Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എന്താണ് മെറ്റബോളിസം, വണ്ണം കുറയ്ക്കുന്നതുമായി അതിന് എന്ത് ബന്ധം?

ശരീരത്തിലെ രണ്ട് പ്രധാന പ്രക്രിയകളായ കാറ്റബോളിസവും അനബോളിസവും കൂടിച്ചേരുന്നതാണ് മെറ്റബോളിസം

ശരീരഭാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ നിരന്തരമായി കേള്‍ക്കുന്ന വാക്കാണ് മെറ്റബോളിസം അഥവാ ഉപാപചയം. മെറ്റബോളിസം മെച്ചപ്പെടുത്താനും അങ്ങനെ അമിത വണ്ണം കുറയ്ക്കാനുമുള്ള പല മാര്‍ഗങ്ങളും നാം കേട്ടിട്ടുണ്ട്. എന്നാല്‍ മെറ്റബോളിസം യഥാര്‍ത്ഥത്തില്‍ എന്താണെന്നും അതില്‍ മാറ്റമുണ്ടാക്കാന്‍ നമുക്ക് സാധിക്കുമോയെന്നും അറിയാതെയാണ് പലരും ഇത്തരം മാര്‍ഗങ്ങള്‍ക്ക് പിന്നാലെ പോകുന്നത്. മെറ്റബോളിസം എന്താണെന്നും അതുമായി ബന്ധപ്പെട്ട് പൊതുവെയുള്ള ചില അബദ്ധ ധാരണകളും പരിശോധിക്കാം.

ശരീരത്തിലെ രണ്ട് പ്രധാന പ്രക്രിയകളായ കാറ്റബോളിസവും അനബോളിസവും കൂടിച്ചേരുന്നതാണ് മെറ്റബോളിസം. ഊര്‍ജം പുറത്തുവിടുന്നതിനായി നാം കഴിക്കുന്ന ഭക്ഷണത്തെ സംയുക്തങ്ങളും തന്മാത്രകളുമായി വിഘടിപ്പിക്കുന്ന പ്രക്രിയയാണ് കാറ്റബോളിസം. എല്ലാ ശാരീരിക ചലനങ്ങള്‍ക്കും ഈ ഊര്‍ജമാണ് ഉപയോഗപ്പെടുത്തുന്നത്. ലളിതമായ തന്മാത്രകളില്‍ നിന്നും സങ്കീര്‍ണമായ തന്മാത്രകളും സംയുക്തങ്ങളും നിര്‍മിക്കുന്നതിനെയാണ് അനബോളിസം എന്ന് പറയുന്നത്. ഈ പ്രക്രിയയ്ക്ക് ഊര്‍ജം ആവശ്യമാണ്. പുതിയ കോശങ്ങള്‍ നിര്‍മിക്കാനും പഴയവ നിലനിര്‍ത്താനും ശരീരത്തെ സഹായിക്കുന്ന പ്രക്രിയ കൂടിയാണ് അനബോളിസം. കാറ്റബോളിസത്തില്‍ നിന്നും അനബോളിസം കുറച്ചാല്‍ കിട്ടുന്നതാണ് ഒരു വ്യക്തിയുടെ ഭാരം. അതായത് നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ശരീരം ഉപയോഗപ്പെടുത്തുന്ന ഊര്‍ജം കുറച്ചാല്‍ കിട്ടുന്നത്.

നമ്മുടെ ഉപാപചയത്തില്‍ അല്ലെങ്കില്‍ മെറ്റബോളിസത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്ന് പൊതുവെ ധാരണയുണ്ട്. ഉപാപചയ നിരക്ക് നിര്‍ണയിക്കുന്നതില്‍ പാരമ്പര്യത്തിന് വലിയ പങ്കുണ്ടെങ്കിലും ലീന്‍ മസില്‍ മാസ് (പേശികളുടെ ഭാരം)വര്‍ധിപ്പിക്കുന്നതിലൂടെ മെറ്റബോളിസം വര്‍ധിപ്പിക്കാനാകും. പേശികളുടെ ഉപാപചയ പ്രക്രിയ മെറ്റബോളിസം ത്വരിതപ്പെടുത്തും. കരുത്തുറ്റ മെലിഞ്ഞ ശരീരമുള്ളവര്‍ക്ക് കൊഴുപ്പ് കൂടുതലുള്ള വണ്ണമുള്ളവരെ അപേക്ഷിച്ച് ശരീര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം ആവശ്യമായി വരും. പ്രായമാകുന്നതിനനുസരിച്ച് പേശികളുടെ ഭാരം കുറയും. ഇത് ഉപാപചയ നിരക്ക് കുറയാന്‍ കാരണമാകും. വ്യായാമത്തിലൂടെയും പേശീബലം കൂട്ടുന്ന പരിശീലനങ്ങളിലൂടെയും ഇതില്‍ മാറ്റം വരുത്താം.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസം പതുക്കെയാക്കുമെന്ന് പറയാറുണ്ട്. എന്നാല്‍ ഇതിന് ശാസ്ത്രീയപരമായ തെളിവുകള്‍ ഒന്നും ഇല്ല. രാത്രി എട്ട് മണിക്ക് ശേഷം ഭക്ഷണം കഴിച്ചാല്‍ വണ്ണം കൂടുമെന്നാണ് പറയുന്നത്. എന്നാല്‍ ടിവി കണ്ടും മറ്റും വിശപ്പറിയാതെ ഭക്ഷണം കഴിച്ചുകൊണ്ടേയിരിക്കാനുള്ള സാധ്യത കൊണ്ടാകാം ഇങ്ങനെ പറയുന്നത്. കൃത്യമായ ഇടവേളകളില്‍ നിഷ്ഠയോടെയുള്ള ഭക്ഷണക്രമത്തിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിച്ചാല്‍ എത്ര കഴിച്ചുവെന്നോ വയറ് നിറഞ്ഞോ എന്നും മനസിലാക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും.

വണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവെയുള്ള മറ്റൊരു അബദ്ധ ധാരണയാണ് ഭക്ഷണങ്ങള്‍ ഒഴിവാക്കിയാലും കുറഞ്ഞ കലോറിയുള്ള ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാമെന്നുള്ളത്. ശരീരത്തിലെത്തുന്ന കലോറി നിയന്ത്രിക്കുന്നതിനായി വളരെ കുറവ് കലോറിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വിപരീതഫലങ്ങള്‍ ഉണ്ടാകും. ഭക്ഷണത്തിലെ കലോറിയുടെ അളവ് പരിമിതപ്പെടുത്തുമ്പോള്‍ കുറഞ്ഞ കലോറി കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന ചിന്ത ശരീരത്തിനുണ്ടാകുന്നു. അങ്ങനെ വരുമ്പോള്‍ കൂടുതല്‍ കലോറി ആവശ്യമായ പ്രവൃത്തികള്‍ കുറഞ്ഞ കലോറി കൊണ്ട് ചെയ്യാന്‍ ശരീരം നിര്‍ബന്ധിക്കപ്പെടുന്നു.

ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ മെറ്റബോളിസം മെച്ചപ്പെടുമെന്ന അബദ്ധ ധാരണ സമൂഹത്തിലുണ്ട്. എന്നാല്‍ മെറ്റബോളിസം വര്‍ധിപ്പിക്കുന്ന മാജിക് ഭക്ഷണങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതാണ് വാസ്തവം. ഗ്രീന്‍ ടീയും കുരുമുളകും മെറ്റബോളിസം മെച്ചപ്പെടുത്തുമെന്ന് ചില പഠനങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് താത്കാലികം മാത്രമാണ്. മാത്രമല്ല, മെറ്റൂബോളിസത്തില്‍ കാര്യമായ വര്‍ധനവ് ഇവമൂലം ഉണ്ടാകുന്നുമില്ല. സന്തുലിതമായ ഭക്ഷണക്രമവും പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണങ്ങളുമാണ് ഭാരം കുറയ്ക്കാനും മെച്ചപ്പെട്ട ജീവിതചര്യ ഉണ്ടാക്കാനുമുള്ള ഉത്തമമാര്‍ഗം.

Maintained By : Studio3