി.
പുതിയ അപ്‌ഡേറ്റ് കഴിഞ്ഞതോടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം ലഭിക്കുമെന്നും രഹസ്യ ചാറ്റുകള്‍, സൃഷ്ടിച്ച ഗ്രൂപ്പുകള്‍, കോള്‍ ഹിസ്റ്ററി എന്നിവ ഇപ്പോള്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും ഏതു സമയവും ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്നും കമ്പനി വ്യക്തമാക്കി.
വാട്‌സ്ആപ്പിന്റെ പുതിയ സേവന വ്യവസ്ഥകളും സ്വകാര്യതാ നയവും വിവാദമായതിനെതുടര്‍ന്ന് പുതുതായി നിരവധി പേരാണ് ടെലഗ്രാമിലേക്ക് ചുവടുമാറിയത്. 600 മില്യണ്‍ ഉപയോക്താക്കളെന്ന നേട്ടം ടെലഗ്രാം ഈയിടെ കൈവരിച്ചിരുന്നു. ജനുവരിയില്‍ മാത്രം ടെലഗ്രാമിന് നൂറ് മില്യണ്‍ ഉപയോക്താക്കളെ ലഭിച്ചു.