പ്രകൃതിയെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന സമ്പദ് വ്യവസ്ഥകളാണ് ലോകത്തിനാവശ്യം
കേംബ്രിജ് സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സാമ്പത്തിക വിദഗ്ധന്റെ റിപ്പോര്‍ട്ടിന് യുകെ സര്‍ക്കാരിന്റെ അംഗീകാരം
പ്രകൃതിയെ സംരക്ഷിക്കുന്നതിനും ആസന്നമായ മഹാവിപത്ത് ഇല്ലാതാക്കുന്നതിനും സമ്പദ് വ്യവസ്ഥകളുടെ പ്രവര്‍ത്തനരീതിയില്‍ അടിയന്തരമായി കാതലായ മാറ്റം വരുത്തേണ്ടതുണ്ടെന്ന് അഭിപ്രായം. ഇന്ത്യന്‍ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ധനും കേംബ്രിജ് സര്‍വ്വകലാശാലയിലെ പ്രഫസറുമായ പര്‍ത്ഥ ദാസ്ഗുപ്തയാണ് പ്രപഞ്ചത്തിന്റെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിനായി ഇത്തരത്തിലൊരു നിര്‍ണായക നിരീക്ഷണം നടത്തിയത്. പര്‍ത്ഥയുടെ 600 പേജുള്ള റിപ്പോര്‍ട്ടിന് യുകെ ട്രഷറി അംഗീകാരം നല്‍കി. ഇതാദ്യമായാണ് ഒരു രാജ്യത്തെ സാമ്പത്തിക മന്ത്രാലയം പ്രകൃതിയുടെ സാമ്പത്തിക പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഒരു റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുന്നത്.
അസാധാരണമാം വിധത്തില്‍ ലോകത്തിന് പ്രകൃതിയെ നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും അമൂല്ല്യവും പരിമിതവുമായ ഈ സ്രോതസ്സിനെ ഇല്ലായ്മ ചെയ്യുന്നത് നമ്മുടെ സമ്പത്തിന് കോട്ടമുണ്ടാക്കുമെന്നും ആരോഗ്യത്തെ നശിപ്പിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ആവാസ വ്യവസ്ഥകളെ കുറിച്ചും സമ്പദ് വ്യവസ്ഥകളില്‍ അവയുണ്ടാക്കിയ സ്വാധീനത്തെ കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുന്ന ഈ വിശകലനം പ്രകൃതിയെ ഏറ്റവും വിലമതിക്കാനാകാത്ത ആസ്തിയായി കണക്കാക്കിയുള്ള ഒരു പുതിയ സാമ്പത്തിക നയ രൂപീകരണ രീതിയാണ് മുന്നോട്ടുവെക്കുന്നതെന്ന് പര്‍ത്ഥ ദാസ്ഗുപ്ത പറഞ്ഞു. ഇതാദ്യമായാണ് ഒരു മുഖ്യധാര സാമ്പത്തിക വിദഗ്ധന്‍ യുകെ സര്‍ക്കാരിന്റെ പിന്തുണയോടെ പ്രകൃതി സമ്പത്തുകളുടെ നാശം ഇല്ലാതാക്കുന്നതിനാവശ്യമായ കാതലായ പരിഷ്‌കാരങ്ങളുടെ ആവശ്യകതയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്.
സാമ്പത്തിക അഭിവൃദ്ധിയുടെ ഏകകമായി ജിഡിപിയെ കരുതുന്നതടക്കം, സമ്പദ് വ്യവസ്ഥകളുടെ വിജയം സംബന്ധിച്ച് നിലവിലുള്ള ചിന്താരീതികളിലും പ്രവര്‍ത്തനങ്ങളിലും അളവുകോലുകളിലും വലിയ മാറ്റമുണ്ടാകേണ്ടതുണ്ടെന്നും പ്രകൃതിയെ ആധാരമാക്കിയുള്ള സാമ്പത്തിക നയ രൂപീകരണമാണ് നമുക്ക് ആവശ്യമെന്നും റിപ്പോര്‍ട്ടില്‍ പര്‍ത്ഥ ദാസ്ഗുപ്ത പറയുന്നു. പ്രകൃതി സമ്പത്തുകളുടെയും ആസ്തികളുടെയും സ്ഥിരത ഉറപ്പാക്കുന്നതിനാവശ്യമായ സംവിധാനങ്ങളെ കേന്ദ്രീകരിച്ചാകണം സമ്പദ് വ്യവസ്ഥകളുടെ പ്രവര്‍ത്തനം. അതൊടൊപ്പം തന്നെ തൊഴില്‍ സൃഷ്ടിക്കും ആരോഗ്യ സംരക്ഷണത്തിനും ഇന്നിന്റെയും നാളെയുടെയും ക്ഷേമത്തിനും ഊന്നല്‍ നല്‍കണം. കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം അടക്കം വിശാലമായ സാമൂഹിക ലക്ഷ്യങ്ങള്‍ നേടുന്നതിന് ഈ രീതിയുള്ള സാമ്പത്തിക കാഴ്ചപ്പാടിലൂടെ സാധിക്കും, ദാസ്ഗുപ്ത വിശദീകരിക്കുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കമുള്ളവര്‍ ദാസ്ഗുപ്തയുടെ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. ജൈവവൈവിധ്യ ശോഷണം ഇല്ലാതാക്കുന്നതിനായുള്ള തീരുമാനങ്ങള്‍ എടുക്കുന്നതില്‍ 2021 നിര്‍ണായക വര്‍ഷമാണെന്നും പ്രകൃതി സംരക്ഷണത്തിന് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് വ്യക്തമാക്കുന്ന ദാസ്ഗുപ്തയുടെ റിപ്പോര്‍ട്ട് ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതായും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. സമ്പദ് വ്യവസ്ഥകളെയും പരിസ്ഥിതിയെയും മുഖാമുഖം കൊണ്ടുവരുന്നത് പ്രകൃതിയെയും മനുഷ്യവംശത്തെ തന്നെയും രക്ഷിക്കുന്നതില്‍ എത്രത്തോളം പ്രധാനമാണന്നതിന്റെ നേര്‍രേഖയാണ് ദാസ്ഗുപ്തയുടെ റിപ്പോര്‍ട്ടെന്ന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററും ചരിത്രകാരനുമായ ഡേവിഡ് ആറ്റന്‍ബര്‍ഗും പറയുന്നു.
പ്രകൃതിയില്‍ നിന്നുമുള്ള സുസ്ഥിരമായ വിതരണത്തെ കവിഞ്ഞുള്ള ആവശ്യങ്ങള്‍ മനുഷ്യരാശിയില്‍ നിന്നും ഉണ്ടാകുന്നില്ലെന്നും ലോകത്തില്‍ പ്രകൃതി വിഭവങ്ങളുടെ വിതരണം ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ തുല്യതയോടെ ആണെന്നും ഉറപ്പ് വരുത്തണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. പ്രകൃതിയെ സംരക്ഷിക്കുന്നതിന് പകരം കൂടുതല്‍ ചൂഷണം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുകയാണ് ഏതാണ്ട് എല്ലാ സര്‍ക്കാരുകളും ചെയ്യുന്നത്. പ്രകൃതിയുടെ നാശത്തിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിവര്‍ഷം ലോകത്ത് 4 മുതല്‍ 6 ട്രില്യണ്‍ വരെ സബ്‌സിഡി ലഭിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. പ്രകൃതിയോടുള്ള നമ്മുടെ മനോഭാവം ഇതേ രീതിയില്‍ തുടര്‍ന്നാല്‍ അതിന്റെ പരിണിതഫലം വളരെ വലുതായിരിക്കുമെന്നും സമ്പദ് വ്യവസ്ഥകളെ അത് അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.