വിദേശ പൗരന്‍മാരുടെ റിയല്‍എസ്റ്റേറ്റ് ഇടപാടിന് മുന്‍കൂര്‍ ആര്‍ബിഐ അനുമതി വേണം:
1 min readന്യൂഡെല്‍ഹി: ഇന്ത്യയില്‍ സ്ഥിതിചെയ്യുന്ന സ്ഥാവര വസ്തുക്കള്‍ വില്‍പ്പനയിലൂടെയോ പണയംവച്ചുകൊണ്ടോ കൈമാറ്റം ചെയ്യുന്നതിലെ ഇടപാടില്‍ ഇന്ത്യന്‍ പൗരത്വമില്ലാത്തവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് സുപ്രീംകോടതി. ‘അത്തരം അനുമതി ലഭിക്കുന്നതുവരെ, നിയമപ്രകാരം ഇത്തരം കൈമാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ കഴിയില്ല. ഈ നിബന്ധന പാലിക്കാത്തപക്ഷം ബന്ധപ്പെട്ട വ്യക്തിക്ക് ആര്‍ബിഐ മുന്‍കൂര്‍ അനുമതി സംബന്ധിച്ച 1973 ലെ നിയമത്തിലെ സെക്ഷന്‍ 50 പ്രകാരം പിഴയും മറ്റ് അനന്തരഫലങ്ങളും നേരിടേണ്ടി വരും’, ജസ്റ്റിസ് എ.എം ഖന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
12,306 ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്യൂട്ട് പ്രോപ്പര്‍ട്ടി സംബന്ധിച്ച് വാദിഭാഗം സമര്‍പ്പിച്ച കേസ് തള്ളിയതില്‍ വിചാരണക്കോടതിയും ഹൈക്കോടതിയും വ്യക്തമായ പിഴവ് വരുത്തി. 1973 ലെ നിയമത്തിലെ 31-ാം വകുപ്പ് നിര്‍ബന്ധ സ്വഭാവമുള്ളല്ലെന്ന് വിലയിരുത്തിയാണ് ഈ ഉത്തരവുകളുണ്ടായിട്ടുള്ളതെന്നും സുപ്രീം കോടതി പറഞ്ഞു. ഇതിനകം അന്തിമമായിട്ടുള്ള ഇടപാടുകള്‍, സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.