”പൃഥ്വി വിഗ്യാന്‍ (പൃഥ്വി)” പദ്ധതി
ന്യൂ ഡൽഹി: ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ‘പൃഥ്വി വിഗ്യാന്‍ (പൃഥ്വി)’ എന്ന സമഗ്ര പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 4,797 കോടി രൂപ ചിലവു വരുന്ന പദ്ധതി 2021-26 കാലഘട്ടത്തില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അന്തരീക്ഷ, കാലാവസ്ഥാ ഗവേഷണം-മോഡലിംഗ് നിരീക്ഷണ സംവിധാനങ്ങൾ, സേവനങ്ങള്‍ (ACROSS)’, ‘സമുദ്ര സേവനങ്ങള്‍, മോഡലിംഗ് ആപ്ലിക്കേഷന്‍, റിസോഴ്സ് ആന്‍ഡ് ടെക്‌നോളജി (O-SMART)’, ‘പോളാര്‍ സയന്‍സ് ആന്‍ഡ് ക്രയോസ്ഫിയര്‍ റിസര്‍ച്ച് (PACER) ‘, ”സീസ്‌മോളജി ആന്‍ഡ് ജിയോസയന്‍സസ് (SAGE)’ കൂടാതെ ”ഗവേഷണം, വിദ്യാഭ്യാസം, പരിശീലനം, ഔട്ട്‌റീച്ച് (REACHOUT)’ എന്നിങ്ങനെ ഇപ്പോള്‍ നടന്നു വരുന്ന അഞ്ച് ഉപപദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി.
സമഗ്രമായ പൃഥ്വി പദ്ധതി അന്തരീക്ഷം, സമുദ്രം, ജിയോസ്ഫിയര്‍, ക്രയോസ്ഫിയര്‍, സോളിഡ് എര്‍ത്ത് എന്നിവയുടെ ദീര്‍ഘകാല നിരീക്ഷണങ്ങളുടെ മെച്ചപ്പെടുത്തലും നിലനിർത്തലും വഴി ഭൗമ വ്യവസ്ഥയുടെ സുപ്രധാന അടയാളങ്ങളും മാറ്റങ്ങളും രേഖപ്പെടുത്തുന്നു. കാലാവസ്ഥ, സമുദ്രം, കാലാവസ്ഥാ അപകടങ്ങള്‍ എന്നിവ മനസ്സിലാക്കുന്നതിനും പ്രവചിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ശാസ്ത്രം മനസ്സിലാക്കുന്നതിനുമുള്ള മോഡലിംഗ് സംവിധാനങ്ങളുടെ വികസനം; പുതിയ പ്രതിഭാസങ്ങളും വിഭവങ്ങളും കണ്ടെത്തുന്നതിനായി ഭൂമിയുടെ ധ്രുവ, ഉയര്‍ന്ന സമുദ്ര മേഖലകള്‍ പര്യവേക്ഷണം ചെയ്യുക;
പര്യവേക്ഷണത്തിനുള്ള സാങ്കേതികവിദ്യയുടെ വികസനം, സാമൂഹിക പ്രയോഗങ്ങള്‍ക്കായി സമുദ്ര വിഭവങ്ങള്‍ സുസ്ഥിരമായി വിനിയോഗിക്കുക; എര്‍ത്ത് സിസ്റ്റം സയന്‍സില്‍ നിന്നുള്ള അറിവും ഉള്‍ക്കാഴ്ചകളും സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങള്‍ക്കായുള്ള സേവനങ്ങളിലേക്ക് പരിവര്‍ത്തനപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിൽ സഹായിക്കുന്നു.
കാലാവസ്ഥ, സമുദ്രം, തീരദേശ സ്ഥിതി, ജലശാസ്ത്രം, ഭൂകമ്പശാസ്ത്രം, പ്രകൃതിദത്ത അപകടങ്ങള്‍ എന്നിവയ്ക്കായുള്ള സേവനങ്ങള്‍ നലകുന്നതിൻ്റെ ഭാഗമായി, സമൂഹത്തിനായുള്ള സേവനങ്ങളിലേക്ക് ശാസ്ത്രത്തെ വിവര്‍ത്തനം ചെയ്യാന്‍ ഭൗമശാസ്ത്ര മന്ത്രാലയം (MoES) ബാധ്യസ്ഥമാണ്; രാജ്യത്തിന് സുസ്ഥിരമായ രീതിയില്‍ കടലിലെ ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങള്‍ പര്യവേക്ഷണം ചെയ്യാനും ഉപയോഗിക്കാനും ഭൂമിയുടെ മൂന്ന് ധ്രുവങ്ങള്‍ (ആര്‍ട്ടിക്, അന്റാര്‍ട്ടിക്, ഹിമാലയം) പര്യവേക്ഷണം ചെയ്യാനും സമാനമായ ബാധ്യസ്ഥത മന്ത്രാലയത്തിനുണ്ട്. ഈ സേവനങ്ങളില്‍ കാലാവസ്ഥാ പ്രവചനങ്ങൾ (കരയിലും സമുദ്രത്തിലും), ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങള്‍, ഇടിമിന്നല്‍, സുനാമി മുന്നറിയിപ്പ്, ഭൂകമ്പ നിരീക്ഷണം തുടങ്ങിയ വിവിധ പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള മുന്നറിയിപ്പുകളും ഉള്‍പ്പെടുന്നു; മനുഷ്യജീവനുകള്‍ രക്ഷിക്കുന്നതിനും പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള വസ്തുക്കളുടെ നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും മന്ത്രാലയം നല്‍കുന്ന സേവനങ്ങള്‍ വിവിധ ഏജന്‍സികളും സംസ്ഥാന സര്‍ക്കാരുകളും ഫലപ്രദമായി ഉപയോഗിക്കുന്നു.
ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ (MoES-ന്റെ) ഗവേഷണ-വികസന, ഓപ്പറേഷണൽ (സേവന) പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് MoES-ന്റെ പത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD), നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിംഗ് (NCMRWF), സെന്റര്‍ ഫോര്‍ മറൈന്‍ ലിവിംഗ് റിസോഴ്‌സസ് ആന്‍ഡ് ഇക്കോളജി (CMLRE), നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (NCCR), നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (NCS), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി (NIOT), ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (INCOIS), ഹൈദരാബാദ്, നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് (NCPOR), ഗോവ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി (IITM), പൂനെ, നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (NCESS) എന്നിവയാണത്. സമുദ്രശാസ്ത്ര, തീരദേശ ഗവേഷണ കപ്പലുകളുടെ ഒരു സംഘം മന്ത്രാലയത്തിന്റെ പദ്ധതിക്ക് ആവശ്യമായ ഗവേഷണ പിന്തുണ നല്‍കുന്നു.
ഭൗമവ്യവസ്ഥയുടെ അഞ്ച് ഘടകങ്ങളും എര്‍ത്ത് സിസ്റ്റം സയന്‍സസ് കൈകാര്യം ചെയ്യുന്നു: അന്തരീക്ഷം, ജലമണ്ഡലം, ജിയോസ്ഫിയര്‍, ക്രയോസ്ഫിയര്‍, ബയോസ്ഫിയര്‍ എന്നിവയും അവയുടെ സങ്കീര്‍ണ്ണമായ ഇടപെടലുകളുമാണിവ. എര്‍ത്ത് സിസ്റ്റം സയന്‍സുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും എര്‍ത്ത് സയന്‍സസ് മന്ത്രാലയം സമഗ്രമായി പരിശോധനക്ക് വിധേയമാക്കുന്നു. പൃഥ്വി പദ്ധതി ഭൗമ വ്യവസ്ഥയുടെ ഈ അഞ്ച് ഘടകങ്ങളെയും സമഗ്രമായി പരിഗണിക്കും. ഇത് എര്‍ത്ത് സിസ്റ്റം സയന്‍സസിന്റെ കുറവുകൾ പരിഹരിക്കുന്നതിനും രാജ്യത്തിന് വിശ്വസ്തമായ സേവനങ്ങള്‍ നല്‍കുന്നതിനും സഹായിക്കും. പൃഥ്വി പദ്ധതിയുടെ വിവിധ ഘടകങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, അവ MoES-ന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സംയുക്ത ശ്രമങ്ങളിലൂടെ കൂട്ടായി നടപ്പിലാക്കുന്നു. പൃഥ്വി വിഗ്യാന്റെ വിപുലമായ പദ്ധതി വിവിധ MoES ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഉടനീളം സംയോജിത മള്‍ട്ടി-ഡിസിപ്ലിനറി ഭൗമ ശാസ്ത്ര ഗവേഷണവും നൂതന പരിപാടികളും വികസിപ്പിക്കാന്‍ സഹായിക്കും. കാലാവസ്ഥ, സമുദ്രം, ക്രയോസ്ഫിയര്‍, ഭൂകമ്പ ശാസ്ത്രം, സേവനങ്ങള്‍ എന്നിവയുടെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും അവയുടെ സുസ്ഥിരമായ ഉപയോഗത്തിനായി ജീവനുള്ളതും അല്ലാത്തതുമായ വിഭവങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും ഈ സംയോജിത ഗവേഷണ-വികസന ശ്രമങ്ങള്‍ സഹായിക്കും.