Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

21.7 ബില്യണ്‍ ഡോളര്‍; അരാംകോയുടെ ആദ്യപാദ അറ്റാദായത്തില്‍ 30 ശതമാനം വര്‍ധന

പകര്‍ച്ചവ്യാധിയുടെ കെടുതികളില്‍ നിന്നും വികസിത രാജ്യങ്ങള്‍ മുക്തമായിത്തുടങ്ങിയതോടെ എണ്ണ വിപണി ഡിമാന്‍ഡ് വീണ്ടെടുത്തിരുന്നു

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ആദ്യപാദ അറ്റാദായം 30 ശതമാനം ഉയര്‍ന്ന് 21.7 ബില്യണ്‍ ഡോളറായി. എണ്ണവില വര്‍ധനയും ലോകത്ത് മൊത്തത്തില്‍ സാമ്പത്തിക രംഗം മെച്ചപ്പെട്ടതുമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച്  അരാംകോയുടെ ആദ്യപാദ അറ്റാദായം ഉയരാനുള്ള പ്രധാന കാരണങ്ങള്‍. റോയിട്ടേഴ്‌സ് സാമ്പത്തിക വിദഗ്ധരുടെ 19.48 ബില്യണ്‍ ഡോളര്‍ എന്ന പ്രവചനവും ബ്ലൂംബര്‍ഗിന്റെ 18 ബില്യണ്‍ ഡോളര്‍ എന്ന പ്രവചനവും മറികടന്നാണ് അരാംകോ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാംപാദത്തില്‍ 18.8 ബില്യണ്‍ ഡോളര്‍ ലാഭവിഹിതത്തിനായി മാറ്റിവെക്കാനാണ് അരാംകോയുടെ പദ്ധതി.

ആഗോളതലത്തിലുണ്ടായ സാമ്പത്തിക വീണ്ടെടുപ്പ് നല്‍കിയ ഉണര്‍വ്വ് ഊര്‍ജ വിപണികളെ ശക്തിപ്പെടുത്തിയതായെന്നും അതോടൊപ്പം കമ്പനിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യവും സാമ്പത്തികസ്ഥിതിയും തൊഴിലാളികളുടെ കാര്യക്ഷമതയും ആദ്യപാദത്തിലെ ശക്തമായ സാമ്പത്തിക പ്രകടനത്തെ സ്വാധീനിച്ചതായി അരാംകോ പ്രസിഡന്റും സിഇഒയുമായ അമീന്‍ നാസര്‍ പ്രതികരിച്ചു.

വികസിത രാജ്യങ്ങളിലെ വാക്‌സിനേഷന്‍ യജ്ഞങ്ങളും ഉത്തേജന പാക്കേജുകളും കോവിഡ് നിയന്ത്രണങ്ങളിലെ അയവും മൂലം ഈ വര്‍ഷം ആരംഭിച്ചതിന് ശേഷം ബ്രെന്റ്, വെസ്റ്റ് ടെക്‌സാസ് ഇന്റെര്‍മീഡിയേറ്റ് തുടങ്ങിയ ക്രൂഡ് ഇനങ്ങളുടെ വിലയില്‍ 30 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയത്. വികസിത രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകള്‍ വളര്‍ച്ച വീണ്ടെടുത്തതോടെ അന്താരാഷ്ട്ര നാണ്യനിധി ഈ വര്‍ഷത്തെ ആഗോള സാമ്പത്തിക വളര്‍ച്ച നിഗമനം 5.5 ശതമാനത്തില്‍ നിന്നും 6 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു.

  സോഷ്യൽ ഇന്നൊവേഷൻ ഉച്ചകോടി കൊച്ചിയിൽ

2021ലെ ആദ്യ മൂന്ന് മാസങ്ങളില്‍ അരാംകോയുടെ വരുമാനം  225.57 ശതമാനം ഉയര്‍ന്ന് 272.07 ബില്യണ്‍ സൗദി റിയാലായി. അതേസമയം ഇതേ കാലയളവിലെ മൂലധന ചിലവിടല്‍ 8.2 ബില്യണ്‍ ഡോളറായിരുന്നു. ഡൗണ്‍സ്ട്രീം രംഗത്ത് നിന്നുള്ള അദായം ഉയര്‍ന്നതും രാജ്യത്തെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ നിര്‍മാതാക്കളായ സാബികുമായുള്ള ഏകീകരണവും അരാംകോയ്ക്ക് നേട്ടമായി.

ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടിയ സാഹചര്യത്തില്‍ ഭൂരിപക്ഷ ഓഹരികളും അരാംകോയുടെ ഉടമസ്ഥതയിലുള്ള സാബിക് കഴിഞ്ഞ ആഴ്ച 4.86 ബില്യണ്‍ സൗദി റിയാല്‍ ആദ്യപാദ അറ്റാദായമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സാബിക് 1.05 ബില്യണ്‍ റിയാല്‍ നഷ്ടത്തിലായിരുന്നു. സാബികിന്റെ ആദ്യപാദ വരുമാനം 24 ശതമാനം ഉയര്‍ന്ന് 37.53 ബില്യണ്‍ റിയാലായി.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ അരാംകോയുടെ പ്രതിദിന എണ്ണയുല്‍പ്പാദനം 11.5 മില്യണ്‍ വരെയായി ഉയര്‍ന്നിരുന്നു. ആദ്യപാദത്തിലെ ശരാശരി എണ്ണയുല്‍പ്പാദനം 8.6 മില്ണ്‍ ബിപിഡി ആണ്. റഷ്യയ്‌ക്കൊപ്പം എണ്ണയുല്‍പ്പാദകരുടെ സംഘടനയായ ഒപെക് പ്ലസിന് നേതൃത്വം നല്‍കുന്ന അരാംകോ ഫെബ്രുവരി മുതല്‍ ഏപ്രില്‍ അവസാനം വരെ പ്രതിദിനം 1 മില്യണ്‍ എണ്ണയുടെ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ നിയന്ത്രണം അവസാനിച്ച സാഹചര്യത്തില്‍  മേയില്‍ 250,000 ബിപിഡിയും ജൂണില്‍ 350,000 ബിപിഡിയും ജൂലൈയില്‍ 400,000 ബിപിഡിയും എണ്ണയായിരിക്കും സൗദി അറേബ്യയില്‍ നിന്നും എണ്ണവിപണിയിലേക്ക് എത്തുക.

അരാംകോയുടെ കൂടുതല്‍ ഓഹരികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച സൗദി കിരീടാവകാശിയും സൗദിയുടെ സമഗ്ര വികസന പദ്ധതിയായ വിഷന്‍ 2030യുടെ അമരക്കാരനുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. അരാംകോയുടെ 1 ശതമാനം ഓഹരികള്‍ ലോകത്തിലെ പ്രമുഖ എണ്ണക്കമ്പനിക്ക് വിറ്റേക്കുമെന്നും ഈ ഇടപാട് രണ്ട് വര്‍ഷത്തിനകം സംഭവിച്ചേക്കുമെന്നും വിഷന്‍ 2030യുടെ അഞ്ചാം വാര്‍ഷികത്തില്‍ പ്രാദേശിക മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ എംബിഎസ് സൂചന നല്‍കി. കമ്പനിയുടെ നിലവിലെ7.11 ട്രില്യണ്‍ റിയാല്‍ വിപണി മൂല്യം കണക്കിലെടുക്കുമ്പോള്‍ ഏകദേശം 18.9 ബില്യണ്‍ ഡോളറിന്റെ ഇടപാടായിരിക്കും ഇതാണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

  കൊച്ചിയില്‍ നിന്നും അഗര്‍ത്തലയിലേക്ക്‌ എയർ ഇന്ത്യ എക്‌സ്പ്രസ്

കമ്പനിക്ക് കീഴിലുള്ള മറ്റ് ആസ്തികള്‍ വരുമാനത്തിനായി ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികളും അരാംകോയുടെ പരിഗണനയിലുണ്ട്. കമ്പനിയുടെ പുതിയതായി രൂപീകരിച്ച എണ്ണ പൈപ്പ്‌ലൈന്‍ സംരംഭത്തിന്റെ 49 തമാനം ഓഹരികള്‍ വാഷിംഗ്ടണ്‍ ആസ്ഥാനമായ ഇഐജി ഗ്ലോബല്‍ ഏനര്‍ജി പാര്‍ട്‌ണേഴ്‌സിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയ്ക്ക് വില്‍ക്കുന്നതിനായി ഏപ്രിലില്‍ അരാംകോ 12.4 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചിരുന്നു. 2019ല്‍ 29 ബില്യണ്‍ ഡോളര്‍ സമാഹരിച്ച വമ്പന്‍ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ശേഷം അരാംകോ നടത്തുന്ന ഏറ്റവും വലിയ ഇടപാടാണിത്. കരാര്‍ പ്രകാരം പുതിയ സംരംഭമായ അരാംകോ ഓയില്‍ പൈപ്പ്‌ലൈന്‍ എണ്ണപ്പാടങ്ങളെ ശുദ്ധീകരണ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന കമ്പനിയുടെ സ്റ്റൈബിലൈസ്ഡ് ക്രൂഡിന്റെ എണ്ണ പൈപ്പ്‌ലൈന്‍ ശൃംഖലയുടെ പ്രവര്‍ത്തന അവകാശം 25 വര്‍ഷത്തേക്ക് ഇഐജി ഗ്ലോബല്‍ ഏനര്‍ജി ഉള്‍പ്പെടുന്ന കൂട്ടായ്മയ്്ക്ക് കൈമാറും.

Maintained By : Studio3