ഡിജിറ്റല്‍ പണമിടപാട് ഡിസംബറില്‍ ഫോണ്‍പേ മുന്നില്‍
ഡിസംബര്‍ മാസത്തിലെ ഇടപാടുകളുടെ എണ്ണവും ആകെ ഇടപാടുകളുടെ മൂല്യവും കണക്കാക്കി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഇക്കാര്യം പുറത്തുവിട്ടത്
ന്യൂഡെല്‍ഹി: 2020 ഡിസംബര്‍ മാസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ യുപിഐ ആപ്പായി ഫോണ്‍പേ മാറി. ഗൂഗിള്‍പേ ആപ്പിനെയാണ് ഫോണ്‍പേ മറികടന്നത്. ഡിസംബര്‍ മാസത്തിലെ ഇടപാടുകളുടെ എണ്ണവും ആകെ ഇടപാടുകളുടെ മൂല്യവും കണക്കാക്കി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഇക്കാര്യം പുറത്തുവിട്ടത്.
ഡിസംബറില്‍ 902.03 മില്യണ്‍ ഇടപാടുകളാണ് ഫോണ്‍പേയിലൂടെ നടന്നത്. ഇത്രയും ഇടപാടുകളുടെ ആകെ മൂല്യം 182,126.88 കോടി രൂപയാണ്. ഇതേമാസം 854.49 മില്യണ്‍ ഇടപാടുകള്‍ക്കാണ് ഗൂഗിള്‍പേ ഉപയോഗിച്ചത്. ഇടപാടുകളുടെ ആകെ മൂല്യം 176,199.33 കോടി രൂപ. പേടിഎം ആപ്പാണ് മൂന്നാം സ്ഥാനത്ത്.
2020 നവംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫോണ്‍പേയുടെ ഇടപാടുകള്‍ 3.87 ശതമാനവും മൂല്യം 3.8 ശതമാനവും വര്‍ധിച്ചു. ഗൂഗിള്‍പേയുടെ ഇടപാടുകളുടെ എണ്ണത്തില്‍ 11 ശതമാനം ഇടിവ് സംഭവിച്ചു.