രാമക്ഷേത്രം: ചെലവഴിച്ച പണത്തിന്‍റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി നല്‍കണം
ന്യൂഡെല്‍ഹി: ശ്രീരാം മന്ദിര്‍ ട്രസ്റ്റ് ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായതിനെത്തുടര്‍ന്ന് ചെലവഴിച്ച പണത്തിന്‍റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.ഇത് ജനങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും ഭൂമി ഇടപാടില്‍ സുപ്രീംകോടതി നിരീക്ഷണം നടത്തണമെന്നും അവര്‍ പറഞ്ഞു. “വാര്‍ത്തകള്‍ അനുസരിച്ച് ഭൂമി വാങ്ങുന്നതില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ട്. മാര്‍ച്ച് 18 ന് രണ്ട് പേര്‍ അയോധ്യയില്‍ രണ്ട് കോടി രൂപയ്ക്ക് സ്ഥലം വാങ്ങി. ആ ഭൂമി അഞ്ച് മിനിറ്റിനുള്ളില്‍ 18.5 കോടി രൂപയ്ക്ക് പ്രധാനമന്ത്രി രൂപീകരിച്ച ശ്രീരാം മന്ദിര്‍ ട്രസ്റ്റിന് മറിച്ചുകൊടുത്തു’, ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഭൂമിയുടെ മൂല്യം സെക്കന്‍ഡില്‍ 5.5 ലക്ഷം രൂപ വര്‍ദ്ധിച്ചു എന്നാണ് ഇതിനര്‍ത്ഥം. ‘ആര്‍ക്കും ഇത് സങ്കല്‍പ്പിക്കാനും വിശ്വസിക്കാനും കഴിയുമോ? മറക്കരുത്, മുഴുവന്‍ പണവും രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന ചെയ്ത രാജ്യത്തെ ജനങ്ങളുടേതാണ്,’ അവര്‍ പറഞ്ഞു.ഭൂമി, രജിസ്ട്രി പേപ്പറുകള്‍ എന്നിവയുടെ വില്‍പ്പന ഡീഡില്‍ സാക്ഷികളുടെ കോളത്തിലെ മിക്ക പേരുകളും സാധാരണമാണെന്നും അവര്‍ പറഞ്ഞു. സാക്ഷികളില്‍ ഒരാള്‍ രാം മന്ദിര്‍ ട്രസ്റ്റിന്‍റെ വിശ്വസ്തരില്‍ ഒരാളാണ് (അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ മുന്‍ അംഗമാണ്) മറ്റൊരാള്‍ ബിജെപി നേതാവും അയോദ്ധ്യ മേയറുമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.ശ്രീരാം ട്രസ്റ്റില്‍ നിന്നുള്ള പ്രസ്താവനയില്‍ ഭൂമിയുടെ നിരക്ക് വര്‍ദ്ധിച്ചതായും വലിയ തുക നല്‍കാനുള്ള കാരണമാണിതെന്നും അവര്‍ പറഞ്ഞിരുന്നു. നിലവിലെ സര്‍ക്കിള്‍ നിരക്ക് അനുസരിച്ച് ഭൂമിയുടെ മൂല്യം അഞ്ച് കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചുകൊണ്ട് ട്രസ്റ്റിന്‍റെ പ്രവര്‍ത്തനത്തില്‍ സുതാര്യതയില്ലെന്ന് രാം മന്ദിര്‍ ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ നൃത്യ ഗോപാല്‍ ദാസ് ആരോപിച്ചുവെന്നും പ്രിയങ്ക പറയുന്നു. നിരവധി സ്ത്രീകള്‍ തങ്ങളുടെ സമ്പാദ്യം ക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന ചെയ്തു. ‘ദൈവത്തിന്‍റെ നാമത്തില്‍ ആളുകള്‍ സംഭാവന ചെയ്യുന്ന പണത്തെ ആരും സ്പര്‍ശിക്കരുത്. ആ സംഭാവനകളില്‍ വിശ്വാസം, ഭക്തി എന്നിവയെല്ലാമടങ്ങിയിരിക്കുന്നു. മോദിയാണ് ശ്രീരാമ മന്ദിര്‍ ട്രസ്റ്റ് രൂപീകരിച്ചത്. ട്രസ്റ്റിലെ പല അംഗങ്ങളും അദ്ദേഹത്തോട് അടുപ്പമുള്ളവരാണ്. ക്ഷേത്രത്തിനായി ആളുകള്‍ സംഭാവന ചെയ്യുന്ന പണം ക്ഷേത്രത്തിനും മതപരമായും വിനിയോഗിക്കുന്നുവെന്ന് ഉറപ്പ് നല്‍കേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. പ്രിയങ്ക പറയുന്നു. ഈശ്വരവിശ്വാസത്തില്‍ ഒരു അവസരം കണ്ടെത്തുന്നത് കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തെ മായ്ച്ചുകളയുന്നതാണെന്നും അവര്‍ പറഞ്ഞു. ‘സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ശ്രീരാം ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി, ഭൂമി ഇടപാട് സംബന്ധിച്ച് സുപ്രീംകോടതി നിരീക്ഷണം നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു, “കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
രാമ ക്ഷേത്ര ഭൂമി വാങ്ങുന്നതില്‍ അഴിമതി ആരോപണങ്ങള്‍ക്കിടെ ശ്രീ രാം ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറി ചമ്പത് റായ് വാര്‍ത്തകള്‍ നിഷേധിച്ച് നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു.വാസ്തുശാസ്ത്രമനുസരിച്ച് ശ്രീരാം ജന്മഭൂമി ക്ഷേത്രത്തിന് ഭംഗിയുള്ള രൂപം നല്‍കാനും സമുച്ചയം എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതമാക്കാനും സന്ദര്‍ശകര്‍ക്ക് സൗകര്യപ്രദമാക്കാനുമാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.