സൗജന്യ വാക്സിനേഷനുമായി സിന്തൈറ്റ് ഗ്രൂപ്പ്
കൊച്ചി: ജീവനക്കാര്‍ക്കും പരിസര പ്രദേശത്തെ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കും സൗജന്യമായി കോവിഡ് വാക്സിനേഷനുമായി സിന്തൈറ്റ് ഗ്രൂപ്പ്. 2500 പേര്‍ക്ക് കുത്തിവെക്കുന്നതിന് കോവാക്സിന്‍റെ 5000 ഡോസ് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കില്‍ നിന്നു കമ്പനി നേരിട്ടു വാങ്ങുകയായിരുന്നു.
മേയ് 14ന് തുടങ്ങിയ ആദ്യഘട്ടം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. സിന്തൈറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിജുജേക്കബ് കുന്നത്തുനാട് എംഎല്‍എ അഡ്വ. പിവി ശ്രീനിജനു വാക്സിന്‍ കൈമാറിയാണ് കാംപെയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. കുത്തിവെപ്പിന് പ്രായോഗിക സഹായം നല്‍കുന്ന എംഒഎസ്സ്സി ഗ്രൂപ്പിന് ശ്രീനിജന്‍ മരുന്നു കൈമാറി. കുത്തിവെപ്പിന്‍റെ രണ്ടാം ഘട്ടം യഥാസമയം നിര്‍വഹിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2500 പേര്‍ക്കാണ് കുത്തിവെപ്പു നല്‍കിയത്. വാക്സിന്‍റെ ബാക്കി ഭാഗം അടുത്ത ഘട്ടം കുത്തിവെപ്പിനായി കരുതിവെച്ചിരിക്കയാണ്.
സിന്തൈറ്റ് ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ കോവിഡ് റിലീഫ് ഫണ്ടിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തിരുന്നു. കമ്പനി ജീവനക്കാര്‍ക്കും ജില്ലാ ആശുപത്രി ജീവനക്കാര്‍, പോലീസുകാര്‍ തുടങ്ങിയവര്‍ക്കുമായി 40 ലക്ഷം രൂപയുടെ പിപിഇ കിറ്റുകള്‍, സാനിറ്റൈസറുകള്‍, മാസ്കുകള്‍ തുടങ്ങിയവ വിതരണം ചെയ്തു. കേരള സര്‍ക്കാര്‍ പിവിഎസ് ആശുപത്രിയില്‍ സജ്ജമാക്കിയ കോവിഡ് അപെക്സ് സെന്‍റിന്‍റെ പ്രവര്‍ത്തനച്ചിലവിലേക്ക് കമ്പനി 10 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്.