November 2, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റെനോ കൈഗര്‍ നേപ്പാളിലേക്ക്

റെനോയുടെ നേപ്പാളിലെ വിതരണക്കാരായ അഡ്വാന്‍സ്ഡ് ഓട്ടോമൊബീല്‍സ് വഴിയായിരിക്കും ആ രാജ്യത്തെ വില്‍പ്പന  

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്ന് റെനോ കൈഗര്‍ സബ്‌കോംപാക്റ്റ് എസ്‌യുവി നേപ്പാളിലേക്ക് കയറ്റുമതി ചെയ്തുതുടങ്ങി. റെനോയുടെ നേപ്പാളിലെ വിതരണക്കാരായ അഡ്വാന്‍സ്ഡ് ഓട്ടോമൊബീല്‍സ് വഴിയായിരിക്കും ആ രാജ്യത്തെ വില്‍പ്പന. പതിനഞ്ച് വില്‍പ്പന ഔട്ട്‌ലെറ്റുകളും 13 സര്‍വീസ് ഔട്ട്‌ലെറ്റുകളുമാണ് നേപ്പാളില്‍ പ്രവര്‍ത്തിക്കുന്നത്. റെനോയുടെ പുതിയ മോഡലിന് ഇന്ത്യയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനം 1,100 ലധികം യൂണിറ്റ് കൈഗര്‍ എസ്‌യുവി വിവിധ ഡീലര്‍ഷിപ്പുകളിലൂടെ ഇന്ത്യയില്‍ ഡെലിവറി ചെയ്തിരുന്നു.

റെനോയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലെ പ്രധാന നാഴികക്കല്ലാണ് ഇപ്പോഴത്തെ കയറ്റുമതിയെന്ന് റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ വെങ്കട്‌റാം മാമിലാപള്ളി പറഞ്ഞു. ഇന്ത്യയുടെ ഡിസൈന്‍, എന്‍ജിനീയറിംഗ്, മാനുഫാക്ച്ചറിംഗ് ശേഷികളുടെ ഉത്തമ ഉദാഹരണമാണ് നാല് മീറ്ററില്‍ താഴെ നീളം വരുന്ന കൈഗര്‍ എസ്‌യുവിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. സാര്‍ക്ക് മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ആരംഭിക്കുമെന്ന് മാമിലാപള്ളി കൂട്ടിച്ചേര്‍ത്തു.

റെനോ കൈഗര്‍ എസ്‌യുവിയുടെ എന്‍ജിന്‍ ഓപ്ഷനുകള്‍ പരിശോധിച്ചാല്‍, 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ 70 ബിഎച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 97 ബിഎച്ച്പി കരുത്തും 160 എന്‍എം ടോര്‍ക്കുമാണ് പരമാവധി പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് മാന്വല്‍ സ്റ്റാന്‍ഡേഡ് ട്രാന്‍സ്മിഷനാണ്. യഥാക്രമം രണ്ട് എന്‍ജിനുകളുടെയും ഓപ്ഷണല്‍ ട്രാന്‍സ്മിഷനുകളായി എഎംടി, സിവിടി ലഭിക്കും. നാല് വേരിയന്റുകളിലും ആറ് കളര്‍ ഓപ്ഷനുകളിലും റെനോ കൈഗര്‍ ലഭ്യമാണ്.

Maintained By : Studio3