സ്മാര്‍ട്ട്‌ഫോണ്‍ പവര്‍ ബാങ്കുകള്‍ വാടകയ്ക്ക് നല്‍കി സ്‌പൈക്കി
നിലവില്‍ രാജ്യത്തെ പതിനൊന്ന് നഗരങ്ങളിലായി 8,000 കേന്ദ്രങ്ങളില്‍ സ്‌പൈക്കി സ്റ്റേഷനുകള്‍ കാണാന്‍ കഴിയും
ബെംഗളൂരു: സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി തീരുമല്ലോയെന്ന ആശങ്ക ഒരിക്കലെങ്കിലും നേരിടാത്തവരായി നമ്മളില്‍ ആരുമുണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ ഇനി അത്തരം മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാം. കാരണം മറ്റൊന്നുമല്ല, പവര്‍ ബാങ്കുകള്‍ ഇപ്പോള്‍ വാടകയ്ക്ക് ലഭിക്കും. രമണി അയ്യര്‍ സ്ഥാപിച്ച സ്‌പൈക്കിയാണ് സ്മാര്‍ട്ട്‌ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിന് പവര്‍ ബാങ്കുകള്‍ വാടകയ്ക്ക് നല്‍കുന്നത്. ജസ്റ്റ്ഡയല്‍ സഹസ്ഥാപകയാണ് രമണി അയ്യര്‍.
ബാറ്ററി ചാര്‍ജ് തീരെ കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ ഏതെങ്കിലും സ്‌പൈക്കി പാര്‍ട്ണര്‍ ഔട്ട്‌ലെറ്റുകളിലേക്ക് കടന്നുചെല്ലുകയാണ് വേണ്ടത്. അവിടെ സൂക്ഷിച്ചിരിക്കുന്ന പവര്‍ ബാങ്കിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അതേ പവര്‍ ബാങ്ക് വാടകയ്ക്ക് എടുക്കാം.
തങ്ങളുടെ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാന്‍ എളുപ്പമാണെന്ന് ബെംഗളൂരു ആസ്ഥാനമായ സ്‌പൈക്കി പറഞ്ഞു. എല്ലാ മൈക്രോ യുഎസ്ബി, ടൈപ്പ് സി, ആപ്പിള്‍ സര്‍ട്ടിഫൈഡ് ലൈറ്റ്‌നിംഗ് കേബിളുകള്‍ സഹിതമാണ് പവര്‍ ബാങ്കുകള്‍ ലഭിക്കുന്നത്. ഉപയോഗിച്ചുകഴിഞ്ഞാല്‍ ഏറ്റവുമടുത്ത സ്‌പൈക്കി സ്റ്റേഷനില്‍ തിരികെ ഏല്‍പ്പിക്കാം.
പവര്‍ ബാങ്ക് തിരികെ ഏല്‍പ്പിക്കുകയെന്നത് ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. തിരികെ നല്‍കിയില്ലെങ്കില്‍ അഥവാ കേടുപാടുകളോടെ തിരികെ നല്‍കിയാല്‍ ഉപയോക്താക്കളുടെ പക്കല്‍നിന്ന് തുക ഈടാക്കും.
ആറ് മാസത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ പവര്‍ബാങ്ക് റെന്റല്‍ ബിസിനസ് ശൃംഖലയായി വളരാന്‍ സാധിച്ചതായി കമ്പനി അവകാശപ്പെട്ടു. നിലവില്‍ രാജ്യത്തെ പതിനൊന്ന് നഗരങ്ങളിലായി 8,000 കേന്ദ്രങ്ങളില്‍ സ്‌പൈക്കി സ്റ്റേഷനുകള്‍ കാണാന്‍ കഴിയും. പങ്കാളികളുടെ എണ്ണം 3,500 ഓളം വരും.
അതിവേഗം വളരുന്ന സെഗ്‌മെന്റുകളിലൊന്നാണ് സ്മാര്‍ട്ട്‌ഫോണ്‍ പവര്‍ ബാങ്ക് റെന്റല്‍ വ്യവസായമെന്ന് സ്‌പൈക്കി പറയുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 15 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യം വരുന്ന വ്യവസായമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിപണിയിലെ സിംഹഭാഗവും കയ്യടക്കുകയാണ് സ്‌പൈക്കിന്റെ ലക്ഷ്യം.
നിലവില്‍ ബെംഗളൂരു, മുംബൈ, ഡെല്‍ഹി എന്‍സിആര്‍, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, കോയമ്പത്തൂര്‍, ചണ്ഡീഗഢ്, ലഖ്‌നൗ, ജയ്പുര്‍, പുണെ എന്നീ നഗരങ്ങളിലാണ് സാന്നിധ്യം. വൈകാതെ കൂടുതല്‍ നഗരങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കും.
മെട്രോ സ്‌റ്റേഷനുകള്‍, സിനിമാ തീയറ്ററുകള്‍, കഫേകള്‍, മാളുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കോര്‍പ്പറേറ്റ് ഓഫീസുകള്‍, ടെക് പാര്‍ക്കുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് സ്‌പൈക്കിയുടെ പവര്‍ ബാങ്കുകള്‍ ലഭിക്കുന്നത്.