Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ചിട്ടിഫണ്ട് അഴിമതിയില്‍ നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് തിരികെ നല്‍കും’

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ ചിട്ടിഫണ്ട് അഴിമതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ നല്‍കുമെന്ന് ബിജെപിയുടെ താരപ്പരചാരകരില്‍ ഒരാളായ സുവേന്ദു അധികാരി. ‘ബിജെപിക്ക് മാത്രമേ ചിറ്റ് ഫണ്ട് പണം തിരികെ നല്‍കാന്‍ കഴിയൂ. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കേസ് അന്വേഷിക്കുന്നു. അവര്‍ കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിറ്റഴിക്കുകയും പണം സ്ഥാപനങ്ങളില്‍ നിക്ഷേപിച്ച ആളുകള്‍ക്ക് തിരികെ നല്‍കുകയും ചെയ്യും,’ അധികാരി ഹാല്‍ദിയയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ പറഞ്ഞു. ഈസ്റ്റ് മിഡ്നാപൂരിലെ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുമുമ്പ് ഹല്‍ദിയയിലെ ഖുദിറാം ക്രോസിംഗില്‍ നിന്ന് ഒരു മെഗാ റോഡ്ഷോയിലും അദ്ദേഹം പങ്കെടുത്തു. ബിജെപിയുടെ നന്ദിഗ്രാം സ്ഥാനാര്‍ത്ഥിക്കൊപ്പം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ധര്‍മേന്ദ്ര പ്രധാനും ഉണ്ടായിരുന്നു.

ഇന്നലെ രാവിലെ നന്ദിഗ്രാമിലെ സോനാചുരയിലെ സിങ്കാബാഹിനി ക്ഷേത്രവും അധികാരി സന്ദര്‍ശിച്ചു. അവിടെ നിന്ന് ജനകിനാഥ ക്ഷേത്രത്തില്‍ പോയി പൂജ നടത്തി. ഹാല്‍ദിയയിലെ സബ് ഡിവിഷണല്‍ ഓഫീസര്‍ (എസ്ഡിഒ) ഓഫീസിലേക്ക് പോകുന്നതിനുമുമ്പ് അദ്ദേഹം അവിടെ യജ്ഞത്തില്‍ പങ്കാളിയായി. കുങ്കുമ പതാകകളുമായി ആയിരക്കണക്കിന് ആളുകള്‍ ‘ജയ് ശ്രീ റാം’ മുദ്രാവാക്യം മുഴക്കി ബിജെപി നേതാവിനൊപ്പം റോഡ്ഷോയും നടത്തി.

കേന്ദ്രമന്ത്രിയുടെ ക്ഷേമപദ്ധതികള്‍ ബംഗാളില്‍ അനുവദിക്കാത്തതിന്‍റെ പേരില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചു. പ്രധാനമന്ത്രി മോദി വിവിധ വികസന പദ്ധതികള്‍ അവതരിപ്പിക്കുകയാണെന്നും ദീദി അത് ബംഗാളില്‍ പേരുമാറ്റിക്കൊണ്ട് അതിന്‍റെ നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രമിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കോടിക്കണക്കിന് രൂപയുടെ ചിട്ടിഫണ്ട് അഴിമതിക്കേസിലെ ഇഡി അന്വേഷണത്തിന് ബംഗാള്‍ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് നേടാന്‍ പൊതുജനങ്ങളുടെ വികാരം മുതലെടുക്കാന്‍ മാത്രമാണ് സുവേന്ദു അധികാരി ശ്രമിക്കുന്നത്. ഇത് വോട്ട് രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ലെന്നും ഘോഷ് പറഞ്ഞു.

Maintained By : Studio3