ക്വാറന്റീനിലൂടെ സാവോ പൗലോയില്‍ മരണ നിരക്ക് 23.6 ശതമാനം കുറഞ്ഞതായി അധികൃതര്‍
1 min readബ്രസീലില്‍ പകര്‍ച്ചവ്യാധി ഏറ്റവുമധികം ദുരിതം വിതച്ച സ്റ്റേറ്റാണ് സാവോ പൗലോ
സാവോ പൗലോ: പകര്‍ച്ചവ്യാധി ദുരന്തം തീര്‍ത്ത രണ്ട് മാസങ്ങള്‍ക്ക് ശേഷം കോവിഡ് മരണങ്ങള്‍ കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ബ്രസീലിലെ സാവോ പൗലോ. എട്ട് ആഴ്ചകള്‍ക്ക് ശേഷം ആദ്യമായി സാവോ പൗലോയില്‍ കോവിഡ്-19 മൂലമുള്ള മരണങ്ങളില്‍ 23 ശതമാനം കുറവുണ്ടായതായി ബ്രസീലിലെ തെക്ക്കിഴക്കന്‍ സ്റ്റേറ്റായ സാവോ പൗലോയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാക്‌സിനേഷനിലും ക്വാറന്റീന്‍ നടപടിക്രമങ്ങളിലുമുള്ള പുരോഗതിയാണ് ഈ നേട്ടത്തിലേക്ക് സാവോ പൗലെയെ എത്തിച്ചതെന്ന് ഗവര്‍ണര്‍ റോഡ്രിഗോ ഗര്‍ശിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ബ്രസീലില്‍ കോവിഡ്-19 പകര്‍ച്ചവ്യധി ഏറ്റവുമധികം ബാധിച്ച സ്റ്റേറ്റാണ് സാവോ പൗലോ. രോഗം ഏറക്കുറെ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ സാവോ പൗലോയില്‍ പാര്‍ക്കുകളും റെസ്റ്റേറന്റുകളും മ്യൂസിയങ്ങളും ബ്യൂട്ടി സലൂണുകളും ജിമ്മുകളും ഇന്നലെ മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. മേയ് മൂന്നിന് ക്വാറന്റീനുമായി ബന്ധപ്പെട്ട സ്ഥതിഗതികള്‍ വിലയിരുത്തിയ ശേഷം ഇവ വീണ്ടും അടച്ചിടണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.
സാവോ പൗലോയിലെ ഹെല്‍ത്ത് സെക്രട്ടറിയേറ്റില്‍ നിന്നുള്ള വിവരം അനുസരിച്ച്, കര്‍ശനമായ ക്വാറന്റീന്‍ നടപടികളിലൂടെ സ്റ്റേറ്റിലെ മരണ നിരക്ക് കഴിഞ്ഞ ആഴ്ച 813ല്‍ നിന്നും 621 ആയി കുറഞ്ഞിരുന്നു. അതേസമയം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ 14.3 ശതമാനവും രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ 4.5 ശതമാനവും കുറവുണ്ടായിട്ടുണ്ട്. മാത്രമല്ല തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.
വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് സാവോ പൗലോയില്‍ ഇതുവരെ 91,673 കോവിഡ് മരണങ്ങളും 2,811,562 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.