ക്യൂര്‍ഫിറ്റില്‍ ടാറ്റാ ഡിജിറ്റലിന്‍റെ നിക്ഷേപം 75 മില്യണ്‍ ഡോളര്‍
മുംബൈ: ടാറ്റാ സണ്‍സിന്‍റെ അനുബന്ധ സ്ഥാപനമായ ടാറ്റ ഡിജിറ്റല്‍ 75 മില്യണ്‍ ഡോളര്‍ വരെ ഫിറ്റ്നസ് സ്റ്റാര്‍ട്ടപ്പ് ക്യൂര്‍ഫിറ്റില്‍ നിക്ഷേപിക്കുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഇടപാടിന്‍റെ ഫലമായി ക്യൂര്‍ഫിറ്റ് സ്ഥാപകനും സിഇഒയുമായ മുകേഷ് ബന്‍സാല്‍ ടാറ്റ ഡിജിറ്റലിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തും. കൂടാതെ ക്യൂര്‍ഫിറ്റിന്‍റെ നേതൃസ്ഥാനത്ത് അദ്ദേഹം തുടരുമെന്നും ടാറ്റാ ഡിജിറ്റല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
‘ഫിറ്റ്നെസ് ഒരു ഉപഭോക്താവിന്‍റെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായി മാറുന്ന ഞങ്ങളുടെ ആരോഗ്യ പരിരക്ഷാ രീതിയുമായി നല്ല രീതിയില്‍ ചേര്‍ന്നുപോകുന്നതാണ് കെയര്‍ഫിറ്റുമായുള്ള പങ്കാളിത്തം, “ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃത ഡിജിറ്റല്‍ ബിസിനസുകള്‍ പടുത്തുയര്‍ത്തുന്നതിനായി ടാറ്റ ഡിജിറ്റല്‍ 2019 ഓഗസ്റ്റിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ഫിറ്റ്നെസ് ആന്‍റ് വെല്‍നസ് മാര്‍ക്കറ്റിലെ മുന്‍നിര കമ്പനിയാണ് ക്യൂര്‍ഫിറ്റ്. ഇത് പ്രതിവര്‍ഷം 20 ശതമാനം വളര്‍ച്ച കൈവരിക്കുന്നു, 2025 ഓടെ കമ്പനി 12 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്നലത്തെ പ്രഖ്യാപനത്തിന് മുമ്പ്, ക്യൂര്‍ഫിറ്റ് ഏകദേശം 418 ദശലക്ഷം ഡോളറാണ് സമാഹരിച്ചിട്ടുള്ളത്. ആരോഗ്യ പരിരക്ഷാ മേഖലയിലെ ഡിജിറ്റല്‍ സംരംഭങ്ങള്‍ക്ക് വലിയ വളര്‍ച്ചയാണ് കോവിഡ് 19ന്‍റെ കാലത്ത് ഉണ്ടായിട്ടുള്ളത്.