കോവിഡ് പാസ്‌പോര്‍ട്ടുകള്‍ ഒഴിവാക്കാനാകില്ല: ദുബായ് എയര്‍പോര്‍ട്‌സ് മേധാവി
‘ബഹുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വ്വീസ് ആരംഭിക്കാന്‍ കോവിഡ് പാസ്‌പോര്‍ട്ടുകള്‍ മാത്രമാണ് പോംവഴി’
ദുബായ്: ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുന്നതിനുള്ള ഏകമാര്‍ഗം കോവിഡ് പാസ്‌പോര്‍ട്ടുകള്‍ മാത്രമാണെന്ന് ദുബായ് എയര്‍പോര്‍ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ്. കോവിഡ് പാസ്‌പോര്‍ട്ട് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണെന്നും അതിന് ബദലായി മറ്റൊന്നും ഉള്ളതായി കരുതുന്നില്ലെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു.
കോവിഡ് പാസ്‌പോര്‍ട്ടോ അതുയര്‍ത്തുന്ന വിവേചനമോ താന്‍ പ്രശ്‌നമായി കരുതുന്നില്ലെന്നും അതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടതും കൃത്യമായ, ആഗോളതലത്തിലുള്ള, സമത്വത്തോടെയുള്ള വാക്‌സിനേഷന്‍ പരിപാടി നടപ്പിലാക്കേണ്ടതുമാണ് പ്രശ്‌നമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2021 ആദ്യപാദത്തില്‍ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ളതിനേക്കാള്‍ 89 ശതമാനം രാജ്യങ്ങളിലെ 63 ശതമാനം ലക്ഷ്യസ്ഥാനങ്ങളിലേക്ക് 74 ശതമാനം വിമാന സര്‍വ്വീസുകള്‍ മാത്രമാണ് ദുബായ് വിമാനത്താവളങ്ങളില്‍ നിന്ന് നടന്നത്. ആദ്യപാദത്തില്‍ 5.75 മില്യണ്‍ യാത്രികരാണ് ദുബായ് വിമാനത്താവളത്തില്‍ എത്തിയത്.
സാമൂഹികമായും സാമ്പത്തികമായും വ്യോമ ഗതാഗതമില്ലാതെ ദീര്‍ഘകാലം ലോകത്തിന് നിലനില്‍ക്കാന്‍ സാധിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നും പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ രാജ്യങ്ങളെല്ലാം യാഥാസ്ഥിതികരാകുന്നത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. തന്റെ രാജ്യത്ത് പകര്‍ച്ചവ്യാധി കൂടരുതെന്നാണ് ഏതൊരു രാഷ്ട്രീയക്കാരനും ആഗ്രഹിക്കുക. ലഭ്യമായ സൗകര്യങ്ങളുടെ കേവലം 20 ശതമാനം മാത്രം ഉപയോഗിച്ച് കൊണ്ട് ചിലവുകള്‍ നടത്താന്‍ സാധിക്കുന്ന സ്ഥിതിയില്‍ തങ്ങള്‍ എത്തിയതായും ദുബായ് എയര്‍പോര്‍ട്‌സ് മേധാവി അവകാശപ്പെട്ടു.
പകര്‍ച്ചവ്യാധിയുടെ ഒരു ഘട്ടത്തില്‍ ജീവനക്കാരുടെ എണ്ണം 8,500ല്‍ നിന്നും 2,500 ആക്കി ചുരുക്കേണ്ടി വന്നെന്നും എന്നാലിപ്പോള്‍ സ്ഥിതിഗതികള്‍ ഭേദപ്പെട്ട് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി