September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കാഴ്ച പ്രശ്‌നങ്ങളും മരണവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് പഠന റിപ്പോര്‍ട്ട്

1 min read

അന്ധതയും കാഴ്ചയുമായി ബന്ധപ്പെട്ട മറ്റ് തകരാറുകളും മരണസാധ്യത വര്‍ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍

അന്ധതയും കാഴ്ചയുമായി ബന്ധപ്പെട്ട മറ്റ് തകരാറുകളും മരണസാധ്യത വര്‍ധിപ്പിക്കുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. കാഴ്ചാ പ്രശ്‌നങ്ങളും മരണസാധ്യതയും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മുമ്പ് ഈ വിഷവുമായി ബന്ധപ്പെട്ട് നടന്ന നിരവധി പഠന റിപ്പോര്‍ട്ടുകളുടെ വിശകലനത്തിലൂടെ ഗവേഷകര്‍ കണ്ടെത്തിയത്. നേത്രാരോഗ്യ മേഖലയില്‍ നിലവിലുള്ള അപര്യാപ്തതകള്‍ പരിഹരിക്കാന്‍ ആഗോളതലത്തില്‍ ശ്രമമുണ്ടാകണമെന്നാണ് പുതിയ കണ്ടെത്തലിലൂടെ ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ലോകജനതയ്ക്ക് പ്രായമേറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം അവരുടെ നേത്രാരോഗ്യവും ക്ഷയിച്ചുകൊണ്ടിരിക്കുന്നു. അന്ധതയും മറ്റ് കാഴ്ച പ്രശ്‌നങ്ങളും അനുഭവിക്കുന്നവരുടെ എണ്ണം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലധികമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഗവേഷണ റിപ്പോര്‍ട്ട് 17 പഠനങ്ങളില്‍ നിന്നുള്ള 48,000 വ്യക്തികളെ അടിസ്ഥാനപ്പെടുത്തിയാണ് നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സാധാരണഗതിയിലുള്ള കാഴ്ചയോ അല്ലെങ്കില്‍ ചെറിയ രീതിയിലുള്ള കാഴ്ച പ്രശ്‌നങ്ങളോ ഉള്ളവരെ അപേക്ഷിച്ച് ഗുരുതരമായ കാഴ്ച പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പലവിധ കാരണങ്ങള്‍ കൊണ്ടുള്ള മരണസാധ്യത വളരെ അധികമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് പ്രകാരം, ചെറിയ രീതിയിലുള്ള കാഴ്ച പ്രശ്‌നങ്ങള്‍ ഉള്ളവരുടെ മരണസാധ്യത കാഴ്ച പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ അപേക്ഷിച്ച് 29 ശതമാനം അധികമായിരിക്കും. അതേസമയം ഗുരുതരമായ കാഴ്ച പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് സാധാരണഗതിയിലുള്ള കാഴ്ചയുള്ളവരേക്കാള്‍ മരണസാധ്യത 89 ശതമാനം കൂടുതലാണെന്നും പഠനം പറയുന്നു.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ

കാഴ്ച പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അഞ്ചില്‍ നാല് കാരണങ്ങളും മുന്‍കൂട്ടി തടയാന്‍ കഴിയുമെന്നതാണ് ഇവിടുത്തെ വിരോധാഭാസം. ആഗോളതലത്തില്‍ ഭൂരിഭാഗം ആളുകളിലും കാഴ്ച നഷ്ടത്തിനും അന്ധതയ്ക്കും കാരണമാകുന്ന പ്രധാന പ്രശ്‌നങ്ങളായ തിമിരവും കണ്ണട വയ്ക്കാത്തത് കൊണ്ടുള്ള പ്രശ്‌നങ്ങളും നേത്രാരോഗ്യത്തിന് വേണ്ടവിധത്തിലുള്ള ശ്രദ്ധ നല്‍കിയാല്‍ പരിഹരിക്കാവുന്നതേയുള്ളു. കാഴ്ചാ വൈകല്യങ്ങളും മരണവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള അവബോധം വര്‍ധിപ്പിക്കണമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ജോഷ്വ എഹ്ര്‍ലിച്ച് ആവശ്യപ്പെടുന്നത്. ആഗോള നേത്രാരോഗ്യത്തെ കുറിച്ചുള്ള ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് കമ്മീഷന്‍ അംഗം കൂടിയായ എഹ്ര്‍ലിച്ച് സമീപകാലത്ത് ഈ വിഷയത്തില്‍ നടത്തിയ ഗവേഷണം വാര്‍ധക്യ കാലത്തെ കാഴ്ച പ്രശ്‌നങ്ങളും ഓര്‍മക്കുറവ്, ഡിപ്രഷന്‍, കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ കഴിയാതിരിക്കുക തുടങ്ങി ആരോഗ്യത്തിലും ശാരീരിക ക്ഷേമത്തിലും അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചര്‍ച്ച ചെയ്യുന്നതാണ്.

  സിദ്ധ വൈദ്യത്തിലെ നാഡി പരിശോധന

ഈ പ്രശ്‌നങ്ങളെ എത്രയും വേഗം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് എഹ്ര്‍ലിച്ച് ആവശ്യപ്പെട്ടു. കാരണം കാഴ്ച നഷ്ടമാകുകയെന്നത് നിങ്ങള്‍ ലോകത്തെ എങ്ങനെ കാണുന്നുവെന്നതിനെ മാത്രമല്ല, ലോകത്തിലെ വിവിധ അനുഭവങ്ങളെയും നിങ്ങളുടെ ആയുസ്സിനെ തന്നെയും ബാധിക്കുന്ന കാര്യമാണ്. ആരോഗ്യത്തിനും ശാരീരിക ക്ഷേമത്തിനും മാത്രമല്ല, തടയാവുന്ന കാഴ്ച പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തുകയും പരിഹരിക്കുകയും കൂടി ചെയ്‌തെങ്കിലേ ആയുര്‍ദൈര്‍ഘ്യം കൂട്ടാന്‍ സാധിക്കുകയുള്ളു- എഹ്ര്‍ലിച്ച് പറയുന്നു.

Maintained By : Studio3