December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റെനോ കൈഗര്‍ ആക്‌സസറി പാക്കുകള്‍ പ്രഖ്യാപിച്ചു  

ഇസെന്‍ഷ്യല്‍, അട്രാക്റ്റിവ്, എസ്‌യുവി, സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ് എന്നീ അഞ്ച് പാക്കേജുകളായി ആക്‌സസറികള്‍ ലഭിക്കും  

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലെ ഏറ്റവും പുതിയ അംഗമാണ് റെനോ കൈഗര്‍. നാല് വേരിയന്റുകളില്‍ ലഭിക്കും. പുതിയ മോഡലിന്റെ വിവിധ ആക്‌സസറി പാക്കുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍. ഇസെന്‍ഷ്യല്‍, അട്രാക്റ്റിവ്, എസ്‌യുവി, സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ് എന്നീ അഞ്ച് പാക്കേജുകളായി ആക്‌സസറികള്‍ ലഭിക്കും. സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ അകവും പുറവും മോടി പിടിപ്പിക്കുന്നതിന് ഈ ആക്‌സസറികള്‍ ഉപയോഗിക്കാം. ഓരോ പാക്കുകളുടെയും വില എത്രയെന്ന വിവരം തല്‍ക്കാലം ലഭ്യമല്ല.

അടിസ്ഥാന, സുരക്ഷാ ആക്‌സസറികളാണ് ഇസെന്‍ഷ്യല്‍ പാക്കിന്റെ ഭാഗമായി ലഭിക്കുന്നത്. കാര്‍ കവര്‍, കാര്‍പ്പറ്റ് മാറ്റ്, മഡ് ഫ്‌ളാപ്പ്, ബംപര്‍ കോര്‍ണര്‍ പ്രൊട്ടക്ഷന്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. എസ്‌യുവിയുടെ ലുക്ക് വര്‍ധിപ്പിക്കുന്നതാണ് അട്രാക്റ്റിവ് പാക്ക്. വാഹനത്തിന്റെ പുറമേ ഉപയോഗിക്കാവുന്ന അലങ്കാരങ്ങളും ക്രോം ആക്‌സസറികളും ലഭിക്കും. ഗ്രില്ലിനായി ക്രോം ലൈനര്‍, മുന്നിലെ ബംപറിന് ക്രോം, ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ക്രോം ഗാര്‍ണിഷ്, ഗ്രില്ലിന് ക്രോം ഗാര്‍ണിഷ്, വിന്‍ഡോ ഫ്രെയിം കിറ്റ്, ഒആര്‍വിഎം ക്രോം, സി പില്ലര്‍ ഗാര്‍ണിഷ്, ടെയ്ല്‍ഗേറ്റ് ക്രോം എന്നിവയാണ് അട്രാക്റ്റിവ് പാക്കില്‍ ഉള്‍പ്പെടുന്നത്.

എസ്‌യുവിയുടെ ലുക്കിന് ബുച്ച് അപ്പീല്‍ നല്‍കുന്നതാണ് എസ്‌യുവി പാക്ക്. തടിച്ച ക്ലാഡിംഗ്, സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയാണ് പ്രധാനം. മുന്നില്‍ സ്‌കിഡ് പ്ലേറ്റ്, പിറകില്‍ ട്രങ്ക് ക്ലാഡിംഗ്, ഡോര്‍ സ്‌കട്ടിലുകള്‍, ബോഡി സൈഡ് ക്ലാഡിംഗ് എന്നിവ എസ്‌യുവി പാക്കില്‍ ഉള്‍പ്പെടുന്നു. വാഹനത്തിനകത്ത് ഉപയോഗിക്കാവുന്ന ആക്‌സസറികളാണ് സ്മാര്‍ട്ട് പാക്കില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്നില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ ഉള്‍പ്പെടെയുള്ള ചില അസിസ്റ്റ് ഫീച്ചറുകളും ലഭിക്കും. മുന്നില്‍ പാര്‍ക്കിംഗ് സെന്‍സര്‍, ട്രങ്ക് ലൈറ്റ്, ആംറെസ്റ്റ് കണ്‍സോള്‍ ഓര്‍ഗനൈസര്‍, 3ഡി ഫ്‌ളോര്‍ മാറ്റ് എന്നിവ സ്മാര്‍ട്ട് പാക്കില്‍ ഉള്‍പ്പെടുന്നു.

കൈഗറിന്റെ ക്രീച്ചര്‍ കംഫര്‍ട്ടുകള്‍ വര്‍ധിപ്പിക്കുന്ന ആക്‌സസറികളാണ് സ്മാര്‍ട്ട് പ്ലസ് പാക്കിന്റെ ഭാഗമായി ലഭിക്കുന്നത്. വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യുരിഫൈര്‍, ആംബിയന്റ് ലൈറ്റ്, പഡില്‍ ലാംപ്, മുന്നില്‍ പാര്‍ക്കിംഗ് സെന്‍സര്‍, ട്രങ്ക് ലൈറ്റ്, ആംറെസ്റ്റ് കണ്‍സോള്‍ ഓര്‍ഗനൈസര്‍, 3ഡി ഫ്‌ളോര്‍ മാറ്റ് എന്നീ പ്രീമിയം ഫീച്ചറുകള്‍ സ്മാര്‍ട്ട് പ്ലസ് പാക്കിന്റെ ഭാഗമാണ്.

Maintained By : Studio3