December 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ക്ഷീര കർഷകർക്കായി “സരൾ കൃഷി ബീമാ”

1 min read
തിരുവനന്തപുരം :  കേരളത്തിലെ ക്ഷീര കർഷകർക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയും മിൽമ – മലബാർ റീജിയണും സംയുക്തമായി നടപ്പിലാക്കുന്ന സരൾ കൃഷി ബീമാ എന്ന പദ്ധതിക്ക്  തുടക്കമായി. ഈ മാസം 10 മുതൽ മെയ് 9 വരെ ഒരു മാസത്തേക്കാണ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.  

മലബാർ മേഖലയിലെ ആറ് ജില്ലകളിലാണ് (പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്) ആദ്യഘട്ടമായി പദ്ധതി നടപ്പിലാക്കുന്നത്. ഏപ്രിൽ – മെയ് മാസങ്ങളിലെ കഠിനമായ വേനൽച്ചൂട് കാരണം പാലുൽപാദനത്തിലുണ്ടാകുന്ന കുറവിന്  ഒരു ഇൻഷുറൻസ് പരിരക്ഷ നൽകുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. കേന്ദ്ര കാലാവസ്ഥ വകുപിന്റെ  ഉപഗ്രഹ ഡാറ്റ  ഉപയോഗപ്പെടുത്തി  അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി കേരളത്തിലെ ക്ഷീര മേഖലയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി പ്രകാരം നിശ്ചിത പ്രീമിയം തുക സബ്‌സിഡി ഇനത്തിൽ മലബാർ സൊസൈറ്റി തങ്ങളുടെ  ക്ഷീര കർഷകർക്കായി നൽകും .  പരമാവധി ഇൻഷുറൻസ് തുക 2000 രൂപയാണ്. പ്രീമിയം തുക കണക്കാക്കുന്നത് ഇൻഷുർ തുകയുടെ 4%-5% ആണ്. ഏകദേശം 15000 ത്തോളം ക്ഷീര കർഷകർ ഇതിനോടകം ഈ പദ്ധതിയിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്. ഒരു ക്ഷീര കർഷകന് ഈ പദ്ധതിയിൽ ചേർക്കാവുന്ന പരമാവധി പശു/ എരുമകളുടെ എണ്ണം 10 ആണ്. പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന ഈ പദ്ധതി മറ്റു ജില്ലകളിലെ ക്ഷീര കർഷകരിലേക്കും ഉടൻ തന്നെ എത്തിക്കും.

ഈ  ഇൻഷുറൻസ് പദ്ധതിയിൽ മേഖലാ യൂണിയൻറെ അംഗസംഘങ്ങളിൽ പാൽ നൽകുന്ന ക്ഷീര കർഷകരെയായിരിക്കും പരിഗണിക്കുക. ഇപ്പോൾ കറവയിലുള്ള പശു/ എരുമകളെ മാത്രമേ കർഷകന് പദ്ധതിയിൽ ചേർക്കാൻ സാധിക്കുകയുള്ളൂ. നിശ്ചയിച്ച അന്തരീക്ഷ താപനില, പരിധിക്കു പുറത്തു തുടർച്ചയായി 6 ദിവസമോ അതിൽ കൂടുതലോ വരികയാണെങ്കിൽ ഈ പദ്ധതിയിൽ ഉൾപ്പെട്ട കറവ പശു/ എരുമകൾക്ക് ദിവസത്തിനനുസരിച്ചു ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നതായിരിക്കും. കർഷകർ പ്രത്യേകം ക്ലെയിം സമർപ്പിക്കേണ്ട ആവശ്യമില്ല. പകരം അതാതു പ്രദേശത്തെ അന്തരീക്ഷ താപനില സാറ്റലൈറ്റ് വിവരശേഖരണ പ്രകാരം എടുത്ത് ഇൻഷുറൻസ് ആനുകൂല്യത്തിന് അർഹതയുണ്ട് എങ്കിൽ അത്  ഇൻഷുറൻസ് കമ്പനി നൽകുന്നതാണ്. പ്രസ്‌തുത ഇൻഷുറൻസ് പദ്ധതിയിൽ ചേരുവാൻ താത്പര്യമുള്ള ക്ഷീര കർഷകരുടെയും, കറവ പശു/ എരുമകളുടെ വിശദാംശങ്ങൾ ക്ഷീരസംഘങ്ങൾ മുഖേന ശേഖരിക്കുന്നതാണ്.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍
Maintained By : Studio3