വാക്‌സിന്‍ കൊണ്ടുപോകാന്‍ ടാറ്റ മോട്ടോഴ്‌സ് റെഡി
കൊവിഡ് പ്രതിരോധ മരുന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുന്നതിന് പുതിയ ട്രക്കുകള്‍ ഉപയോഗിക്കാന്‍ കഴിയും
മുംബൈ: ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ രാജ്യമെങ്ങും എത്തിക്കുന്നതിന് ടാറ്റ മോട്ടോഴ്‌സ് പുതുതായി ശീതീകരിച്ച ട്രക്കുകള്‍ അവതരിപ്പിച്ചു. കൊവിഡ് പ്രതിരോധ മരുന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുന്നതിന് പുതിയ ട്രക്കുകള്‍ ഉപയോഗിക്കാന്‍ കഴിയും. കേന്ദ്ര സര്‍ക്കാരിന്റെ ഇ മാര്‍ക്കറ്റ്‌പ്ലേസ് പോര്‍ട്ടലില്‍നിന്ന് ഈ ട്രക്കുകളും വാനുകളും വിവിധ സര്‍ക്കാരുകള്‍ക്കും ഏജന്‍സികള്‍ക്കും വാങ്ങാം. ‘ഫ്‌ളീറ്റ് എഡ്ജ്’ ടെലിമാറ്റിക്‌സ് സംവിധാനം നല്‍കിയതാണ് ഈ വാഹനങ്ങള്‍.
താപനില, കഴിയുന്നത്ര വാക്‌സിന്‍ കൊണ്ടുപോകാനുള്ള ശേഷി എന്നിവ കണക്കിലെടുത്താണ് പുതിയ വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചതെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. വിവിധ ശേഷികളില്‍ വാഹനങ്ങള്‍ ലഭിക്കും. ഐസിവി, എംസിവി വിഭാഗങ്ങളില്‍ വരുന്ന ശീതീകരിച്ച ട്രക്കുകള്‍ക്ക് യഥാക്രമം 20 ഘന മീറ്ററും 32 ഘന മീറ്ററുമാണ് ശേഷി. ചെറിയ വാണിജ്യ വാഹനം, പിക്കപ്പ് മോഡലുകളിലും വാക്‌സിന്‍ വാനുകള്‍ ലഭ്യമാണ്. ഉള്‍ഗ്രാമങ്ങളിലേക്ക് കൊവിഡ് പ്രതിരോധ മരുന്ന് കൊണ്ടുപോകുന്നതിന് ഈ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ശീതീകരിച്ച വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് രാജ്യത്തെ പ്രമുഖ റീഫര്‍ നിര്‍മാതാക്കളുടെ പിന്തുണ ടാറ്റ മോട്ടോഴ്‌സ് തേടിയിരുന്നു.
സാമൂഹ്യ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടാണ് നിലവിലെ ആവശ്യകത മനസ്സിലാക്കി പുതിയ വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്തതെന്ന് ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹന ബിസിനസ് വിഭാഗം പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു. വാക്‌സിന്‍ വിതരണത്തിന് തുടക്കം കുറിച്ച രാജ്യത്തെ സഹായിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിരോധ മരുന്ന് സുരക്ഷിതമായും അതിവേഗത്തിലും രാജ്യമെങ്ങും എത്തിക്കാന്‍ ഈ വാഹനങ്ങള്‍ക്ക് കഴിയും. ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ച്ചപ്പാടിനെ പിന്തുണയ്ക്കുന്നതാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങളെന്നും അദ്ദേഹം പറഞ്ഞു.