”നീതി സുഗമമാക്കുക എന്നത് അവകാശമാണ്, സുപ്രീം കോടതി അതിന്റെ മാധ്യമവും”: പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം ഡല്‍ഹിയിലെ സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സുപ്രീം കോടതി റിപ്പോര്‍ട്ടുകള്‍ (ഡിജി എസ് സി ആര്‍), ഡിജിറ്റല്‍ കോടതികള്‍ 2.0, സുപ്രീം കോടതിയുടെ പുതിയ വെബ്‌സൈറ്റ് എന്നിവ ഉള്‍പ്പെടുന്ന പൗര കേന്ദ്രീകൃത വിവര സാങ്കേതിക സംരംഭങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു. ആഗോള ഭൗമരാഷ്ട്രീയത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതിക്കിടയില്‍, ലോകത്തിന്റെ കണ്ണുകള്‍ ഇന്ത്യയിലാണെന്നും രാജ്യത്തിലുള്ള വിശ്വാസം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ഈയവസരത്തിൽ പറയുകയുണ്ടായി. നമ്മുടെ വഴിയില്‍ വരുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കുകയും, ജീവിതം സുഗമമാക്കല്‍, വ്യാപാരം സുഗമമാക്കല്‍, യാത്ര, ആശയവിനിമയം, നീതി സുഗമമാക്കല്‍ എന്നിവ രാജ്യത്തിന്റെ പ്രധാന മുന്‍ഗണനകളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ”നീതി സുഗമമാക്കുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്റെയും അവകാശമാണ്. ഇന്ത്യയുടെ സുപ്രീം കോടതി അതിന്റെ മാധ്യമമാണ്”, മോദി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ നീതിന്യായ വ്യവസ്ഥയും നിയന്ത്രിക്കുന്നതും നയിക്കുന്നതും ഇന്ത്യയുടെ സുപ്രീം കോടതിയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സുപ്രീം കോടതിയെ വിദൂര ഭാഗങ്ങളില്‍ പ്രാപ്യമാക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ മുന്‍ഗണന ചൂണ്ടിക്കാട്ടുകയും ഇ-കോടതി മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് അംഗീകാരം നല്‍കുകയും ചെയ്തു. മൂന്നാം ഘട്ടത്തിനുള്ള ഫണ്ട് വിഹിതം രണ്ടാം ഘട്ടത്തേക്കാള്‍ നാലിരട്ടി വര്‍ധിപ്പിച്ചതായി അദ്ദേഹം അറിയിച്ചു. രാജ്യത്തെ എല്ലാ കോടതികളുടെയും ഡിജിറ്റല്‍വല്‍ക്കരണം ചീഫ് ജസ്റ്റിസ് നേരിട്ടു നിരീക്ഷിക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
കാലഹരണപ്പെട്ട കൊളോണിയല്‍ ക്രിമിനല്‍ നിയമങ്ങള്‍ ഇല്ലാതാക്കുന്നതിനും ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം തുടങ്ങിയ പുതിയ നിയമനിര്‍മ്മാണങ്ങള്‍ അവതരിപ്പിക്കുന്നതിലുമുള്ള ഗവണ്‍മെന്റിന്റെ മുന്‍കൈകള്‍ പ്രധാനമന്ത്രി മോദി ഉയര്‍ത്തിക്കാട്ടി. ”ഈ മാറ്റങ്ങളിലൂടെ, നമ്മുടെ നിയമ, പോലീസ്, അന്വേഷണ സംവിധാനങ്ങള്‍ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു” അദ്ദേഹം തറപ്പിച്ചുപറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമങ്ങളില്‍ നിന്ന് പുതിയ നിയമങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോദി, ”പഴയ നിയമങ്ങളില്‍ നിന്ന് പുതിയ നിയമങ്ങളിലേക്കുള്ള മാറ്റം തടസ്സമില്ലാത്തതായിരിക്കണം, അത് അത്യന്താപേക്ഷിതമാണ്” എന്നും ചൂണ്ടിക്കാട്ടി. പരിവര്‍ത്തനം സുഗമമാക്കുന്നതിന് ഇക്കാര്യത്തില്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിനും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മുന്‍കൈകള്‍ക്ക് തുടക്കംകുറിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ പങ്കാളികളുടെയും ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ഏര്‍പ്പെടണമെന്ന് പ്രധാനമന്ത്രി മോദി സുപ്രീം കോടതിയോടും അഭ്യര്‍ത്ഥിച്ചു.
വികസിത ഭാരതത്തിന്റെ ആണിക്കല്ലെന്ന നിലയില്‍ ശക്തമായ നീതിന്യായ വ്യവസ്ഥയുടെ നിര്‍ണായക പങ്ക് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. വിശ്വസനീയമായ ഒരു നിയമ ചട്ടക്കൂട് സൃഷ്ടിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ ശ്രമങ്ങള്‍ എടുത്തുപറഞ്ഞ്, തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളുടെ എണ്ണം കുറയ്ക്കുകയും അതുവഴി ജുഡീഷ്യറിയില്‍ നിന്നുള്ള അനാവശ്യ സമ്മര്‍ദ്ദം ലഘൂകരിക്കുകയും ചെയ്തതില്‍ ജന വിശ്വാസ ബില്ലിന്റെ നിയമനിര്‍മ്മാണം ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പായി അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യസ്ഥതയിലൂടെ ബദല്‍ തര്‍ക്കപരിഹാരത്തിനുള്ള വ്യവസ്ഥകള്‍ അവതരിപ്പിക്കുന്നതിനെ ക്കുറിച്ചും പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു, ഇത്, പ്രത്യേകിച്ചും കീഴ്‌ക്കോടതികളില്‍ ഭാരം ലഘൂകരിക്കാന്‍ സഹായിച്ചു. 2047-ഓടെ വികസിത ഭാരതം എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള എല്ലാ പൗരന്മാരുടെയും കൂട്ടുത്തരവാദിത്തം പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ സുപ്രീം കോടതി വഹിക്കുന്ന സുപ്രധാന പങ്കിനെ അതിന്റെ 75-ാം വാര്‍ഷികത്തില്‍ അഭിനന്ദിച്ചുകൊണ്ടാണ് അദ്ദേഹം ഉപസംഹരിച്ചത്.