വാഹന വിവരങ്ങള്‍ പങ്കുവെച്ച് 100 കോടി വരുമാനമുണ്ടാക്കി: ഗഡ്കരി
ന്യൂഡെല്‍ഹി: സ്വകാര്യ കമ്പനികള്‍ക്ക് വാഹന്‍, സാര്‍ഥി ഡാറ്റാബേസുകളിലേക്ക് പ്രവേശനം നല്‍കി 100 കോടി രൂപയുടെ വരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയതെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ മന്ത്രി നിതിന്‍ ഗഡ്കരി. വാഹനങ്ങളുടെ വിവരങ്ങള്‍ കൈമാറിയതിലൂടെ കൃത്യം 1,11,38,79,757 രൂപയാണ് സര്‍ക്കാര്‍ നേടിയതെന്ന് ലോക്സഭയ്ക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രാലയം, നിയമ നിര്‍വഹണ ഏജന്‍സികള്‍, ഇന്‍ഷുറന്‍സ്, ഓട്ടോമൊബീല്‍, ചരക്ക് കമ്പനികള്‍ എന്നിവയുമായി ഡാറ്റ പങ്കിട്ടുവെന്നാണ് ഗഡ്കരി വ്യക്തമാക്കിയിട്ടുള്ളത്.
രണ്ട് ഡാറ്റാബേസുകളും പങ്കിട്ടിട്ടുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്, ആക്സിസ് ബാങ്ക്, എല്‍ ആന്‍ഡ് ടി ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ ഉള്‍പ്പെടുന്നു. 2019ല്‍ പുറത്തിറക്കിയ വന്‍തോതില്‍ ഡാറ്റ പങ്കിടുന്ന നയം ഗതാഗത മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സുകളുടെയും രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പടെയുള്ള വാഹന്‍, സാര്‍തി ഡാറ്റാബേസുകള്‍ പങ്കിടാന്‍ ഈ നയമാണ് സര്‍ക്കാരിനെ പ്രാപ്തമാക്കിയത്.
വ്യക്തിഗത ഡാറ്റയുടെ ദുരുപയോഗവും സ്വകാര്യത ആശങ്കകളും ചൂണ്ടിക്കാട്ടി മന്ത്രാലയം കഴിഞ്ഞ വര്‍ഷം ജൂണില്‍ ഈ നയം ഉപേക്ഷച്ചിരുന്നു. സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിക്കഴിഞ്ഞ ശേഖരിച്ച ഇത്തരം വിവരങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമോ എന്ന മറ്റൊരു ചോദ്യത്തിന് “അത്തരം നിര്‍ദ്ദേശങ്ങളൊന്നും പരിഗണനയിലില്ല,’ എന്ന മറുപടിയാണ് ഗഡ്കരി നല്‍കിയത്.