സെപ്റ്റംബറോടെ ഇന്ത്യയില്‍ ആറ് കോവിഡ് വാക്‌സിനുകള്‍ ലഭ്യമാകും
1 min readസൈഡസ് കാഡില ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഡിഎന്‍എ പ്ലാസ്മിഡ് വാക്‌സിനും സെപ്റ്റംബറോടെ ലഭ്യമാകും
ബെംഗളൂരു: സെപ്റ്റംബറോടെ ഇന്ത്യയില്‍ കുറഞ്ഞത് ആറ് കോവിഡ്-19 വാക്‌സിനുകള്‍ എങ്കിലും ലഭ്യമാകുമെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. നരേന്ദ്ര കുമാര്‍ അറോറ. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന ആറ് വാക്‌സിനുകളില്‍ ലോകത്തിലെ ആദ്യ ഡിഎന്‍എ പ്ലാസ്മിഡ് വാക്‌സിനും ഉള്‍പ്പെടുന്നു. സൈഡസ് കാഡിലയാണ് ഇന്ത്യയില്‍ ഈ വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി ജൂലൈയില്‍ 30 മുതല്‍ 35 കോടി വരെ വാക്‌സിന്‍ ഡോസുകള്‍ സംഭരിക്കാനാകുമെന്നാണ് ആരോഗ്യ മന്ത്രാലയം കരുതുന്നത്.
നിര്‍മ്മാണത്തിലിരിക്കുന്ന വാക്‌സിനുകളുടെ പരീക്ഷണ ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും സെപ്റ്റംബറോടെ അവ വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അറോറ പറഞ്ഞു. സൈഡസിന്റെ വാക്‌സിനൊപ്പം ബയോളിക്കല്‍ ഇയുടെ പ്രോട്ടീന്‍ സബ് യൂണിറ്റ് വാക്‌സിനും ഉടന്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. കൊറോണ വൈറസിനെതിരെ 90 ശതമാനം ഫലപ്രാപ്തിയാണ് ഈ വാക്‌സിന് പ്രതീക്ഷക്കപ്പെടുന്നതെന്നും പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ഈ വാക്‌സിന്റെ കണ്ടെത്തല്‍ നാഴികക്കല്ലാകുമെന്നും അറോറ കൂട്ടിച്ചേര്‍ത്തു. അതേസമയം പൂണൈ ആസ്ഥാനമായ ജെനോവ സീറ്റില്‍ ആസ്ഥാനമായ എച്ച്ഡിടി ബയോടെക് കോര്‍പ്പറേഷനുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന എച്ച്ജിസിഒ19 എന്ന ഇന്ത്യയിലെ ആദ്യത്തെ എംആര്‍എന്‍എ കോവിഡ് വാക്‌സിന്‍ ജനിതക കോഡ് ഉപയോഗിച്ചാണ് ശരീരത്തില്‍ പ്രതിരോധ ശേഷി ഉണ്ടാക്കുന്നത്.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും പൂണൈയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നോവവാക്‌സ്(ഇന്ത്യയില്‍ കോവോവാക്‌സ്) ആണ് അനുമതി കാത്തിരിക്കുന്ന മറ്റൊരു വാക്‌സിന്‍. ജൂലൈ മൂന്നാം വാരത്തോടെ ഭാരത് ബയോടെക്കിന്റെയും എസ്‌ഐഐയുടെയും വാക്‌സിന്‍ ഉല്‍പ്പാദന ശേഷി ഉയര്‍ത്തുമെന്നും ഓഗസ്‌റ്റോടെ പ്രതിമാസം 30 മുതല്‍ 35 കോടി വാക്‌സിന്‍ ഡോസുകള്‍ സംഭരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞേക്കുമെന്നും അറോറ വ്യക്തമാക്കി.