‘അന്തരീക്ഷം മോശം’ ടിക് ടോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തുന്നു
59 ചൈനീസ് ആപ്പുകള്‍ക്കുള്ള നിരോധനം സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയതോടെയാണ് തീരുമാനം
ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ നടത്തുകയാണ് ടിക് ടോക് മാതൃകമ്പനി ബൈറ്റ്ഡാന്‍സ്
ന്യൂഡെല്‍ഹി: ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് ഇന്ത്യയില്‍ വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള പ്രക്രിയയ്ക്ക് തുടക്കമിട്ടു. ഹ്രസ്വ വിഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് ഇന്ത്യയില്‍ ഇനി ഭാവി ഇല്ലെന്ന് കണ്ടാണ് തീരുമാനം.
59 ചൈനീസ് ആപ്പുകളെ നിരോധിച്ച തീരുമാനം സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയതോടെയാണ് ടിക് ടോക്കിന്റെ നീക്കം. ബുധനാഴ്ച്ച രാവിലെയാണ് വ്യാപകമായി പിരിച്ചുവിടല്‍ ഉണ്ടാകുമെന്ന് കമ്പനിയുടെ ഉന്നത നേതൃത്വം ജീവനക്കാരെ അറിയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് 59 ചൈനീസ് ആപ്പുകളെ സര്‍ക്കാര്‍ നിരോധിച്ചത്. ഇന്ത്യയുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്നതാണ് ആപ്പുകള്‍ എന്നതായിരുന്നു കാരണം. നിരോധനത്തിന് ശേഷം ഈ ആപ്പുകള്‍ നല്‍കിയ വിശദീകരണത്തിലും കൈക്കൊണ്ട നടപടികളിലും കേന്ദ്രസര്‍ക്കാര്‍ തൃപ്തരായില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് നിരോധനം സ്ഥിരമാകാന്‍ കാരണം. ടിക് ടോക്, ഹെലോ എന്നിവയാമ് ബൈറ്റ്ഡാന്‍സിന്റെ ഇന്ത്യയിലെ ജനകീയ ആപ്പുകള്‍.