Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലക്ഷ്യം നാൽപത്തിയൊന്ന് ലക്ഷത്തിലധികം അധിക സ്‌ക്വയർ ഫീറ്റ് സ്പേസ് ലഭ്യത: ടെക്നോപാർക്ക് സി.ഇ.ഒ.

1 min read
ഇന്ത്യയിലെ തന്നെ ആദ്യത്തെയും, സുസ്ഥിരമായ വളർച്ച കൈവരിച്ചതും അത് തുടർന്നുകൊണ്ടുപോകുന്നതയുമായ ഐ. ടി., ടെക്നോളജി പാർക്കുകളിലൊന്നാണ് ടെക്നോപാർക്ക് തിരുവനന്തപുരം. ഇപ്പോൾ തിരുവനന്തപുരത്തു നാലു ഫേസ്കളിലും കൊല്ലത്തു സാറ്റലൈറ്റ് കാംപസിലുമായി 482-ളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷത്തെ ഇവിടെനിന്നുള്ള സോഫ്റ്റ്‌വെയർ കയറ്റുമതി വരുമാനം 9775 കോടി രൂപയുടെതാണ്. 70,000 ത്തിലധികം ആളുകൾ പ്രത്യക്ഷമായും രണ്ടു ലക്ഷത്തിലധികം ആളുകൾ പരോക്ഷമായും ടെക്നോപാർക്കുമായി ബന്ധപെട്ടു ജോലി ചെയ്യുന്നു. 760-ൽ അധികം ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന ടെക്നോപാർക്കിനു പത്തു മില്യൺ സ്ക്വയർ ഫിറ്റിലധികം കെട്ടിട സമുച്ചയമാണ് സ്വന്തമായിട്ടുള്ളത്. കേരളത്തിലെ യുവതയുടെ കാഴ്ചപ്പാടുകളെ തന്നെ പുനർനിർവ്വചിച്ച ചരിത്രമാണ് ടെക്നോപാർക്കിനുള്ളത്. ഊര്‍ജ്ജസ്വലതായുള്ള സന്തുഷ്ടരായ ഒരു യുവസമൂഹത്തെ പ്രവത്തനോന്മുഖരാക്കുന്നതിലൂടെ ഭാവാന്മകമായ വലിയൊരു സാമൂഹ്യമാറ്റത്തിനു തന്നെയാണ് തിരുവനന്തപുരം ടെക്നോപാർക്ക് പ്രേരകശക്തിയാവുന്നത്.

തിരുവനന്തപുരത്ത് പള്ളിപ്പുറത്തു ദേശീയപാതയോടുചേർന്ന് 390 ഏക്കറിൽ സജ്ജമാകുന്ന ‘ടെക്നോസിറ്റിയാണ് ‘ (ടെക്നോപാർക് ഫേസ്:4) കേരള ഐ.ടി.യുടെ ഡെസ്റ്റിനേഷൻ നെക്സ്റ്റ്. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം അവിടെയാണ്. ഡിജിറ്റൽ സയൻസ് പാർക്കും അവിടെയാണ് വരുന്നത്. ടി.സി.എസ്.-ന്റെ ക്യാമ്പസ് ഇവിടെ സജ്ജമാവുന്നത് തൊണ്ണൂനാല് ഏക്കറിലാണ്. സൺടെക്ക് ക്യാമ്പസും ഇവിടെ വരുന്നു. ടെക്നോപാർക്കിന്റെ ‘ക്വാഡ്’ എന്ന സമഗ്രനഗരസമുച്ചയ പദ്ധതിയും ഇവിടെയാണ് വരുന്നത്. 2025 മദ്ധ്യത്തോടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ‘ക്വാഡ്’ എന്ന സമഗ്ര നഗര-പാർക്ക് സമുച്ചയമാണ് ടെക്നോപാർക്കിന്റെ സ്വപ്നപദ്ധതി. ഐ.ടി., ഐ.ടി.അനുബന്ധ കമ്പനികൾക്കുവേണ്ടി രണ്ടു കെട്ടിടസമുച്ചയങ്ങൾ, ഒരു പാർപ്പിട സമുച്ചയം, ഒരു വാണിജ്യസമുച്ചയം, ഇങ്ങിനെ നാലു സമുച്ഛയങ്ങൾ അടങ്ങുന്നതാണ് ‘ക്വാഡ്’.

കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) ആണ് ടെക്നോപാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. മുംബൈ ഐ.ഐ.ടി.യിൽ നിന്ന് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ എം.ടെക്.; മാനേജ്മെന്റ് ഡെവലപ്പ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഗുർഗാവോണിൽ നിന്ന് എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ ബിസിനസ് മാനേജ്മെന്റ് ഫോർ ആംമ്മ്ഡ് ഫോഴ്സസ്; ഇന്ത്യൻ ആർമിയിടെ ‘കോർപ്സ് ഓഫ് സിഗ്നൽസ്’ വിഭാഗത്തിൽ (Indian Army Corps of Signals: ഇന്ത്യൻ ആർമിയുടെ ആശയവിനിമയ സംവിധാനത്തിന്റെ ചുമതലയുള്ള സേനാവിഭാഗം. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി ആർമിയുടെ ആശയവിനിമയ സംവിധാനങ്ങളുടെ ഏകോപനമാണ് ഈ വിഭാഗത്തിന്റെ ചുമതല). ഇരുപത്തിരണ്ടു വർഷത്തെ സേവനം; തുടർന്ന് ഐ.സി.ടി. മേഖലയിലുള്ള എം.എസ്.എം.ഇ. കമ്പനിയിലും, സേവന രംഗത്തുള്ള എൻ.ജി.ഒ. യിലും പ്രവർത്തിച്ചു. തിരുവനന്തപുരം ടെക്നോപാർക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപ് കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു കിഴിലുള്ള ‘ഇന്നോവേഷൻ ഫോർ ഡിഫെൻസ് എക്സലൻസ്’ (IDEX)ന്റെ പ്രോഗ്രാം ഡയറക്ടർ. ഇങ്ങിനെ വൈവിധ്യപൂർണ്ണമാണ് അദ്ദേഹത്തിന്റെ അനുഭവജ്ഞാനം. ടെക്നോപാർക്കിന്റെ ഭാവിയെക്കുറിച്ചുള്ള കൃത്യമായ ആസൂത്രണവും കരുതലുമാണ് അദ്ദേഹത്തിന്റെ വാക്കുകളിലും ചിന്തയിലും നിറയുന്നത്. ഫ്യൂച്ചർ കേരളയുടെ ലേഖകനുമായുള്ള അദ്ദേഹത്തിന്റെ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:

കേരളത്തിന്റെ സമ്പദ്‌വ്യവസ്‌ഥക്കും സാമൂഹ്യപുരോഗതിക്കും ടെക്നോപാർക്കിന്റെ സംഭാവനകൾ?
— ഇന്ത്യയിലെ തന്നെ ആദ്യത്തെയും, സുസ്ഥിരമായ വളർച്ച കൈവരിച്ചതും അത് തുടർന്നുകൊണ്ടുപോകുന്നതയുമായ ഐ. ടി., ടെക്നോളജി പാർക്കുകളിലൊന്നാണ് ടെക്നോപാർക്ക് തിരുവനന്തപുരം. 1994 പ്രവർത്തനമാരംഭിച്ചതുമുതൽ സുസ്ഥിര വളർച്ചയുടെ ഗ്രാഫ് ആണ്  ടെക്നോപാർക്കിനുള്ളത്. ഇപ്പോൾ തിരുവനന്തപുരത്തു നാലു ഫേസ്കളിലും കൊല്ലത്തു സാറ്റലൈറ്റ് കാംപസിലുമായി 482-ളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷത്തെ ഇവിടെനിന്നുള്ള സോഫ്റ്റ്‌വെയർ കയറ്റുമതി വരുമാനം 9775 കോടിയുടേതാണ്. 70,000 ത്തിലധികം ആളുകൾ പ്രത്യക്ഷമായും രണ്ടു ലക്ഷത്തിലധികം ആളുകൾ പരോക്ഷമായും ടെക്നോപാർക്കുമായി ബന്ധപെട്ടു ജോലി ചെയ്യുന്നു.760-ൽ അധികം ഏക്കറുകളിലായി വ്യാപിച്ചുകിടക്കുന്ന ടെക്നോപാർക്കിനു പത്തു മില്യൺ സ്ക്വയർ ഫിറ്റിലധികം കെട്ടിട സമുച്ചയമാണ് സ്വന്തമായിട്ടുള്ളത്. കോവിഡ് മഹാമാരിയുടെ സമയത്തുപോലും ശരാശരി പതിനഞ്ചു ശതമാനത്തിലധികം വളർച്ചാനിരക്കു കൈവരിച്ച ചുരുക്കം ടെക്നോപാർക്കുകളിലൊന്നാണ് നമ്മുടേത്. സാമൂഹ്യപുരോഗതിയുടെ കാര്യമെടുത്താൽ, കേരളത്തിലെ യുവതയുടെ കാഴ്ചപ്പാടുകളെ തന്നെ പുനർനിർവ്വചിച്ച ചരിത്രമാണ് ടെക്നോപാർക്കിനുള്ളത്. ഇത്രയേറെ ഊര്‍ജ്ജസ്വലതായുള്ള സന്തുഷ്ടരായ ഒരു യുവസമൂഹത്തെ പ്രവത്തനോന്മുഖരാക്കുന്നതിലൂടെ ഭാവാന്മകമായ വലിയൊരു സാമൂഹ്യമാറ്റത്തിനു തന്നെയാണ് തിരുവനന്തപുരം ടെക്നോപാർക്ക് പ്രേരകശക്തിയാവുന്നത്.

  ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും

ഒരു ഐ.ടി. ഡെസ്റ്റിനേഷൻ എന്ന നിലയിൽ കേരളത്തിന്റെ പ്രത്യേകതതകളെ, മത്സരക്ഷമതയെ താങ്കൾ എങ്ങിനെ വിലയിരുത്തുന്നു?

കേരള ഐ.ടി. യുടെ പുതിയ ലോഗോ കഴിഞ്ഞ മാസം മുഖ്യമന്ത്രി പ്രകാശിപ്പിച്ചിരുന്നു. ഈ ലോഗോയിൽ തന്നെ എടുത്തുകാണിക്കുന്നുണ്ട് കേരള ഐ.ടി. യുടെ സവിശേഷതകൾ. രണ്ട് നിറങ്ങളാണ് പുതിയ ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹരിത കേരളത്തെ പ്രതിനിധീകരിക്കുന്ന പച്ചയും സാങ്കേതികവിദ്യയെ കാണിക്കുന്ന നീലയും. ഹരിതകേരളവും സാങ്കേതികവിദ്യയും തമ്മിലുള്ള ഇഴയടുപ്പവും; സാങ്കേതികവിദ്യയ്ക്കൊപ്പം ജനങ്ങളും, അതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന പ്രാധാന്യവുമാണ് പുതിയ ലോഗോ പ്രതിനിധാനം ചെയ്യുന്നത്. സാങ്കേതികവിദ്യ, പ്രകൃതിയുമായി ഒത്തിണങ്ങിയ പ്രവർത്തനസംവിധാനങ്ങൾ ഇതിനെല്ലാം മുന്നിൽ കഴിവുള്ള ആളുകൾ ഇവയാണ് കേരള  ഐ.ടി.യുടെ മുഖമുദ്ര. നമ്മുടെ ടെക്നോപാർക്കുകൾ കേവലം കോൺക്രീറ്റ് കൂടാരങ്ങളല്ല മറിച്ച്‌ ഓരോ ക്യാമ്പസും പ്രകൃതിഭംഗി നിറഞ്ഞതാണ്, ടെക് രംഗത്ത് പ്രതിഭാശേഷിയുള്ള യുവജനങ്ങൾ ഇവിടെയുണ്ട് ഇതൊക്കെയാണ് കേരള  ഐ.ടി.യുടെ യു.എസ്.പി.  മറ്റൊരു പ്രത്യേകത നമ്മുടെ ടെക്നോപാർക്കുകൾ ഒറ്റപ്പെട്ട ഒരു സംവിധാനമല്ല എന്നുള്ളതാണ്. ടെക്നോപാർക്കിനൊപ്പം സ്റ്റാർട്ടപ്പ് മിഷൻ, ഐ.ടി. മിഷൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഐ.സി.ടി. അക്കാഡമി, സി.ഡിറ്റ്. തുടങ്ങി പന്ത്രണ്ടോളം അനുബന്ധ സ്ഥാപനങ്ങൾ കൂടി പരസ്പരപൂരകങ്ങളായി ഇവിടെ പ്രവർത്തിക്കുന്നു. ഇതെല്ലാം കേരള ഐ.ടി. യുടെ സവിശേഷതകളാണ്. ഐ.ടി.യുടെ കാര്യത്തിൽ എപ്പോഴും കേരളം മുന്നിലാണെന്നുള്ളതാണ് മറ്റൊരു പ്രധാന കാര്യം. രാജ്യത്തുതന്നെ ആദ്യമായൊരു ടെക്നോപാർക് സ്ഥാപിതമാകുന്നത് കേരളത്തിലാണ്. ഡിജിറ്റൽ യൂണിവേഴ്സിറ്റി ആദ്യം വരുന്നത് കേരളത്തിലാണ്, ഡിജിറ്റൽ സയൻസ് പാർക്കും അങ്ങിനെ തന്നെ. ഈയൊരു ഫ്യൂച്ചറിസ്റ്റിക് പെർസ്പെക്റ്റീവ് എപ്പോഴും കേരളത്തിന്റെ പ്രത്യേകതയാണ്.

  ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം

കേരള ഐ.ടി. 2030-ൽ എങ്ങനെയാവണം എന്നുള്ളതിനെ കുറിച്ച് താങ്കളുടെ ഉള്‍ക്കാഴ്‌ച എന്താണ്?

ഡിജിറ്റൽ, ഐ.ടി. സാങ്കേതികവിദ്യാമേഖല നാൾക്കുനാൾ പുതിയ തലങ്ങളിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ പുതുതായി വന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ സാദ്ധ്യതകളെ നമ്മുടെ സംസ്ഥാനത്തേയ്ക്കും എത്തിക്കുക, അതിന്റെ സാദ്ധ്യതകളെ ഇവിടുത്തെ സ്ഥാപനങ്ങൾക്കും ജനങ്ങൾക്കും പ്രയോജനപ്പെടും വിധം ലഭ്യമാക്കുക. ഇതു നാലാം വ്യവസായവിപ്ലവത്തിന്റെ കാലഘട്ടമാണ് . ഈ കാലഘട്ടം ഒരേസമയം ഭാവാത്മ്കവും നിർമ്മാണപരവുമാണ്.നിർമ്മിത ബുദ്ധിയുടെയും (എ.ഐ.), ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയുടേയുമെല്ലാം സാദ്ധ്യതകൾ നിരന്തരം നമ്മുടെ തൊഴിലിടങ്ങളിൽ സന്നിവേശിക്കപ്പെടേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ വേണ്ടത്. നമ്മുടെ ഐ.ടി. തൊഴിൽസേനയുടെ നിരന്തരമായ നൈപുണ്യവികസനം, ഡിജിറ്റൽ സാങ്കേതികവിദ്യാമേഖലയിലെ പുതിയ പ്രവണതകളെ കുറിച്ചുള്ള തുടർബോധവത്ക്കരണം എന്നിവയാണ് ഞങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രം. അതോടൊപ്പം വരും വർഷങ്ങളിൽ കേരളത്തിന്റെ സ്വന്തം സ്റ്റാർട്ടപ്പ് കമ്പനികൾ  ഒരു ‘യൂണികോൺ’ എന്ന നിലയിലോ അതിലുമുപരിയായ ഘടനയോടുകൂടിയ ബഹുരാഷ്ട്രകമ്പനികളെന്ന നിലയിലോ നമ്മുടെ ടെക്നോപാർക്കുകളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥിതിവിശേഷം സജ്ജമാക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്‌ഷ്യം. സർക്കാരും, ഐ.ടി. മിഷനും, സ്റ്റാർട്ടപ്പ് മിഷനും, ഐ.ടി.പാർക്കുകളും എല്ലാം ഈയൊരു ലക്ഷ്യത്തോടെയാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.ഇത് ‘ആത്മനിർഭരത’ യുടെകൂടി കാലമാണ് ഇന്ത്യയെസംബന്ധിച്ചിടത്തോളം. നമ്മുടെതന്നെ സ്വന്തം ഐ.ടി.ആവാസവ്യവസ്ഥയെ മികവുറ്റതാക്കുക, പരിപൂർണമാക്കുക എന്നതാണ് ലക്‌ഷ്യം.

ദേശീയവും, അന്തർദേശീയവുമായ ഐ.ടി.സ്ഥാപനങ്ങളുടെയിടയിൽ ടെക്നോപാർക്കിന്റെ, കേരള ഐ.ടി.യുടെ വിശ്വാസ്യത, ആധികാരികത എന്നിവ നിലനിറുത്തുന്നതിൽ നിങ്ങൾ എത്രമാത്രം വിജയിച്ചിടുണ്ട് ?

അതിനുള്ള ഉദാഹരണം നമ്മുടെ പാർക്ക് ക്യാമ്പസുകൾ തന്നെയാണ്. ഇവിടെ പ്രവർത്തിക്കുന്ന കമ്പനികൾ തന്നെയാണ് ഞങ്ങളുടെ ബ്രാൻഡ് പ്രതിനിധികൾ. ബാക്കിയെല്ലാ മാർക്കറ്റിംഗും അതിന് അനുബന്ധമായിമാത്രമേ വരുന്നുള്ളൂ. തിരുവനന്തപുരത്ത് പള്ളിപ്പുറത്തു ദേശീയപാതയോടുചേർന്ന് 390 ഏക്കറിൽ സജ്ജമാകുന്ന ‘ടെക്നോസിറ്റിയാണ് ‘ (ടെക്നോപാർക് ഫേസ്:4) കേരള ഐ.ടി.യുടെ ‘ഡെസ്റ്റിനേഷൻ നെക്സ്റ്റ്’. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം അവിടെയാണ്. ഡിജിറ്റൽ സയൻസ് പാർക്കും അവിടെയാണ് വരുന്നത്. ടി.സി.എസ്.-ന്റെ ക്യാമ്പസ് ഇവിടെ സജ്ജമാവുന്നത് തൊണ്ണൂനാല് ഏക്കറിലാണ്. സൺടെക്ക് ക്യാമ്പസും വരുന്നു. ടെക്നോപാർക്കിന്റെ ‘ക്വാഡ്’ എന്ന സമഗ്രനഗരസമുച്ചയ പദ്ധതിയും ഇവിടെയാണ് വരുന്നത്. സർക്കാരിന്റെയും, ഐ.ടി.മിഷന്റെയും മറ്റു അനുബന്ധസ്ഥാപനങ്ങളുടെയും നിരന്തരമായ അത്മാർദ്ധപരിശ്രമത്തിന്റെ പ്രകടോദാഹരണമാണിതെല്ലാം.

കേരളം സ്റ്റാർട്ടപ്പുകളുടെ സ്വന്തം നാടുകൂടിയാണല്ലോ, സ്റ്റാർട്ടപ്പ് സംരംഭകരേയും, സംരംഭങ്ങളെയും ടെക്നോപാർക് എങ്ങിനെ പ്രോൽസാഹിപ്പിക്കുന്നു?

ഞാൻ പറഞ്ഞല്ലോ, നമ്മുടെ തന്നെ സ്വന്തം സ്റ്റാർട്ടപ്പുകൾ വലിയ കമ്പനികൾ എന്ന നിലയിൽ വളർന്ന് ഇവിടുത്തെ ഐ.ടി.പാർക്കുകളിൽ നിറയണം എന്നുള്ളതാണ് ഞങ്ങളുടെ വിഷൻ. ഇപ്പോൾതന്നെ ഇവിടത്തെ മൊത്തം കമ്പനികളിൽ പന്ത്രണ്ട് ശതമാനത്തോളം സ്റ്റാർട്ടപ്പ് കമ്പനികളാണ്. വളരുന്ന സ്റ്റാർട്ടപ്പുകൾക്കുവേണ്ടി എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞാൻ ഇവിടെ വരുന്നതിനുമുമ്പ് കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു കിഴിലുള്ള ‘ഇന്നോവേഷൻ ഫോർ ഡിഫെൻസ് എക്സലൻസ്’ (IDEX)ന്റെ പ്രോഗ്രാം ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നു. സ്റ്റാർട്ടപ്പുകളെ, അവരുടെ കണ്ടെത്തലുകളെ പ്രതിരോധമേഖലയുടെ ആവശ്യങ്ങൾക്കുവേണ്ടി എങ്ങിനെ പ്രയോജനപ്പെടുത്താം; എങ്ങിനെ സ്റ്റാർട്ടപ്പുകളെ പ്രതിരോധമേഖലയിലെ സ്ഥാപനങ്ങളുമായി ഫലപ്രദമായി ബന്ധിപ്പിക്കാം എന്നുള്ളതാണ് IDEXന്റെ പ്രവർത്തനമേഖല. ഇവിടെ ടെക്നോപാർക്കിൽ ചുമതലയേറ്റശേഷം പ്രതിരോധമേഖലയുമായി നമ്മുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ എങ്ങിനെ ബന്ധിപ്പിക്കാം, അവരുടെ നവആശയങ്ങളെ എങ്ങിനെ പ്രതിരോധമേഖലയിലെ സ്ഥാപനങ്ങൾക്കു വേണ്ടി ഉപയോഗപെടുത്താം എന്നതിനെകുറിച്ച് പഠിയ്ക്കാനും പ്രായോഗികവൽക്കരിക്കാനും വേണ്ടി ഒരു പ്രത്യേകസംവിധാനത്തിനു രൂപം നൽകിയിട്ടുണ്ട്. നമ്മുടെ സ്റ്റാർട്ടപ്പുകൾക്കു വളരെയേറെ അവസരങ്ങൾ ലഭിക്കാവുന്ന ഒരു മേഖലയാണിത്.

  ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രം
അടുത്തുവരുന്ന വർഷങ്ങളിലേയ്ക്ക് ടെക്നോപാർക് പ്രധാനമായി ലക്ഷ്യമിടുന്ന പദ്ധതികൾ?

ഒന്നമതായി നിലവിലുള്ള പഴക്കമുള്ള കെട്ടിടസമുച്ചങ്ങളെ നവീകരിക്കുക എന്നുള്ളതാണ് പ്രധാന പരിപാടി. ‘നിളാ’, ‘ഭവാനി’, ‘തേ:ജസ്വിനി’ തുടങ്ങിയ സമുച്ചയങ്ങളിൽ നവീകരണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം തന്നെ സുരക്ഷാസംവിധാനങ്ങളുടെ നവീകരണവും നടന്നു കൊണ്ടിരിക്കുന്നു. ടെക്നോപാർക്ക് ഫേസ് ഒന്നിലും, മൂന്നിലും ബാക്കിയായി നിൽക്കുന്ന സമുച്ചയങ്ങളുടെ പൂർത്തീകരണമാണ് അടുത്ത ലക്‌ഷ്യം. നാലാം ഘട്ടത്തിന്റെ (phase 4), ‘ടെക്നോസിറ്റി’യുടെ വികസനവും ഇതോടൊപ്പം ലക്ഷ്യമിടുന്നു. 2025 മദ്ധ്യത്തോടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ‘ക്വാഡ്’ എന്ന സമഗ്ര നഗര-പാർക്ക് സമുച്ചയമാണ് ഞങ്ങളുടെ സ്വപ്നപദ്ധതി. ഐ.ടി., ഐ.ടി.അനുബന്ധ കമ്പനികൾക്കുവേണ്ടി രണ്ടു കെട്ടിടസമുച്ചയങ്ങൾ, ഒരു പാർപ്പിട സമുച്ചയം, ഒരു വാണിജ്യസമുച്ചയം, ഇങ്ങിനെ നാലു സമുച്ഛയങ്ങൾ അടങ്ങുന്നതാണ് ‘ക്വാഡ്’ (QUAD). സ്പേസ് പാർക്കിന്റെയും, ടി.സി.എസ്. ക്യാമ്പസിന്റെയും പൂർത്തീകരണവും പ്രാധാന്യമുള്ളതാണ്. ടെക്നോസിറ്റിയിൽ നൂറ്റിഇരുപത് ഏക്കറോളം സ്ഥലം ഇനിയും ബാക്കിയായുണ്ട്. ഇവിടേയ്ക്ക് മികച്ച സ്ഥാപനങ്ങളെ കൊണ്ടുവരിക എന്നതും ലക്ഷ്യമിടുന്നു. അടുത്ത രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ നാൽപത്തിയൊന്ന് ലക്ഷത്തിലധികം സ്‌ക്വയർ ഫീറ്റിന്റെ അധികലഭ്യത ഉറപ്പുവരുത്താനും അവിടേയ്ക്ക് പുതിയ കമ്പനികളെ കൊണ്ടുവരാനും ലക്ഷ്യമിടുന്നു. ‘വർക്ക് നിയർ ഹോം’, ‘വർക്കേഷ്യൻ’ തുടങ്ങിയ ചില നവീന ആശയങ്ങളെ നടപ്പാക്കാനും ഞങ്ങൾ ഉദ്ദേശിക്കുന്നു. കേരളത്തിന്റെ ഹരിതടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി ‘വർക്ക് ചെയ്യുക’, ‘ഇടവേളകൾ ആസ്വദിക്കുക’ എന്ന നവീന ആശയമാണ് നടപ്പാക്കാനൊരുങ്ങുന്നത്. പാർക്കുകളിൽ നിന്ന് മാറി കൂടുതൽ പ്രകൃതിസൗഹൃദമായ ഇടങ്ങളിൽ നിന്നുകൊണ്ട് ജോലി ചെയ്യുക, ഒഴിവുകാലം ആസ്വദിക്കുക എന്നതാണ് ഇതുകൊണ്ട് സാധ്യമാകുക. അഷ്ടമുടികായലിനോട് ചേർന്നുള്ള മനോഹരമായ  ടെക്നോപാർക്ക് കൊല്ലം സാറ്റലൈറ്റ് പാർക്കിൽ ഇതിന്റെ പ്രാഥമിക പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

Maintained By : Studio3