ഐസിആര്‍എ നിഗമനം : 2021-22ല്‍ ആരോഗ്യ മേഖലയുടെ വരുമാന വളര്‍ച്ച 20% ആകും
1 min readന്യൂഡെല്‍ഹി: കോവിഡ് -19 മഹാമാരി മൂലം ആരോഗ്യമേഖലയിലെ വരുമാനത്തെ ബാധിച്ചുവെങ്കിലും ദീര്‍ഘകാല കാഴ്ചപ്പാട് സ്ഥിരതയാര്‍ന്ന നിലയിലാണെന്ന് ഐസിആര്‍എ-യുടെ നിഗമനം. ആശുപത്രികളില് രോഗികളെ പ്രവേശിപ്പിക്കുന്നതിന്റെ അളവില്‍ വീണ്ടെടുപ്പ് പ്രകടമാകുന്നതും ഘടനാപരമായ കാര്യങ്ങളുമാണ് ഇതിന്റെ പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. ഈ മേഖലയിലെ കമ്പനികളുടെ ഒക്കുപ്പന്‍സി 2021-22 ല്‍ 60 ശതമാനമായി ഉയരുമെന്ന് റേറ്റിംഗ് ഏജന്‍സി പ്രതീക്ഷിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇത് 52 ശതമാനമായിരിക്കും എന്നാണ് കണക്കാക്കുന്നത്.
അടുത്ത സാമ്പത്തിക വര്‍ഷത്തിലെ വരുമാന വളര്‍ച്ച 20 ശതമാനം ആകുമെന്നാണ് നിഗമനം. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 19 ശതമാനം ഇടിവ് പ്രതീക്ഷിക്കുന്ന സ്ഥാനത്താണിത്. ഈ വര്‍ഷത്തിലെ കുറഞ്ഞ കണക്കുകളുടെ അടിത്തറയും അടുത്ത വര്‍ഷത്തെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്നതിന് കാരണമാകും.
ഏപ്രിലില്‍ കുത്തനെ ഇടിവ് ഉണ്ടായതിനു ശേഷം എല്ലാ മാസവും ഒക്കുപ്പന്‍സിയില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ദീര്‍ഘ കാല പരിചരണവും തുടര്‍ ചികിത്സയും രോഗികള്‍ക്ക് നീട്ടിവെക്കാനാകില്ല എന്നതിനാല്‍ വരും മാസങ്ങളിലും ഇത് തുടരുമെന്നാണ് വിലയിരുത്തുന്നത്. ഈ മേഖലയിലെ മൂലധന വിപുലീകരണം കോവിഡിന് മുമ്പ് തന്നെ മന്ദഗതിയിലായിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിലും ഇത് മിതമായ തലത്തില്‍ ആയിരിക്കും.
ഇടത്തരം കാലഘട്ടത്തിലെ വളര്‍ച്ചയ്ക്ക് മതിയായ ശേഷി ഇപ്പോള്‍ തന്നെ ഉണ്ട് എന്നതിനാല്‍ നിലവിലുള്ള സൗകര്യങ്ങള്‍ നന്നായി ഉപയോഗപ്പെടുത്തുന്നതില്‍ ആയിരിക്കും ഈ മേഖലയിലെ കമ്പനികള്‍ ശ്രദ്ധ കേന്ദീകരിക്കുക. ഇത് ലാഭക്ഷമതയ്ക്കും സഹായകമാകുമെന്നും ഐസിആര്‍എ പറഞ്ഞു.