ഒയോ-യുടെ മൂല്യ നിര്‍ണയം 9 ബില്യണ്‍ ഡോളറിലെത്തി
ന്യൂഡെല്‍ഹി: ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖരായ ഒയോ ഹോട്ടല്‍സ് & ഹോംസിന്‍റെ മൂല്യം 9 ബില്യണ്‍ ഡോളറിലെത്തിയെന്ന് വ്യവസായ വൃത്തങ്ങളുടെ നിരീക്ഷണം. ഹിന്ദുസ്ഥാന്‍ മീഡിയ വെന്‍ചേഴ്സ് ലിമിറ്റഡില്‍ നിന്ന് 54 കോടി രൂപയുട സമാഹരണം പൂര്‍ത്തിയാക്കിയതോടെയാണ് ഇത്. സീരീസ് എഫ് 1 റൗണ്ടിന്‍റെ ഭാഗമായി 58,490 ഡോളറിന്‍റെ ഓഹരി വിലയില്‍ 7.31 മില്യണ്‍ ഡോളര്‍ (54 കോടി രൂപ) സമാഹരിച്ചതായി കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് നല്‍കിയ റെഗുലേറ്ററി ഫയലിംഗില്‍ ഒയോ വ്യക്തമാക്കിയിട്ടുണ്ട്.
50 ലധികം ഉല്‍പ്പന്നങ്ങളും 500 ലധികം മൈക്രോസര്‍വീസുകളും ഉള്ള കമ്പനി, പങ്കാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും മെച്ചപ്പെട്ട അനുഭവവും നല്‍കുന്നതിന് സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ പുതിയ ഫണ്ട് പ്രയോജനപ്പെടുത്തും. 2019 നവംബറിലെ 10 ബില്യണ്‍ ഡോളറില്‍ നിന്ന് കഴിഞ്ഞ വര്‍ഷം എട്ട് ബില്യണ്‍ ഡോളറായി കമ്പനിയുടെ മൂല്യ നിര്‍ണയം താഴ്ന്നിരുന്നു. അതില്‍ നിന്നുള്ള തിരിച്ചുവരവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ട്, സെക്വോയ ക്യാപിറ്റല്‍, ലൈറ്റ്സ്പീഡ് വെന്‍ചേഴ്സ്, എയര്‍ബണ്‍ബി, ഹീറോ എന്‍റര്‍പ്രൈസ് എന്നിവയുള്‍പ്പെടെയുള്ള നിക്ഷേപകരുടെ പിന്തുണയും ഒയോ ഹോട്ടല്‍സ് & ഹോംസിന് ഉണ്ട്. 2019 ഒക്ടോബറില്‍ ഒയോ 1.5 ബില്യണ്‍ ഡോളര്‍ സമാഹരിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഈ റൗണ്ടിന്‍റെ ഭാഗമായി, ആര്‍എ ഹോസ്പിറ്റാലിറ്റി ഹോള്‍ഡിംഗ്സ് കമ്പനിയുടെ പ്രാഥമിക മൂലധനമായി ഏകദേശം 700 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു, ബാക്കി 800 മില്യണ്‍ ഡോളര്‍ നിലവിലുണ്ടായിരുന്ന മറ്റ് നിക്ഷേപകരില്‍ നിന്നാണ് വന്നത്.