സൗദി ആരാംകോ ചെയര്‍മാന്‍ ആര്‍ഐഎല്‍ ബോര്‍ഡിലേക്ക്
1 min readമുംബൈ: സൗദി അരാംകോയുമായുള്ള ആര്‍ഐഎല്ലിന്‍റെ പങ്കാളിത്തം ആവശ്യമായ റെഗുലേറ്ററി ക്ലിയറന്‍സുകള്‍ നേടിയ ശേഷം ഈ വര്‍ഷം ഔപചാരികമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുകേഷ് അംഹാനി. കമ്പനിയുടെ 44-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ഐഎല്‍ സിഎംഡി. ഇതിനു മുന്നോടിയായി സൗദി അരാംകോ ചെയര്‍മാന്‍ യാസിര്‍ അല്‍ റുമയ്യന്‍ സ്വതന്ത്ര ഡയറക്ടറായി ആര്‍ഐഎല്‍ ബോര്‍ഡില്‍ ചേരുമെന്നും മുകേഷ് അംബാനി അറിയിച്ചു.
റുമയ്യന്‍ ബോര്‍ഡില്‍ ചേരുന്നത് റിലയന്‍സിന്‍റെ അന്താരാഷ്ട്രവല്‍ക്കരണത്തിന്‍റെ തുടക്കമാണ്. കമ്പനിയുടെ അന്താരാഷ്ട്ര പദ്ധതികളെക്കുറിച്ചുള്ള കൂടുതല്‍ പ്രഖ്യാപനങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ ആശങ്കകള്‍ വ്യാപകമാകുന്നതു കൂടി കണക്കിലെടുത്ത് പുതിയ ഊര്‍ജ്ജ മേഖലയിലെ ബിസിനസിലും ശക്തമായി എത്തുന്നതിന് ആര്‍ഐഎല്‍ സജ്ജമായി. റിലയന്‍സ് ന്യൂ എനര്‍ജി കൗണ്‍സില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പകര്‍ച്ചവ്യാധികള്‍ക്കിടയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം നടത്താന്‍ റിലയന്‍സിനായി. ഇതിനൊപ്പം കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാനുഷികമായ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുക കൂടി ചെയ്തതില്‍ കമ്പനിയെയും ജീവനക്കാരെയും അഭിനന്ദിക്കുന്നതായും മുകേഷ് അംബാനി പറഞ്ഞു.