ഫിസാറ്റില്‍ ‘ഐസ്‌ഫോസ് 21’ ദേശീയ സമ്മേളനത്തിന് തുടക്കമായി
കൊച്ചി: സാങ്കേതിക സാധ്യതകളുടെ നൂതന ആശയങ്ങള്‍ വിളിച്ചറിയിക്കുന്ന ‘ഐസ്‌ഫോസ്21’ അങ്കമാലി ഫിസാറ്റില്‍ ആരംഭിച്ചു. ദേശീയതലത്തില്‍ ഏറെ ശ്രദ്ധ നേടിയ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഒരുക്കുന്ന നിരവധി അവസരങ്ങള്‍ പൊതുസമൂഹത്തോട് വിളിച്ചറിയിക്കുന്ന ഒന്‍പതാമത് ദേശീയ സമ്മേളനത്തിനാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഫിസാറ്റ് വേദിയാകുന്നത്.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ വൈസ് ചാന്‍സലറുമായ ഡോ രാജന്‍ ഗുരുക്കള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് ആര്‍ അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വര്‍ക് ഷോപ്പുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കും പൊതു സമൂഹത്തിനും ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയര്‍ സാങ്കേതികവിദ്യ പകര്‍ന്നുനല്‍കുന്ന സാധ്യതകളാണ് ദേശീയ സെമിനാറില്‍ അവതരിപ്പിക്കുന്നത്. മെഷീന്‍ ലേണിംഗ് ഗെയിം ജാം പോലുള്ള സാങ്കേതിക വിഷയങ്ങള്‍ ദേശീയ സമ്മേളനത്തില്‍ ചര്‍ച്ചയാകും. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഫിസാറ്റ് ഫ്രീ സോഫ്റ്റ്‌വെയര്‍ സെല്ലാണ് നേതൃത്വം നല്‍കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനായി വെബ് പോര്‍ട്ടല്‍ ഒരുക്കിയ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് നിഹാലിനെയും പി റിഷാദിനെയും അനുമോദിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ദേശീയ സമ്മേളനം ഇന്ന് സമാപിക്കും. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ ജോര്‍ജ് ഐസക്, വൈസ് പ്രിന്‍സിപ്പല്‍ ഡോ സി ഷീല, ഡീന്‍ ഡോ സണ്ണി കുര്യാക്കോസ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ ജെ സി പ്രസാദ്, ഐസ്‌ഫോസ് കോ ഓര്‍ഡിനേറ്റര്‍ മെറിന്‍ ചെറിയാന്‍ തുടങ്ങിവര്‍ സംസാരിച്ചു.