വിലക്ക് അവസാനിച്ചതോടെ സൗദി വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ തിരക്ക്
1 min readഅന്താരാഷ്ട്ര വിമാന സര്‍വ്വീസ് പുനഃരാരംഭിച്ച തിങ്കളാഴ്ച ഏതാണ്ട് 385 വിമാനങ്ങളാണ് രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളില്‍ നിന്നായി പറന്നുയര്‍ന്നത്
ജിദ്ദ: അന്താരാഷ്ട്ര വിമാന സര്‍വ്വീസ് പുനഃരാരംഭിച്ചതോടെ സൗദി വിമാനത്താവളങ്ങളില്‍ വീണ്ടും യാത്രക്കാരുടെ തിരക്ക്. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഏതാണ്ട് ഒരു വര്‍ഷത്തിലധികം നീണ്ടുനിന്ന യാത്രാവിലക്കിനാണ് തിങ്കളാഴ്ച വിരാമമായത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തന്നെ വ്യോമ, കര, സമുദ്ര മാര്‍ഗങ്ങളിലൂടെയുള്ള അന്താരാഷ്ട്ര യാത്ര സര്‍വ്വീസുകള്‍ സൗദി പുനഃരാരംഭിച്ചിരുന്നു. അതേസമയം വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ആറുമാസത്തിനിടെ കോവിഡ്-19 രോഗമുക്തരായവര്‍ക്കും മാത്രമായി വിദേശ യാത്ര പരിമിതപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ മുതല്‍ തന്നെ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് ആരംഭിച്ചു. ഇവര്‍ക്കായി സുരക്ഷിത യാത്രയ്ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും അധികൃതര്‍ ഒരുക്കിയിരുന്നു. യാത്രാടിക്കറ്റുകള്‍ കൈവശമുള്ളവരെയും ശാരീരിക ബുദ്ധിമുട്ടുകളുള്ള യാത്രക്കാരെ സഹായിക്കുന്നതിനുള്ള സഹായികളെയും മാത്രമാണ് ടെര്‍മിനുകളുടെ ഉള്ളിലേക്ക് കടക്കാന്‍ അനുവദിച്ചത്. പുതിയയ യാത്രാ നിയമങ്ങള്‍ അനുസരിച്ച് 18 വയസില്‍ താഴെ പ്രായമുള്ള സൗദിക്കാര്‍ സൗദി കേന്ദ്രബാങ്കിന്റെ അംഗീകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍ പോളിസി ഉണ്ടെന്ന് തെളിയിക്കുന്ന രേഖ യാത്രക്കായി ഹാജരാക്കണം.
യാത്രികര്‍ കോവിഡ്-19 ട്രാക്കിംഗ് ആപ്പായ തവക്കല്‍ന ഉപയോഗിക്കുന്നതടക്കം എല്ലാ യാത്രക്കാര്‍ക്കുമായി രാജ്യത്തെ ജനറല്‍ അതോറിട്ടി ഫോര്‍ സിവില്‍ ഏവിയേഷന്‍ പുതുക്കിയ യാത്രാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. യാത്രാ ഉദ്ദേശ്യം എന്തായിരുന്നാലും യാത്രക്കാര്‍ ഈ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് അധികാരികള്‍ അറിയിച്ചു. ഏതാണ്ട് 385 അന്തര്‍ദേശീയ വിമാനങ്ങളാണ് രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളില്‍ നിന്നായി തിങ്കളാഴ്ച പറന്നുയര്‍ന്നത്. രാജ്യത്തെ ദേശീയ വിമാനക്കമ്പനിയായ സൗദിയ 30 രാജ്യങ്ങളിലെ 43 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സര്‍വ്വീസ് ആരംഭിച്ചത്. എല്ലാ ആഴ്ചയിലും ജിദ്ദയില്‍ നിന്ന് 178ഉം റിയാദില്‍ നിന്ന് 153ഉം സര്‍വ്വീസുകള്‍ നടത്തുമെന്ന് സൗദിയ അറിയിച്ചു. പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം 100,000 വിമാന സര്‍വ്വീസുകളാണ് സൗദിയ നടത്തിയത്.
അന്താരാഷ്ട്ര സര്‍വ്വീസ് പുനഃരാരംഭിച്ചതിന് ശേഷം സൗദിയില്‍ നിന്നുമുള്ള ആദ്യ സര്‍വ്വീസ് ഇന്ത്യയിലെ ഹൈദരാബാദിലേക്കായിരുന്നു. അതേസമയം വിദേശ യാത്ര സര്‍വ്വീസ് പുനഃരാരംഭിച്ചെങ്കിലും 13 രാജ്യങ്ങളിലേക്കുള്ള നേരിട്ടോ അല്ലാതെയോ ഉള്ള യാത്രയ്ക്ക് വിലക്ക് തുടരുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുന്‍കൂട്ടിയുള്ള അനുമതി ഇല്ലാതെ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല. ലിബിയ, യെമന്‍, അര്‍മേനിയ, അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാന്‍, സൊമാലിയ, ബെലറസ്, ഇന്ത്യ, ലെബനന്‍, തുര്‍ക്കി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ, വെനസ്വെല എന്നിവയാണ് ആ രാജ്യങ്ങള്‍. മാത്രമല്ല, ബഹ്‌റൈനിലേക്കുള്ള യാത്രികര്‍ രണ്‍് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്നും പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് ബഹ്‌റൈനിലേക്ക് പോകാന്‍ അനുമതിയില്ലെന്നും അധികൃതര്‍ അറിയിച്ചു.
വിദേശ രാജ്യത്ത് നിന്നും തിരിച്ചെത്തുന്നവര്‍ക്ക് സൗദി ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേസമയം നയതന്ത്ര ദൗത്യങ്ങളില്‍ ഉള്ളവരടക്കം വാക്‌സിന്‍ എടുത്ത വിദേശ സന്ദര്‍ശകര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമല്ല. വാക്്‌സിന്‍ എടുക്കാത്തവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സൗദി പൗരന്മാര്‍ ഒഴികെ, പ്രവാസികളും മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരും അടക്കം സൗദിയില്‍ വന്നെത്തുന്ന ആളുകള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.