കോവിഡ് രണ്ടാം തരംഗം : നികുതി പാലിക്കലിനുള്ള സമയപരിധികള്‍ നീട്ടി
‘വിവാദ് സേ വിശ്വാസ്’ സ്കീം അനുസരിച്ചുള്ള പേമെന്‍റുകള്‍ക്കാണ് സമയം നീട്ടി നല്‍കിയിട്ടുള്ളത്
ന്യൂഡെല്‍ഹി: കോവിഡ് രോഗബാധ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍, നികുതി പാലിക്കലിനുള്ള ചില സമയപരിധികള്‍ സര്‍ക്കാര്‍ നീട്ടിനല്‍കി. ഡയറക്റ്റ് ടാക്സ് വിവാദ് സേ വിശ്വാസ് ആക്റ്റ്, 2020 പ്രകാരം അടയ്ക്കേണ്ട തുക പിഴയില്ലാതെ നല്‍കാനുള്ള സമയം 2021 ജൂണ്‍ 30 വരെ നീട്ടാന്‍ തീരുമാനിച്ചുവെന്നാണ് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്. നേരത്തേ ഏപ്രില്‍ 30 വരെ നീട്ടിയിരുന്ന വിവിധ സമയ പരിധികളാണ് നികുതിദായകരില്‍ നിന്നും ടാക്സ് കണ്‍സള്‍ട്ടന്‍റുകളില്‍ നിന്നും ലഭിച്ച അഭ്യര്‍ത്ഥനകള്‍ കണക്കിലെടുത്ത് വീണ്ടും നീട്ടിനല്‍കിയിട്ടുള്ളത്.
ഫെബ്രുവരിയില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) ‘വിവാദ് സേ വിശ്വാസ്’ (വി.എസ്.വി) പദ്ധതി പ്രകാരം ഡിക്ലറേഷന്‍ സമര്‍പ്പിക്കാനുള്ള തീയതി 2021 മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു.
ആദായനികുതി വ്യവഹാരം കുറയ്ക്കുക, സര്‍ക്കാരിന് യഥാസമയം വരുമാനം ഉണ്ടാക്കുക, നികുതിദായകര്‍ക്ക് പ്രയോജനം ചെയ്യുക എന്നിവ ലക്ഷ്യമിട്ട് 2020 മാര്‍ച്ച് 17നാണ് പ്രത്യക്ഷ നികുതിക്കായി ‘വിവാദ് സേ വിശ്വാസ്’ നിയമം പ്രാബല്യത്തില്‍ വന്നത്.
പ്രത്യക്ഷ നികുതി തര്‍ക്ക പരിഹാര പദ്ധതിയായ ‘വിവാദ് സേ വിശ്വാസ്’ വഴി ഫെബ്രുവരി 22 വരെ 53,346 കോടി രൂപ സര്‍ക്കാര്‍ സമാഹരിച്ചുവെന്നാണ് ലോക്സഭയിലെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ പാര്‍ലമെന്‍റിനെ അറിയിച്ചിട്ടുള്ളത്.
1.28 ലക്ഷത്തിലധികം ഡിക്ലറേഷനുകളാണ് പദ്ധതി പ്രകാരം ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 98,328 കോടി രൂപയുടെ നികുതി സംബന്ധിച്ച തര്‍ക്കമാണ് ഇവയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ നിന്നാണ് 53,346 കോടി രൂപ പേമെന്‍റായി സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്.