മൂന്നാം മുന്നണി ചര്‍ച്ചകള്‍ സജീവം : മോദിയെ മറികടക്കാന്‍ ആദ്യം വേണ്ടത് ആശയമല്ല; ഒരു മുഖമാണ്
1 min readമുഖമില്ലാതെ, കൈകളുടെമാത്രം ഒരു സംയുക്ത ഷോ എവിടെയും വിജയിക്കില്ല
ന്യൂഡെല്‍ഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി വിരുദ്ധ ‘മൂന്നാം മുന്നണി’ സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രാധാന്യമേറുകയാണ്. പ്രത്യേകിച്ചും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മേധാവി ശരദ് പവാര്‍ വോട്ടെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മൂന്നാം മുന്നണി ചര്‍ച്ചകള്‍ സജീവമാകുന്നു. പക്ഷേ, സാധ്യതയുള്ള മൂന്നാം മുന്നണിയുടെ ഏതെങ്കിലും ആശയം വിജയിക്കാനോ ഫലപ്രദമാകാനോ സാധ്യതയില്ലാത്തതാണ്. അവരുടെ ആശയങ്ങളെയും കാഴ്ചപ്പാടുകളെയും കുറിച്ചുള്ള വീക്ഷണത്തില്‍ പിഴവുകളുണ്ട്. അല്ലെങ്കില്‍ യോജിക്കാത്തവയാണ്. ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്‍റെ ഭാരതീയ ജനതാ പാര്‍ട്ടിയെയും ഫലപ്രദമായി ഏറ്റെടുക്കാനും പരാജയപ്പെടുത്താനും ഇന്ത്യയിലെ പ്രതിപക്ഷത്തിന് ശക്തനായ ഒരു നേതാവാണ് വേണ്ടത്. ഒരു ആശയമോ പ്രത്യയശാസ്ത്രമോ ഇന്ധനമാക്കിയ മൂന്നാമത്തെയോ ബദല്‍ മുന്നണിയുടെയോ കാലഹരണപ്പെട്ട ആശയമല്ല. മുഖമില്ലാതെ, കൈകളുടെമാത്രമായ ഒരു സംയുക്ത ഷോ എവിടെയും വിജയിക്കില്ല.
മൂന്നാം മുന്നണി നിരവധി കാരണങ്ങളാല്‍ ഒരു മോശം ചട്ടക്കൂടാണ് എന്ന് പറയേണ്ടിവരും. അതിന്‍റെ കാതലിലുള്ള അവ്യക്തമായ മോദി വിരുദ്ധ വികാരമാണ് ഒരു കാരണം. രണ്ടാമത് അവര്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് മുന്നണി രൂപീകരിക്കുന്നത്.
ഒരു അഖിലേന്ത്യാതലത്തിലുള്ള ഒരു പാര്‍ട്ടിയെയാണ് അവര്‍ അതുവഴി ഒഴിവാക്കുന്നത്. കോണ്‍ഗ്രസിനെ ഒഴിവാക്കുന്നത് പ്രായോഗികമല്ലെന്ന വസ്തുത അവര്‍ മറക്കുന്നു. മൂന്നാമത് അവര്‍ വോട്ടര്‍മാരില്‍നിന്ന് അകന്നു പോകുന്നു എന്നതാണ്. കാരണം പാര്‍ട്ടികളുടെ സ്ഥിരത നഷ്ടപ്പെടുന്നു.
മൂന്നാം മുന്നണിയുടെ ആശയത്തിലെ ഏറ്റവും വലിയ പോരായ്മ, അത് ശുദ്ധമായ മോദി വിരുദ്ധതയെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ്. ആര് മുന്നണിക്ക് നേതൃത്വം നല്‍കും എന്നതിനെക്കുറിച്ച് ഒരു കാഴ്ചപ്പാടോ സമവായമോ ഇല്ല. മോദിയുടെ പരാജയങ്ങള്‍ – 2020 ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്, 2021 പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് എന്നിങ്ങനെയുള്ള പ്രധാന ഉദാഹരണങ്ങള്‍ പരിശോധിക്കുക. രണ്ടിലും മോദി-അമിത് ഷാ തന്ത്രത്തെ തോല്‍പ്പിക്കാന്‍ അവിടെ ശക്തരായ ബഹുജന നേതാക്കളുണ്ടായിരുന്നു.ജനപ്രിയ മുഖങ്ങളായ അരവിന്ദ് കെജ്രിവാളും മമത ബാനര്‍ജിയും അവിടെ ബിജെപിക്കെതിരായി പ്രചാരണം നയിച്ചു. അരവിന്ദ് കെജ്രിവാള്‍, തനതായ രാഷ്ട്രീയ ബ്രാന്‍ഡായ ഡെല്‍ഹി തന്നോടൊപ്പം ഉണ്ടെന്ന് ഉറപ്പുവരുത്തിയപ്പോള്‍, മമത ബാനര്‍ജി, പശ്ചിമ ബംഗാളിലെ ബിജെപിയുടെ അഭിലാഷങ്ങള്‍ തടയാന്‍ പ്രവര്‍ത്തിച്ചു. അവര്‍ അതത് സംസ്ഥാനങ്ങളില്‍ ജനപ്രിയ നേതാക്കളുമായിരുന്നു.
മുന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ മോദിയെ പ്രതിരോധിക്കാനുള്ള നിരന്തരമായ ശ്രമങ്ങളുമായി ഇത് താരതമ്യം ചെയ്യുക. ഒരിക്കലും ഫലം നല്‍കാത്ത രാഹുലിന്‍റെ ഇന്ത്യയെക്കുറിച്ചുള്ള ആശയത്തില്‍നിന്ന് കെജ്രിവാളും മമതയും വ്യത്യസ്തരാണ്. അതിനാലാണ് മൂന്നാം മുന്നണി അല്ലെങ്കില്‍ അത്തരം രൂപീകരണം ഒരു വീഴ്ചയാകുന്നത്. ആരാണ് അതിനെ നയിക്കുന്നത്? മുന്നണിക്ക് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകുമോ? മോദിക്കെതിരായ പ്രതിപക്ഷത്തിന്‍റെ മുഖം ആരായിരിക്കും? ഏത് പാര്‍ട്ടികള്‍ ഇതില്‍ ഉള്‍പ്പെടും? സാങ്കല്‍പ്പികമായി പറഞ്ഞാല്‍, കെജ്രിവാളിന്‍റെ മുഖമാണെങ്കില്‍ മമതയ്ക്ക് കുഴപ്പമുണ്ടാകുമോ
അതോ ഉദ്ധവ് താക്കറെ നേതൃത്വം ജഗന്‍ റെഡ്ഡിക്ക് അതൃപ്തി സൃഷ്ടിക്കുമോ ഇവയെല്ലാം പെട്ടന്ന് ഉത്തരം കണ്ടെത്താനും ബുദ്ധിമുട്ടുമുള്ള ചോദ്യങ്ങളാണ്. മാത്രമല്ല, മൂന്നാമത്തെ മുന്നണി ബിജെപി ,കോണ്‍ഗ്രസ് ഇതര വേദിയെ സൂചിപ്പിക്കുന്നു. രണ്ട് പാന്‍-ഇന്ത്യ പാര്‍ട്ടികളില്ലാതെ ലോക്സഭയില്‍ 272 പ്ലസ് സീറ്റുകള്‍ ലഭിക്കുന്നത് അപ്രായോഗികമാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 38 ശതമാനവും കോണ്‍ഗ്രസിന് 20 ശതമാനവും വോട്ട് നേടി. കണക്ക് വളരെ വ്യക്തമാണ്.
മോദി മുന്‍പോട്ടുവെച്ചത് സ്ഥിരതയുള്ള, ശക്തമായ ഒരു ഇന്ത്യയാണ്. ഇത് രാജ്യത്തെ പുതിയ കാലഘട്ടത്തിലേക്ക് നയിക്കുകയാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി, സാധാരണജനത്തില്‍വരെ സഹായങ്ങളും അറിവുകളും മറ്റും എത്തിച്ചു. വ്യക്തമായ ഭൂരിപക്ഷം, എളുപ്പത്തില്‍ തീരുമാനമെടുക്കാനുള്ള കഴിവ്, ഭരണത്തിന്മേല്‍ സമ്പൂര്‍ണ നിയന്ത്രണം ഇവ മോദിയുടെ പ്രത്യേകതകളാണ്.
ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഖ്യകക്ഷികളുമായുള്ള തര്‍ക്കം മോദി കാലഘട്ടത്തില്‍ ഉണ്ടായിട്ടില്ല. കോവിഡ് പ്രതിസന്ധി മാറ്റിനിര്‍ത്തിയാല്‍ പ്രധാനമന്ത്രി പദത്തില്‍ മോദി എങ്ങനെയാണ് നിര്‍ണ്ണായകമായ നേതാവായത് എന്ന് മനസിലാകും. ആര്‍ട്ടിക്കിള്‍ 370ന്‍റെ റദ്ദാക്കല്‍ മുതല്‍ മുതല്‍ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍, ബാലകോട്ട് വ്യോമാക്രമണം കാര്‍ഷിക നിയമങ്ങള്‍ എന്നിവ വരെയുള്ളവ അദ്ദേഹം കൈകാര്യം ചെയ്തത് പരിശോധിക്കാവുന്നതാണ്. നിര്‍ണായക ആശയങ്ങള്‍ അദ്ദേഹം തന്‍റെ വോട്ടര്‍മാര്‍ക്ക് വിറ്റു.
മൂന്നാം മുന്നണി, 1990 കളുടെ അവസാനം മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ താല്‍പ്പര്യപ്രകാരം സര്‍ക്കാരുകള്‍ ചീട്ടുകൊട്ടാരം പോലെ വീണുപോയ അസ്ഥിരമായ ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മകളാണ് തിരികെയെത്തിക്കുന്നത്. സഖ്യസര്‍ക്കാരുകള്‍ സ്ഥിരത പുലര്‍ത്തിയ അനുഭവം ഇന്നുവരെ ഇന്ത്യക്ക് ഉണ്ടായിട്ടില്ല. ആഭ്യന്തര ആണവ കരാറിനെച്ചൊല്ലി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ) യില്‍ നിന്ന് ഇടതുമുന്നണി പിന്മാറിയത് എങ്ങനെയെന്ന് ഇവിടെ ഓര്‍ക്കാവുന്നതാണ്. മഹാരാഷ്ട്രയിലെ നിലവിലെ മഹാ വികാസ് അഗാദി (എംവിഎ) സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധിച്ചാല്‍ വിചിത്ര കൂട്ടുകെട്ടിന്‍റെ പ്രതിസന്ധികളും ഊരാക്കുടുക്കുകളും മനസിലാക്കാം. അവിടെ പലരും വിദൂഷകവേഷം കെട്ടിയാടുമ്പോള്‍ സര്‍ക്കാരിന് എങ്ങനെ മികച്ചരീതിയില്‍ പരവര്‍ത്തിക്കാനാകും? ണഹാരാഷ്ട്രയില്‍ ഇപ്പോഴും സഖ്യത്തിനുള്ളിലെ പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നതാണ് ഏറഎ കൗതുകകരം. ഇവിടെ സ്ഥിരതയുടെ അഭാവത്തിന്‍റെ സന്ദേശമാണ് വ്യക്തമാകുന്നത്. അപ്പോള്‍ വ്യക്തമായ നേതാവില്ലാത്ത നിരവധി പാര്‍ട്ടികളുടെ ഒരു വലിയ ദേശീയ സഖ്യം വോട്ടര്‍മാര്‍ക്ക് എത്രത്തോളം ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ആലോചിക്കാവുന്നതെയുള്ളു.
ധാരാളം ആളുകള്‍ ചേര്‍ന്ന് ഒരേകാര്യം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അന്തിമഫലം നന്നാവില്ല എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് ഒരു ബദല്‍ മുന്നണിയുടെ ആശയം പ്രവര്‍ത്തിക്കുക. മോദി പ്രവര്‍ത്തിക്കുന്ന കാര്യങ്ങളില്‍ വളരെ പ്രഗത്ഭനാണ്. അതിനാല്‍ അദ്ദേഹത്തിന് ഒരു പകരക്കാരനെ കണ്ടെത്താന്‍ കഴിയുമോ എന്നാണ് മൂന്നാം മുന്നണി ആദ്യം നോക്കേണ്ടത്.