December 9, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എണ്ണയുല്‍പ്പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സമവായത്തിലെത്താനാകാതെ ഒപെക് പ്ലസ്

 ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള സൗദി അറേബ്യയുടെയും റഷ്യയുടെയും നിര്‍ദ്ദേശത്തെ യുഎഇ എതിര്‍ത്തതായാണ് സൂചന

ലണ്ടന്‍: ഡിമാന്‍ഡ് വര്‍ധനയും വിലക്കയറ്റവും കണക്കിലെടുത്ത് ഓഗസ്റ്റില്‍ എണ്ണയുല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ സമവായത്തിലെത്താന്‍ ലോകത്തിലെ പ്രധാന എണ്ണയുല്‍പ്പാദക രാഷ്ട്രങ്ങളുടെ യോഗത്തിന് സാധിച്ചില്ല. എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെകിലെ പതിമൂന്ന് അംഗങ്ങളും പത്ത് സഖ്യരാഷ്ട്രങ്ങളും ഉള്‍പ്പെട്ട ഒപെക് പ്ലസ് എണ്ണയുല്‍പ്പാദനത്തില്‍ ക്രമേണയുള്ള വര്‍ധനവ് നടപ്പിലാക്കാന്‍ തീരുമാനമെടുക്കുമെന്നായിരുന്നു പ്രതിക്ഷിക്കപ്പെട്ടിരുന്നത്.

പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം എണ്ണയ്ക്ക് കുത്തനെ വില ഇടിഞ്ഞ സാഹചര്യത്തിലാണ് ഒപെക് പ്ലസ് സംഘടന എണ്ണയുല്‍പ്പാദനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വില തിരിച്ചുകയറി തുടങ്ങിയതോടെ മെയ് മുതല്‍ ഉല്‍പ്പാദനം ക്രമേണയായി വര്‍ധിപ്പിച്ചിരുന്നു. സൗദി അറേബ്യുടെ നേതൃത്വത്തിലുള്ള ഒപെക് അംഗങ്ങള്‍ ടെലികോണ്‍ഫറന്‍സിലൂടെ വ്യാഴാഴ്ച വിഷയം ചര്‍ച്ച ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ നടന്ന റഷ്യയുടെ നേതൃത്വത്തിലുള്ള പത്ത് സഖ്യ കക്ഷികളും ഉള്‍പ്പെട്ട യോഗത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സമവായത്തിലെത്താന്‍ ഒപെകിന് കഴിഞ്ഞില്ല. വരുംദിവസങ്ങളില്‍ ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഒപെക് പ്രസ്താവനയിലൂടെ അറിയിച്ചു.

വര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ എണ്ണ വിതരണത്തിലുള്ള വര്‍ധന സംബന്ധിച്ച ഉല്‍പ്പാദകര്‍ക്കിടയിലുള്ള ആശങ്കയാണ് തീരുമാനം നീണ്ടുപോകാനുള്ള കാരണമെന്ന് വുഡ് മക്കന്‍സിയിലെ അനലിസ്റ്റായ ആന്‍ ലൂയിസ് പറഞ്ഞു. വര്‍ഷത്തിന്റെ രണ്ടാംപകുതിയിലും എണ്ണയുടെ ഡിമാന്‍ഡ് ശക്തമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ജാഗ്രത കുറയ്ക്കാന്‍ സമയമായിട്ടില്ലെന്ന് നിലവിലെ ഒപെക് പ്ലസ് പ്രസിഡന്റും അങ്കോളയിലെ ഇന്ധന മന്ത്രിയുമായ ഡിയാമാന്തിനോ അസ്വെഡോ പറഞ്ഞു. കൊറോണ വൈറസ് ഇപ്പോഴും സംഹാരതാണ്ഡവം തുടരുകയാണെന്നും ആയിരക്കണക്കിന് ആളുകള്‍ക്കാര്‍ക്കാണ് ദിവസവും ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഡെല്‍റ്റ വകഭേദം മൂലം നിരവധി രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നത് അനിശ്ചിതത്വം ഇപ്പോഴും തുടരുന്നുവെന്ന വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു.

2016 മുതലാണ് എണ്ണവിലയിലെ സ്ഥിരത ഉറപ്പാക്കുന്നതിനായി സംഘടന ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധി മൂലം ലോകം നിശ്ചലമായതോടെ ആഗോളതലത്തില്‍ എണ്ണയ്ക്ക് കുത്തനെ ഡിമാന്‍ഡ് ഇടിയുകയും വിലത്തകര്‍ച്ച സംഭവിക്കുകയും ചെയ്തു. ഓഗസ്റ്റ് മുതല്‍ വര്‍ഷാവസാനം വരെ ഓരോ മാസത്തിലും എണ്ണയുല്‍പ്പാദനത്തില്‍ പ്രതിദിനം 400,000 ബാരലിന്റെ വര്‍ധന കൊണ്ടുവരാനാണ് ഇത്തവണ എണ്ണയുല്‍പ്പാദന രാജ്യങ്ങള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ യുഎഇ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തതായാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

2020 ഏപ്രിലിന് ശേഷം ദശലക്ഷക്കണക്കിന് ബാരല്‍ ക്രൂഡ് ഓയില്‍ മനപ്പൂര്‍വ്വം ഉപയോഗിക്കാതെ കിടക്കുന്നുണ്ടെന്നും ഭാവി ലക്ഷ്യമിട്ടുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും പിവിഎം ഓയില്‍ ബ്രോക്കറേജിലെ അനലിസ്റ്റായ സ്റ്റീഫന്‍ ബ്രെന്നോക് പറയുന്നു. പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ എണ്ണവില കുത്തനെ ഇടിഞ്ഞെങ്കിലും പിന്നീട് ബാരലിന് 75 ഡോളര്‍ വരെ വിലയെത്തുന്ന തരത്തില്‍ എണ്ണവിപണി വളര്‍ച്ച വീണ്ടെടുത്തു. ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്താവായ ഇന്ത്യ ഉല്‍പ്പാദന നിയന്ത്രണം അവസാനിപ്പിച്ച് എണ്ണവില കുറയാന്‍ അനുവദിക്കണമെന്ന് ഒപെക് പ്ലസ് സംഘടനയോട്  ആവശ്യപ്പെട്ടിരുന്നു.

അതേസമയം സൗദി അറേബ്യ നിര്‍ദ്ദേശിക്കുന്നത് പോലെ ഉല്‍പ്പാദനത്തില്‍ ക്രമേണയുള്ള വര്‍ധനവ് മതിയോ അല്ലെങ്കില്‍ റഷ്യ ആവശ്യപ്പെടുന്നത് പോലെ ഒറ്റയടിക്ക് ഉല്‍പ്പാദനം വര്‍ധിപ്പിക്കണമോ എന്ന കാര്യങ്ങളില്‍ സംഘടന ഇത്തവണ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ത്തന്നെ എണ്ണവിലക്കയറ്റം ഒപെക് പ്ലസ് അംഗങ്ങള്‍ക്ക് നേട്ടമായിട്ടുണ്ട്. എന്നാല്‍ വില ഇനിയും കുത്തനെ ഉയര്‍ന്നാല്‍, ഒപെക് പ്ലസിന്റെ ഉല്‍പ്പാദന നിയന്ത്രണം ബാധകമല്ലാത്ത സ്രോതസ്സുകള്‍ തേടി ഉപഭോക്താക്കള്‍ പോകാനിടയുണ്ട്.

ഉല്‍പ്പാദനം കുത്തനെ ഉയര്‍ത്താന്‍ റഷ്യ ആഗ്രഹിക്കുന്നുണ്ടെങ്കിലും, കൊറോണ വൈറസ് വകഭേദമായ ഡെല്‍റ്റ റഷ്യ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും എണ്ണയുടെ ഡിമാന്‍ഡ് കുറയാന്‍ കാരണമായേക്കും. തുടര്‍ച്ചയായ മൂന്നാംദിവസവും റഷ്യയില്‍ കോവിഡ് മരണങ്ങള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ എണ്ണയുടെ ഡിമാന്‍ഡ് തകര്‍ച്ച തള്ളിക്കളയാനാകില്ല. ഡിസംബര്‍ മുതല്‍ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് നയങ്ങള്‍ പരിഷ്‌കരിക്കുന്നതിനായി ഒപെക് പ്ലസ് ഓരോ മാസവും യോഗം ചേരുന്നുണ്ട്.

Maintained By : Studio3