ടെലഗ്രാമിന് പുതുതായി 2.5 കോടി യൂസര്‍മാര്‍
വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം വിവാദമായതോടെ കോളടിച്ചത് എതിരാളികളായ സിഗ്‌നല്‍, ടെലഗ്രാം എന്നീ മെസേജിംഗ് ആപ്പുകള്‍ക്കാണ്. ഇരു പ്ലാറ്റ്‌ഫോമുകള്‍ക്കും പുതുതായി അനേകം ഉപയോക്താക്കളെയാണ് ലഭിച്ചത്. ഇവയില്‍ ടെലഗ്രാമിന്റെ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 2.5 കോടി പുതിയ യൂസര്‍മാരെയാണ് ടെലഗ്രാം നേടിയെടുത്തത്. വാട്‌സ്ആപ്പിന്റെ ജനപ്രീതിയില്‍ ഇടിവ് സംഭവിച്ചത് ടെലഗ്രാമിന് വളമായി.
ടെലഗ്രാമിന്റെ പ്രതിമാസ സജീവ യൂസര്‍മാരുടെ (എംഎയു) എണ്ണം 500 മില്യണ്‍ പിന്നിട്ടതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ആഗോളതലത്തില്‍ 25 മില്യണ്‍ (2.5 കോടി) പുതിയ യൂസര്‍മാരാണ് ടെലഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സിഇഒ പവല്‍ ദുറോവ് പറഞ്ഞു.
ഏഷ്യയില്‍ 38 ശതമാനം, യൂറോപ്പില്‍ 27 ശതമാനം, ലാറ്റിന്‍ അമേരിക്കയില്‍ 21 ശതമാനം, മധ്യ പൂര്‍വ ഏഷ്യയിലും വടക്കേ ആഫ്രിക്കയിലുമായി എട്ട് ശതമാനം എന്നിങ്ങനെയാണ് പുതിയ യൂസര്‍മാരുടെ വര്‍ധന.
കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗണ്യമായ വര്‍ധനയാണ് പ്രകടമാകുന്നതെന്ന് ദുറോവ് പറഞ്ഞു. ഏഴ് വര്‍ഷത്തെ ചരിത്രത്തില്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.