കോവിഡ് 19 : സംസ്ഥാനത്ത് 1 ഡോസ് വാക്സിന്‍ ലഭിച്ചവരുടെ എണ്ണം 1 കോടിക്ക് മുകളില്‍
1 min readഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,27,59,404 ഡോസ് വാക്സിനാണ് നല്‍കിയത്
തിരുവനന്തപുരം: കോവിഡ് 19-നെതിരായ പ്രതിരോധത്തില്‍ കേരളം മറ്റൊരു നാഴികക്കല്ല് പിന്നിട്ടതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഒരു കോടിയിലധികം പേര്‍ക്ക് (1,00,69,673) ഇതുവരെ ആദ്യ ഡോസ് വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പുലര്‍ത്തുന്ന ജാഗ്രതയെ ഒരിക്കല്‍ കൂടി അഭിനന്ദിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
തുള്ളി പോലും പാഴാക്കാതെ വാക്സിന്‍ വിതരണം സുഗമമായി നടത്തുന്ന വാക്സിന്‍ ടീം മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. സംസ്ഥാനത്തിന് ഇതുവരെ 1,24,01,800 ഡോസ് വാക്സിനാണ് ലഭ്യമായത്. എന്നാല്‍, ഇതിനൊപ്പം ലഭ്യമായ അധിക ഡോസ് വാക്സിന്‍ പോലും ഉപയോഗപ്പെടുത്തി അതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് വാക്സിനെടുക്കാന്‍ നമുക്ക് കഴിഞ്ഞത് നമ്മുടെ നഴ്സുമാരുടെ അനുഭവ സമ്പത്ത് മൂലമാണെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു.
മറ്റ് ചില സംസ്ഥാനങ്ങള്‍ കിട്ടിയ വാക്സിന്‍ പോലും പാഴാക്കിയപ്പോഴാണ് നമ്മുടെ പ്രവര്‍ത്തനം ദേശീയ ശ്രദ്ധ നേടിയത്. 26,89,731 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,27,59,404 ഡോസ് വാക്സിനാണ് നല്‍കിയത്. 12,33,315 പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി എറണാകുളം ജില്ല ഒന്നാമതും 11,95,303 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കി തിരുവനന്തപുരം ജില്ല രണ്ടാമതുമാണ്.
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ പത്ത് ലക്ഷത്തിലധികം ഡോസ് വാക്സിന്‍ വീതം നല്‍കിയിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരേക്കേള്‍ കൂടുതല്‍ വാക്സിന്‍ സ്വീകരിച്ചത്. 51,99,069 സ്ത്രീകളും 48,68,860 പുരുഷന്‍മാരും വാക്സിന്‍ സ്വീകരിച്ചു. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ഇനിയും കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് നിലവില്‍ മുന്‍ഗണനാ പരിഗണനകളില്ലാതെ 40 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നുണ്ട്. 18 വയസു മുതല്‍ 40 വയസു വരെയുള്ളവരുടെ വാക്സിനേഷനും വരും ദിവസങ്ങളില്‍ ഊര്‍ജ്ജിതമാക്കുന്നതിനാണ് ശ്രമിക്കുന്നത്.
രാജ്യത്ത് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വേഗം പ്രാപിച്ചിരുന്നു. ഒരു ദിവസം 1 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കുന്ന തരത്തില്‍ വാക്സിനേഷന്‍ പ്രവര്‍ത്തനത്തിന്‍റെ വേഗം വര്‍ധിപ്പിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പോരെന്നും ഇത് സാമ്പത്തിക തിരിച്ചുവരവിനെയും ബാധിക്കുമെന്നും നേരത്തേ ആഗോള ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.