ജനുവരിയില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം 4.06%; ഡിസംബറിലെ ഐഐപി വളര്‍ച്ച 1.04%
1 min readന്യൂഡെല്‍ഹി: ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ നേരിയ തോതില്‍ കുറഞ്ഞ് 4.06 ശതമാനത്തിലേക്ക് എത്തി. 2020 ഡിസംബറില്‍ സിപിഐ പണപ്പെരുപ്പം 4.59 ശതമാനമായിരുന്നു. വ്യാവസായിക ഉല്‍പാദന സൂചിക (ഐഐപി) 2020 ഡിസംബറില്‍ 1.04 ശതമാനം വളര്‍ച്ച നേടിയെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. നവംബറിലെ 2.09 ശതമാനം ഇടിവാണ് വ്യാവസായിക ഉല്‍പ്പാദനത്തില്‍ രേഖപ്പെടുത്തിയിരുന്നത്.
ഐഐപി കണക്കുകള്‍ പ്രകാരം ഡിസംബറില്‍ മാനുഫാക്ചറിംഗ് മേഖലയുടെ ഉല്‍പ്പാദനം 1.6 ശതമാനം വര്‍ധിച്ചു. ഖനന മേഖലയിലെ ഉല്‍പ്പാദനം 4.8 ശതമാനം കുറഞ്ഞു. വൈദ്യുതി ഉല്‍പ്പാദനം 5.1 ശതമാനം വളര്‍ച്ച നേടി. സ്റ്റീല്‍, വളം ഉല്‍പാദനത്തില്‍ ഉണ്ടായ ഇടിവ് മൂലം 2020 ഡിസംബറില്‍ എട്ട് പ്രധാന വ്യവസായങ്ങളുടെ മൊത്തം ഉല്‍പ്പാദനം വ്യക്തമാക്കുന്ന സൂചിക 1.3 ശതമാനം ചുരുങ്ങി. ഈ സൂചിക തുടര്‍ച്ചയായ മൂന്നാം മാസമാണ് ഇടിവ് പ്രകടമാക്കുന്നത്.
കഴിഞ്ഞ രണ്ട് പാദങ്ങളില്‍ ഹെഡ്ലൈന്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്‍റെ ടാര്‍ഗെറ്റ് സോണായ 2-6 ശതമാനത്തിന് മുകളിലായിരുന്നു. 2020-21 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ സിപിഐ പണപ്പെരുപ്പം ശരാശരി 6.6 ശതമാനമാണ്. നടപ്പു പാദത്തിന്‍റെ റീട്ടെയില്‍ പണപ്പെരുപ്പം സംബന്ധിച്ച നിഗമനം 5.2 ശതമാനമായി റിസര്‍വ് ബാങ്ക് കുറച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ചില്ലറ പണപ്പെരുപ്പത്തിലുണ്ടായ ഇടിവിന് പധാനമായും കാരണമായത് ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ്. ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സിഎഫ്പിഐ) ജനുവരി മാസത്തില്‍ 1.89 ശതമാനമായി കുറഞ്ഞു. 2020 ഡിസംബറില്‍ ഇത് 3.41 ശതമാനമായിരുന്നു. പച്ചക്കറി വിലയില്‍ വലിയ ഇടിവ് ജനുവരിയില്‍ ഉണ്ടായി. 15.84 ശതമാനം വിലക്കുറവ് ഈ വിഭാഗത്തില്‍ ഉണ്ടായപ്പോള്‍ മറ്റ് പ്രധാന വിഭാഗങ്ങളിലെല്ലാം വിലക്കയറ്റമാണ് ഉണ്ടായത്.
എണ്ണ, കൊഴുപ്പ് വിഭാഗത്തില്‍ 19.71 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ പയറുവര്‍ഗ്ഗങ്ങളുടെയും ഉല്‍പന്നങ്ങളുടെയും വിഭാഗത്തില്‍ 13.39 ശതമാനം പണപ്പെരുപ്പം ഉണ്ടായി. മുട്ടയുടെ വില 12.85 ശതമാനവും ഇറച്ചി മത്സ്യ വിഭാഗത്തില്‍ 12.54 ശതമാനവും വര്‍ധനയുണ്ടായി.