ഫിറ്റ് അനലിറ്റ്ക്സിനെ ഏറ്റെടുത്ത് സ്നാപ്
സാന്‍ഫ്രാന്‍സിസ്കോ: വസ്ത്ര, പാദരക്ഷാ ടെക്നോളജി മേഖലയിലെ സ്റ്റാര്‍ട്ടപ്പായ ബെര്‍ലിന്‍ ആസ്ഥാനമായുള്ള ഫിറ്റ് അനലിറ്റിക്സിനെ സ്നാപ്ചാറ്റിന്‍റെ മാതൃ കമ്പനിയായ സ്നാപ്പ് സ്വന്തമാക്കി. 124.4 മില്യണ്‍ ഡോളറിന്‍റേതാണ് കരാര്‍. മാര്‍ച്ചിലാണ് ഏറ്റെടുക്കല്‍ നടന്നതെന്നും ഇപ്പോള്‍ റെഗുലേറ്ററി ഫയലിംഗിലൂടെ കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണെന്നും ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2020ല്‍ ഏറ്റെടുക്കലിനായി സ്നാപ്പ് മൊത്തം 204.5 മില്യണ്‍ ഡോളര്‍ ചെലവഴിച്ചുവെന്നും ഫയലിംഗ് വെളിപ്പെടുത്തി. നോര്‍ത്ത് ഫെയ്സ്, അസോസ്, കാല്‍വിന്‍ ക്ലൈന്‍, പാറ്റഗോണിയ, പ്യൂമ എന്നിവയുള്‍പ്പെടെ ആറ് ഭൂഖണ്ഡങ്ങളിനെ നിരവധി പ്രമുഖ വസ്ത്ര ബ്രാന്‍ഡുകളും റീട്ടെയിലര്‍മാരും ഫിറ്റ് അനലിറ്റിക്സിന്‍റെ പ്ലാറ്റ്ഫോം ഉപയോഗിച്ച് തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നു.
‘ സ്നാപ്പിന്‍റെ ഭാഗമായി ഫിറ്റ് അനലിറ്റിക്സ് എത്തുന്നതായി പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഈ ഏറ്റെടുക്കല്‍ വസ്ത്ര, ഫുട്വെയര്‍ ടെക്നോളജി മേഖലയിലെ ഒരു വ്യവസായ പ്രമുഖനെന്ന നിലയില്‍ ഫിറ്റ് അനലിറ്റിക്സിന്‍റെ സ്ഥാനം ശക്തിപ്പെടുത്തും,’ കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഫിറ്റ് അനലിറ്റിക്സ് സൈസിംഗ് പ്ലാറ്റ്ഫോം വസ്ത്രങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാബേസ് ആയാണ് കണക്കാക്കുന്നത്. ഉപഭോക്താക്കളുടെ വാങ്ങളുകളെ കുറിച്ചും ഉപഭോക്തൃ മുന്‍ഗണനകളെ കുറിച്ചുമുള്ള മൂല്യവത്തായ നിരവധി വിവരങ്ങളാണ് അവരുടെ പക്കലുള്ളത്.