September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അമേരിക്കൻ ഉപരോധം പിൻവലിക്കാതെ ആണവ കരാർ നിബന്ധനകൾ പാലിക്കില്ലെന്ന് ഇറാൻ

‘അമേരിക്ക ഉപരോധം പിൻവലിച്ചാൽ ഉടൻ കരാറിലെ വ്യവസ്ഥകളിലേക്ക് ഇറാൻ തിരിച്ചെത്തും’

 ഇസ്താംബൂൾ: അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കാതെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഇറാൻ. യുറാനിയം സമ്പുഷ്ടീകരണം വർധിപ്പിച്ചതടക്കമുള്ള ആണവ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ഇറാനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിക്കില്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് വ്യക്തമാക്കിയിരിക്കുന്നത്.

ലോകശക്തികളുമായുള്ള 2015ലെ ആണ‌വ കരാറിലെ നിബന്ധനകൾ ഇറാൻ അനുസരിക്കണമെന്നും ആണവ പ്രവർത്തനങ്ങൾ നിർത്തിവെക്കണണെന്നും എങ്കിൽ കരാറിലേക്ക് തങ്ങൾ തിരിച്ചെത്തുമെന്നും അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അമേരിക്കയുടെ ആവശ്യം പ്രായോഗികമല്ലെന്നും നടക്കാൻ പോകുന്നില്ലെന്നും തുർക്കിയുടെ വിദേശകാര്യമന്ത്രി മെവ് ലട്ട് കവുസൊഗ്ലുവുമായി ചേർന്ന് ഇസ്താംബൂളിൽ വെച്ച് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സരീഫ് വ്യക്തമാക്കി.

അമേരിക്കയടക്കം അഞ്ച് ലോകശക്തികളും ഇറാനും തമ്മിലുള്ള ആണവ കരാറിൽ നിന്ന് 2018ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറുകയും ഇറാനെതിരായ ഉപരോധങ്ങൾ പുനഃരാരംഭിക്കുകയും ചെയ്തതോടെ ഇറാൻ കരാറിലെ വ്യവസ്ഥകൾ ലംഘിക്കുകയും ആണവ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുകയും ചെയ്തിരുന്നു. ഇറാന്റെ ആണവ പദ്ധതികൾക്ക് തടയിടുകയെന്നതായിരുന്നു കരാറിന്റെ പ്രധാന ഉദ്ദേശ്യം. ഇറാനെതിരായി ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ പിൻവലിക്കുമെന്ന വ്യവസ്ഥയിലായിരുന്നു ഇറാൻ കരാർ അംഗീകരിച്ചത്. എന്നാൽ അമേരിക്ക വീണ്ടും ഉപരോധങ്ങൾ ആരംഭിച്ചതോടെ അ‌ണുബോംബ് നിർമാണത്തിന് ആവശ്യമായ യുറാനിയത്തിന്റെ സമ്പുഷ്ടീകരണം കരാർ നിലവിൽ വരുന്നതിന് മുമ്പുണ്ടായിരുന്ന 20 ശതമാനമാക്കി ഇറാൻ ഉയർത്തി.

അമേരിക്ക ഉപരോധം പിൻവലിച്ചാൽ ഉടൻ തന്നെ കരാറിലെ വ്യവസ്ഥകൾ ഇറാൻ പാലിക്കുമെന്ന് സരീഫ് അറിയിച്ചു.

Maintained By : Studio3