ജനപ്രിയ ചലച്ചിത്രകാരന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്ക്
കൊച്ചി: ജനപ്രിയ ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവി കോണ്‍ഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളം യാത്രയെ സ്വീകരിക്കാന്‍ അദ്ദേഹം തൃപ്പൂണിത്തുറയില്‍ എത്തിയിരുന്നു.യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. നേരത്തെ തന്നെ യാത്രയിലേക്ക് ക്ഷണിച്ചിരുന്നതായി മേജര്‍രവിതന്നെ വെളിപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മുല്ലപ്പള്ളി തന്‍റെ സോഷ്യല്‍ മീഡിയ എക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു.
ബിജെപി സഹയാത്രികനായി കരുതപ്പെട്ടിരുന്ന മേജര്‍ രവി അടുത്തിടെ നടത്തിയ ചില പ്രസ്താവനകള്‍ അദ്ദേഹം അവിടെ നിന്നും അകലുന്നു എന്നതിന്‍റെ സൂചന നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ പ്രസംഗങ്ങള്‍ക്ക് പോകില്ലെന്നും മറ്റും അദ്ദേഹം വ്യക്തമാക്കിയതാണ്. ഇത് ബിജെപിയുമായുള്ള വഴിപിരിയലാണ് എന്ന് ആരും അന്ന് കരുതിയിരുന്നില്ല.
62 കാരനായ രവി ഇന്ത്യന്‍ ആര്‍മിയില്‍നിന്ന് മേജറായി വിരമിച്ചു. മുന്‍ എന്‍എസ്ജി കമാന്‍ഡോയുമാണ്. കരസേനയില്‍ ആയിരിക്കുമ്പോള്‍, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിലെപ്രതികളെ പിടികൂടാന്‍ ചുമതലപ്പെടുത്തിയ ഓപ്പറേഷന്‍ വണ്‍ ഐഡ് ജാക്ക് എന്ന ദൗത്യത്തിന്‍റെ തലവനായിരുന്നു അദ്ദേഹം. പഞ്ചാബിലും കശ്മീരിലും തീവ്രവാദത്തിനെതിരെ പോരാടിയതിന് 1991 ലും 1992 ലും രാഷ്ട്രപതിയുടെ ധീരതക്കുള്ള മെഡല്‍ ലഭിച്ചു.
വിരമിച്ച ശേഷമാണ് അദ്ദേഹം ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചത്, ആദ്യം ഫിലിം കണ്‍സള്‍ട്ടന്‍റായിരുന്നു, പ്രമുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചു. പിന്നീട് ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയ അദ്ദേഹം 2002 ല്‍ സംവിധായകനായി.
2006 ല്‍ ‘കീര്‍ത്തി ചക്ര’യുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുകയും അതേ ചിത്രത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള ചലച്ചിത്ര അവാര്‍ഡ് നേടുകയും ചെയ്തു.ഇതുവരെ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഒമ്പത് മലയാള ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.