Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വാതക പൈപ്പ്‌ലൈന്‍ വില്‍പ്പന: മോര്‍ഗന്‍ സ്റ്റാന്‍ലി അരാംകോയുടെ മുഖ്യ ഉപദേഷ്ടാവായേക്കും

ഔദ്യോഗിക നടപടിക്രമങ്ങള്‍ ആരംഭിച്ചില്ല

റിയാദ്: പ്രകൃതി വാതക പൈപ്പ് ലൈന്‍ ശൃംഖലയിലെ കോടിക്കണക്കിന് ഡോളറിന്റെ ഓഹരി വില്‍പ്പന നീക്കം പുനഃപരിശോധിക്കുന്നതിനായി സൗദി അറേബ്യയിലെ പൊതുമേഖല എണ്ണക്കമ്പനിയായ സൗദി അരാംകോ മോര്‍ഗന്‍ സ്റ്റാന്‍ലിയെ മുഖ്യ ഉപദേഷ്ടാക്കളായി നിയമിച്ചതായി റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പ്രകൃതി വാതക പൈപ്പ്‌ലൈന്‍ ശൃംഖലയിലെ ഓഹരി അവകാശം വില്‍ക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ അരാംകോ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇടപാടില്‍ കൂടുതല്‍ ബാങ്കുകളെ കൂടി ഉള്‍പ്പെടുത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞിടെ അരാംകോ നടത്തിയ 12.4 ബില്യണ്‍ ഡോളറിന്റെ ഡോളറിന്റെ എണ്ണ പൈപ്പ്‌ലൈന്‍ പദ്ധതിക്ക് സമാനമായ രീതിയിലായിരിക്കും അരാംകോ ഈ ഇടപാടും അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. എണ്ണ പൈപ്പ്‌ലൈന്‍ ഇടപാടില്‍, പൈപ്പ്‌ലൈന്‍ ശൃംഖലയ്ക്ക് മേല്‍ പണയ അവകാശമുള്ള ഉപകമ്പനിയില്‍ ന്യൂനപക്ഷ ഓഹരികളാണ് നിക്ഷേപകര്‍ക്ക് ലഭിച്ചിരുന്നത്. അതേസമയം ഉപകമ്പനിയിലെ ഭൂരിപക്ഷ ഓഹരികള്‍ കൈവശം വെച്ച് കൊണ്ട് പൈപ്പ്‌ലൈനുകളുടെ ഉടമസ്ഥാവകാശം അരാംകോ നിലനിര്‍ത്തുകയും ചെയ്തു.

പ്രകൃതിവാതക പൈപ്പ്‌ലൈനിലെ എത്ര ഓഹരികളാണ് വില്‍ക്കേണ്ടതെന്ന കാര്യത്തില്‍ അരാംകോ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാരംഭദശയില്‍ മാത്രമാണെന്നും, ചിലപ്പോള്‍ ഈ ഇടപാടുമായി കമ്പനി മുമ്പോട്ട് പോയേക്കില്ലെന്നും സ്രോതസ്സുകള്‍ സൂചിപ്പിച്ചു.

സുപ്രധാനമല്ലാത്ത ആസ്തികളിലെ ഓഹരികള്‍ വിറ്റ് 75 ബില്യണ്‍ ഡോളര്‍ എന്ന ലാഭ വിഹിത വാഗ്ദാനം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് അരാംകോ. അരാംകോയിലെ ഭൂരിപക്ഷ ഓഹരികളും സര്‍ക്കാര്‍ ഉടമസ്ഥതിയില്‍ ആയതിനാല്‍ ലാഭവിഹിതത്തിന്റെ ഏറിയ പങ്കും സര്‍ക്കാരിലേക്കാണ് പോകുക. ഈ വര്‍ഷം 35 ബില്യണ്‍ ഡോളറിന്റെ മൂലധന ചിലവിടലാണ് അരാംകോ പദ്ധതിയിടുന്നത്.

Maintained By : Studio3