എസ്ബിഐ പേയ്മെന്‍റ്സ് എന്‍പിസിഐയുമായി സഹകരിക്കുന്നു
1 min readകൊച്ചി: എസ്ബിഐ പേയ്മെന്‍റ്സുമായി സഹകരിച്ച് നാഷണല്‍ പേയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ വ്യാപാരികള്‍ക്കായി ‘റൂപെ സോഫ്റ്റ് പിഒഎസ്’ അവതരിപ്പിക്കുന്നു. നൂതനമായ ഈ സംവിധാനത്തിലൂടെ റീട്ടെയില്‍ വ്യാപാരികള്‍ക്ക് എന്‍എഫ്സി സാധ്യമായ അവരുടെ സ്മാര്‍ട്ട്ഫോണുകളെ പോയിന്‍റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകളാക്കി മാറ്റാനാകും. വ്യാപാരികള്‍ക്ക് ഇത്തരത്തില്‍ 5000 രൂപവരെയുള്ള ഇടപാടുകള്‍ സ്മാര്‍ട്ട്ഫോണുകളിലൂടെ നടത്താനാകും.
വ്യാപാരികള്‍ക്ക് വളരെ ചെലവു കുറഞ്ഞ സൗകര്യങ്ങളിലൂടെ റൂപെ സോഫ്റ്റ് പിഒഎസ് സംവിധാനം ഏര്‍പ്പെടുത്താം. എംഎസ്എംഇകള്‍ക്കിടയില്‍ ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനം സ്വീകരിക്കുന്നതിന് ഇത് വഴിയൊരുക്കും. ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകൊണ്ട് വ്യാപാരികള്‍ക്ക് അവരുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍ പേയ്മെന്‍റ് ടെര്‍മിനലാക്കി മാറ്റാം. നേരിട്ടുള്ള പണമിടപാടില്‍ നിന്നും സുരക്ഷിതവും സ്പര്‍ശന രഹിതമായ ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക് മാറാന്‍ ഇത് പ്രോല്‍സാഹനമാകും.
കേന്ദ്ര സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ ഇന്ത്യ ദൗത്യത്തെ പിന്തുണയ്ക്കാനായാണ് എസ്ബിഐ പേയ്മെന്‍റ് എന്‍പിസിഐയുമായി സഹകരിക്കുന്നതെന്നും ഡിജിറ്റല്‍ ഇടപാടുകള്‍ ഗ്രാമീണ മേഖലകളിലേക്കും അര്‍ധ നഗരങ്ങളിലേക്കും ഇതുവഴി വ്യാപിക്കുമെന്നും എസ്ബിഐ പേയ്മെന്‍റ്സ് എംഡിയും സിഇഒയുമായ ഗിരി കുമാര്‍ നായര്‍ പറഞ്ഞു. ഉപഭോക്താക്കളുടെ അനുഭവം വര്‍ധിപ്പിക്കുന്നതിനായി എന്‍സിഎംസി കാര്‍ഡുകള്‍ കൂടി ടെര്‍മിനലുകളുമായി സംയോജിപ്പിക്കുന്നുണ്ട്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യാപാരികള്‍ക്ക് പ്രത്യേക പരിഗണന ഈ ഉദ്യമത്തില്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.